നവാഗതനായ ശ്രീരാജ് എം. രാജേന്ദ്രന് സംവിധാനം ചെയ്യുന്ന ചാന്‍സിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി. റെയില്‍വേ ഗേറ്റിനു മുന്നില്‍ കാത്തുകിടക്കുന്ന കാറും പാളത്തിലൂടെ കടന്നുപോകുന്ന ട്രെയിനുമാണ് പോസ്റ്ററിലുള്ളത്. ചിത്രത്തിലെ ഏറ്റവും നിര്‍ണ്ണായക രംഗങ്ങളുടെ സംഗമഭൂമി എന്നാണ് ഈ പോസ്റ്ററിന്റെ പശ്ചാത്തലത്തെ സംവിധായകന് വിശേഷിപ്പിച്ചത്.
താരനിരയെ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ഡിസംബര്‍ 10 ന് മോഷന്‍ പിക്ച്ചര്‍ പുറത്തിറങ്ങും. കഥാപാത്രങ്ങളുടെ ഗെറ്റപ്പ് വെളിപ്പെടുത്തുന്ന മോഷന്പിക്ച്ചര് കൂടിയാകും. അന്ന് താരനിരയെ അറിയാമെന്നാണ് നിര്‍മ്മാണ പങ്കാളികളില്‍ ഒരാള്‍ കൂടിയായ രാജേഷ് രാജ് പറഞ്ഞത്. ഏതായാലും മലയാള സിനിമയിലെ മുന്‍നിര താരങ്ങളുടെ പേരുകള്‍ തന്നെയാണ് പറഞ്ഞു കേള്‍ക്കുന്നത്.
നിരവധി പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ശ്രീരാജ് എം. രാജേന്ദ്രന്റെ ആദ്യ സംവിധാന സംരംഭമാണിത്. കോഴിക്കോട് സ്വദേശിയാണ് ശ്രീരാജ്. ബിരുദവും പൂനെ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ഡിപ്ലോമയും നേടിയശേഷമാണ് ശ്രീരാജ് സിനിമാ സ്വപ്നങ്ങള്‍ക്ക് പിറകെ സഞ്ചരിക്കുന്നതും അത് ഇപ്പോള്‍ കയ്യെത്തി പിടിച്ചിരിക്കുന്നതും. സിനിമയുടെ കഥയും ശ്രീരാജിന്റേതാണ്. സുഹൃത്ത് കൂടിയായ ജോസഫ് അഗസ്റ്റിന് കുരുമ്പനോടൊപ്പം ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്.
ത്രില്ലറാണ് സിനിമ. ഒരു ദിവസത്തില്‍ നടക്കുന്ന കഥയാണ്. കഥയല്ല, കഥകളാണ്. ഒരു സിറ്റിയുടെ വിവിധ ഭാഗങ്ങളിലായിട്ടാണ് ഈ കഥകള്‍ നടക്കുന്നത്. അതെല്ലാം ഒടുവില്‍ ഒരിടത്ത് ഒത്തുചേരുകയും ചെയ്യുന്നു.
കാപ്റ്റന്‍ മൂവീ മേക്കേഴ്സിന്റെയും ആല്‍ബി ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന്റെയും ബാനറില്‍ രാജേഷ് രാജ്, മെല്വിന് കോലോത്ത്, ഹരിദാസ് (സംവിധായകന്), ജീവ ജോര്‍ജ്ജ് എന്നിവര്‍ ചേര്‍ന്നാണ് ചാന്‍സ് നിര്‍മ്മിക്കുന്നത്. പി. സുകുമാറാണ് ഛായാഗ്രാഹകന്‍. പ്രദീപ് രംഗന് ചമയവും ഗാഥ വസ്ത്രാലങ്കാരവും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ കലാസംവിധായകന്‍ ത്യാഗു തവന്നൂരാണ്. മനോജ് കാരന്തൂരാണ് പ്രൊഡക്ഷന്‍ കണ്ട്രോളര്, പൗലോസ് കുരുമറ്റം പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവുമാണ്. ഷാന്‍ റഹ്മാനാണ് സംഗീതസംവിധായകന്. നിശ്ചല ഛായാഗ്രാഹകന്‍ അന്‍വര്‍ പട്ടാമ്പി. സംഘട്ടനം മാഫിയ ശശി. പ്രോജക്ട് കോര്‍ഡിനേറ്റര്‍ പ്രസൂണ്‍.
Recent Comments