മോഹന്‍ലാലിനെ പ്രധാന കഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോഡാഡിയുടെ പൂജ ജൂലൈ 15ന് നടക്കും. കേരളത്തില്‍ ഷൂട്ടിംഗ് പെര്മിഷന് ഇനിയും അനുവദിക്കാത്ത സാഹചര്യത്തിലാണ് ലൊക്കേഷന്‍ ഹൈദരാബാദിലേയ്ക്ക് ഷിഫ്റ്റ് ചെയ്തത്. ചെന്നൈയിലും ലൊക്കേഷന്‍ നോക്കിയിരുന്നു. പക്ഷേ തൃപ്തിയാകാതെവന്ന സാഹചര്യത്തിലാണ് ഹൈദരാബാദിലേയ്ക്ക് പോയത്. അസോസിയേറ്റും പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവുമടക്കം കുറച്ചാളുകളാണ് ലൊക്കേഷന്‍ ഹണ്ടിനായി ഹൈദരാബാദിലുള്ളത്. അവര്‍ ലൊക്കേഷന്‍ കണ്ടുകഴിഞ്ഞതിനുപിന്നാലെ പൃഥ്വിയെ വിവരം അറിയിക്കുകയായിരുന്നു. അത് നേരിട്ട് കണ്ട് ബോധ്യപ്പെടുന്നതിനായി പൃഥ്വിയും ഇന്നലെ ഹൈദരാബാദിലെത്തിയിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ ഷൂട്ടിംഗിന്റെ കാര്യത്തില്‍ തീര്‍ച്ച കൈവരും.
അതിനുമുമ്പ് കേരളത്തില്‍ ഷൂട്ടിംഗ് തുടങ്ങാനുള്ള അനുവാദം കിട്ടിയാല്‍ എറണാകുളത്തേയ്ക്ക് തിരിച്ചുവരാനും അവര്‍ ആഗ്രഹിക്കുന്നുണ്ട്. എറണാകുളമാണ് ബ്രോഡാഡിയുടെ പ്രധാന ലൊക്കേഷനായി കണ്ടുവച്ചിരുന്നത്. ഇവിടെയാകുമ്പോള്‍ പ്രത്യേകം സെറ്റ് വര്‍ക്കുകളുടെ ആവശ്യമൊന്നുമുണ്ടായിരുന്നില്ല. ഹൈദരാബാദിലാണെങ്കില്‍ ഇതൊക്കെ ആദ്യംമുതല്‍ തുടങ്ങണം. ആ ജോലികള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും ഗവണ്മെന്റ് പെര്മിഷന് കിട്ടിയാല്‍ കേരളത്തില്‍തന്നെ ഷൂട്ടിംഗ് തുടങ്ങാനും പൃഥ്വിയടക്കമുള്ളവര് സമാന്തരമായി തയ്യാറെടുപ്പുകള്‍ നടത്തുന്നുണ്ട്.
ഇതിന് മുന്നോടിയായിട്ടാണ് ജൂലൈ 15 ന് തന്നെ പൂജ വച്ചിരിക്കുന്നത്. അതു കഴിഞ്ഞാല്‍ കര്ക്കിടകമാസാരംഭമാകും. ശുഭകാര്യങ്ങള്‍ കര്‍ക്കിടകമാസത്തില്‍ തുടങ്ങുന്ന പതിവില്ല. 40 ദിവസത്തെ ഷൂട്ടിംഗാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. 25 ദിവസത്തെ വര്‍ക്കുകള്‍ മോഹന്ലാലിനുണ്ടാവും.
മോഹന്‍ലാല്‍ ഷൂട്ടിംഗ് തുടങ്ങി ഒരാഴ്ച കഴിഞ്ഞ് ജോയിന്‍ ചെയ്യും. അതിനുമുമ്പ് പൃഥ്വിയുടെ സോളോ പോര്‍ഷനുകളുടെ ചിത്രീകരണമാവും നടക്കുക.
മോഹന്‍ലാലിനെയും പൃഥ്വിരാജിനെയും കൂടാതെ കല്യാണി പ്രിയദര്ശന്, മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിന് ഷാഹിര്‍ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാകുന്നു.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഈ ബിഗ് ബജറ്റ് ചിത്രവും നിര്‍മ്മിക്കുന്നത്.
ബ്രോഡാഡിയുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി മോഹന്‍ലാല്‍ 12th Man ല്‍ ജോയിന്‍ ചെയ്യും. ജീത്തുജോസഫാണ് സംവിധായകന്. കുളമാവാണ് ലൊക്കേഷന്‍. സെറ്റ് വര്‍ക്കുകള്‍ പൂര്‍ത്തിയായിട്ടുണ്ട്. താരനിര്‍ണ്ണയം നടന്നുവരികയാണ്.
Recent Comments