കുഞ്ചാക്കോ ബോബനെ കേന്ദ്രകഥാപാത്രമാക്കി മഹേഷ് നാരായണന് സംവിധാനം ചെയ്ത ‘അറിയിപ്പ്’ 75-ാമത് ലൊക്കാര്‍ണോ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കും. മത്സരവിഭാഗത്തിലേയ്ക്കാണ് അറിയിപ്പ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. മികച്ച സിനിമ, സംവിധായകന്, നടന്, നടി, സ്പെഷ്യല്‍ ജ്യൂറി പ്രൈസ് എന്നീ വിഭാഗങ്ങളിലാണ് അറിയിപ്പ് മത്സരിക്കുന്നത്.
അടൂര്‍ ഗോപാലകൃഷ്ണന്റെ നിഴല്‍കുത്ത് ലൊക്കാര്‍ണോ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായിട്ടാണ് ഒരു മലയാള ചലച്ചിത്രം മത്സരവിഭാഗത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ഇതിന് മുമ്പ് ഋതുപര്‍ണഘോഷ് സംവിധാനം ചെയ്ത അന്തര്മഹലാണ് ഈ മേളയിലെ മത്സരവിഭാഗത്തില്‍ പങ്കെടുത്ത ഏക ഇന്ത്യന്‍ ചിത്രം.
ആഗസ്റ്റ് 3 നാണ് ലൊക്കാര്‍ണോ ചലച്ചിത്രമേള ആരംഭിക്കുന്നത്. 4 നാണ് അറിയിപ്പിന്റെ പ്രദര്‍ശനം. അറിയിപ്പിന്റെ ആദ്യ പ്രദര്‍ശനമാണിത്. മേളയില്‍ പങ്കുകൊള്ളാന്‍ സംവിധായകന് മഹേഷ് നാരായണന്, നിര്‍മ്മാതാവ് ഷെബിന്‍ ബക്കര്‍, താരങ്ങളായ കുഞ്ചാക്കോ ബോബന്, ദിവ്യപ്രഭ എന്നിവരും സ്വിറ്റ്സര്‍ലണ്ടിലേയ്ക്ക് പോകുന്നുണ്ട്.
മലയാളത്തിലെ ആദ്യകാല നിര്‍മ്മാണ കമ്പനികളിലൊന്നായ ഉദയ പിക്ച്ചേഴ്സ് ആരംഭിച്ചിട്ട് 75 വര്‍ഷം തികയുന്ന സന്ദര്‍ഭത്തിലാണ് 75-ാമത് ലൊക്കാര്‍ണോ ഫിലിം ഫെസ്റ്റിവലില്‍ ‘അറിയിപ്പ്’ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നതും.
‘ഇത് എന്നെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായ നേട്ടം മാത്രമല്ല, മുത്തച്ഛനും അച്ഛനുമൂള്ള ആദരം കൂടിയാണ്.’ അറിയിപ്പിന് ലഭിച്ച സ്വപ്നതുല്യമായ നേട്ടത്തെ പരമാര്‍ശിച്ച് കുഞ്ചാക്കോ ബോബന് പറഞ്ഞു. ചിത്രത്തിന്റെ നിര്‍മ്മാണ പങ്കാളി കൂടിയാണ് കുഞ്ചാക്കോ ബോബന്.
അറിയിപ്പിന്റെ തിരക്കഥാകൃത്തും മഹേഷ് നാരായണനാണ്. കുഞ്ചാക്കോബോബനെയും ദിവ്യപ്രഭയെയും കൂടാതെ ലോവ്ലീന് മിശ്ര, ഡാനിഷ് ഹുസൈന്, ഫൈസല്‍ മാലിക്, കണ്ണന് അരുണാചലം എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
തൊഴില്‍തേടി നോയ്ഡയിലെത്തിയ മലയാളി ദമ്പതികള്‍, അവിടെ പകര്‍ച്ചവ്യാധി പൊട്ടിപുറപ്പെട്ട സമയത്ത് കൂടുതല്‍ മികച്ച ജീവിതസാഹചര്യങ്ങള്‍ തേടി മറ്റൊരു രാജ്യത്തേയ്ക്ക് കുടിയേറ്റത്തിന് ശ്രമിക്കുന്നു. ഈ സമയം കൃത്രിമമായി നിര്‍മ്മിക്കപ്പെട്ട ഒരു വീഡിയോ അവര്‍ ജോലി ചെയ്തിരുന്ന ഫാക്ടറിയിലടക്കം പ്രചരിക്കുകയാണ്. അത് പിന്നീട് ഉണ്ടാക്കുന്ന സംഭവവികാസങ്ങളാണ് സിനിമയുടെ കാതല്‍.
Recent Comments