ആമുഖമായിതന്നെ നിലപാട് വ്യക്തമാക്കിക്കൊള്ളട്ടെ. ‘ചുരുളി’യിലെ ചീത്തവിളിയെ ഒരിക്കലും അംഗീകരിക്കുന്നില്ലെന്ന് മാത്രമല്ല, അത് സിനിമയില്‍ ഉണ്ടാകാനേ പാടില്ല എന്ന് വാദിക്കുന്ന പക്ഷത്താണ് ഞങ്ങളും. ചീത്തവിളിയുടെ മാജിക്കല്‍ റിയലിസത്തെക്കുറിച്ച് വലിയ പിടിപാടുകളൊന്നും ഇല്ലാത്തതുകൊണ്ടുമാവാം. അതിന്റെ പേരില്‍ നാളെ അടിച്ചേല്‍പ്പിക്കപ്പെടാന്‍ പോകുന്ന സദാചാരവാദത്തെയും കാര്യമാക്കുന്നില്ല. പക്ഷേ പറയാനുള്ളത് പറയണമല്ലോ.
പക്ഷേ പറയാന്‍വന്നത് ചുരുളിയെക്കുറിച്ചല്ല, വിശ്വവിഖ്യാതമായ നടന് വിനായകന്റെ തെറിവിളികളെക്കുറിച്ചാണ്. അത് കേട്ടപ്പോള്‍ ചുരുളിയാണ് ഇതിലും ഭേദമെന്ന് തോന്നിപ്പോയി. ഇതിയാന്റെ ഇപ്പോഴത്തെ സ്ഥിരം വിനോദപരിപാടികളിലൊന്നാണ് തെറിപ്പാട്ട്. അതിപ്പോള്‍ രാത്രിയും പകലുമെന്നൊന്നുമില്ല. പുള്ളിക്കാരന് എപ്പോഴൊക്കെ മായികലോകത്തേയ്ക്ക് കടക്കുന്നുവോ, അപ്പോഴൊക്കെ തെറിവിളിച്ചുകൊണ്ടേയിരിക്കും.
ഇദ്ദേഹം ഇപ്പോള്‍ ഭാര്യാസമേതനായി താമസിക്കുന്നത് കലൂര്‍ സ്റ്റേഡിയത്തിന് പിന്നിലുള്ള കെന്റിന്റെ ഫ്ളാറ്റിലാണ്. അവിടുത്തെ അന്തേവാസികളാണ് വിനായകന്റെ തെറിപ്പാട്ട് കേട്ട് വശംകെട്ടിരിക്കുന്നത്.
ഞങ്ങള്‍ക്ക് കിട്ടിയ ഒരു വീഡിയോ മാത്രം ഇതോടൊപ്പം പോസ്റ്റ് ചെയ്യുന്നു. അതില്‍ എവിടെയൊക്കെ ബീപ്പ് സൗണ്ട് ഉണ്ടോ അവിടെയൊക്കെ പച്ചത്തെറികളാണെന്നുമാത്രം ഊഹിച്ചുകൊള്ളണം. അത് നാട്ടുകാരെ കേള്‍പ്പിക്കാന്‍ സദാചാരവാദികളായ ഞങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ട്.
വിനായകന് തെളിവിളിക്കുന്നതിനൊന്നും ഞങ്ങള്‍ എതിരല്ല. അതായളുടെ ഇഷ്ടം, അയാളുടെ സ്വാതന്ത്ര്യം. പക്ഷേ അത് അദ്ദേഹത്തിന്റെ മാത്രം സ്വകാര്യ ഇടങ്ങളില്‍ ആകണമെന്നുമാത്രം.
വിനായകന്റെ തെറിപ്പാട്ടിനെതിരെ ഫ്ളാറ്റിലുള്ള ആളുകള്‍ പലരും പോലീസില്‍ പരാതിപ്പെട്ടിരുന്നു. പോലീസ് പലതവണ വിനായകന് മുന്നറിയിപ്പ് നല്കി. ചിലപ്പോഴൊക്കെ പോലീസ് സ്റ്റേഷനിലേയ്ക്കും കൊണ്ടുപോയി. കൊണ്ടുപോയതിനേക്കാള്‍ വേഗത്തില്‍ തിരിച്ചെത്തുകയും അതിനേക്കാള്‍ ശക്തിമത്തായ തെറിപ്രയോഗങ്ങള്‍ നടത്തി അദ്ദേഹം സ്വതന്ത്രവിഹാരം നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ‘എനിക്ക് അങ്ങ് കേന്ദ്രത്തിലും പിടിയുണ്ടടോ’ എന്ന ഒരു പഴയ സിനിമാ ഡയലോഗാണ് പെട്ടെന്ന് ഓര്‍മ്മ വരുന്നത്. ഇക്കാര്യത്തില്‍ ചിലരുടെ ‘ഇടപെടലുകള്‍’ നടക്കുന്നുണ്ടെന്നതും പരസ്യമായ രഹസ്യമാണ്.
സംസ്ഥാന സര്‍ക്കാര്‍ മികച്ച നടനുള്ള പുരസ്കാരം നല്കി ആദരിച്ച ഒരു കലാകാരന് കൂടിയാണ് വിനായകന്. അദ്ദേഹത്തിന് സമൂഹത്തോട് ചില ഉത്തരവാദിത്വങ്ങള്കൂടിയുണ്ടെന്ന് അത് ഓര്‍മ്മിപ്പിക്കുന്നു. മമ്മൂട്ടിയെയും മോഹന്‍ലാലിനെയുമടക്കം ‘അസാമാന്യ’ വിശേഷണങ്ങള്‍ നല്കി സോഷ്യല്‍മീഡിയയില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന വിനായകന്റെ സ്വാതന്ത്ര്യത്തിനെതിരെയെല്ല, പൊതുമധ്യത്തില്‍ അദ്ദേഹം നടത്തുന്ന അഴിഞ്ഞാട്ടങ്ങളെക്കുറിച്ച് മാത്രമാണ് ഞങ്ങള്‍ക്കുള്ള ആശങ്ക. ഇക്കാര്യത്തില്‍ നിയമവും നിയമപാലകരും തുടരുന്ന നിസ്സംഗത അവസാനിപ്പിക്കുകതന്നെ വേണം.
Recent Comments