ഒ.ടി.ടി. പ്ലാറ്റ്ഫോമിലാണ് റിലീസ് ചെയ്തെങ്കിലും രണ്ടാം ദിവസം പിന്നിടുമ്പോള്‍തന്നെ ലക്ഷക്കണക്കിനാളുകളാണ് ദൃശ്യത്തിന്റെ രണ്ടാംഭാഗം കണ്ടിരിക്കുന്നത്. ഒരു ചിത്രത്തിന്റെ പ്രീമിയര്‍ പ്രദര്‍ശനത്തിന് ലഭിക്കാവുന്ന ഏറ്റവും മികച്ച പ്രതികരണമാണ് ദൃശ്യം 2 ന് ഉണ്ടായിരിക്കുന്നതെന്ന് ആമസോണിന്റെ പ്രതിനിധികളും അവകാശപ്പെടുന്നു. ദൃശ്യം 2 പ്രേക്ഷകശ്രദ്ധ നേടി മുന്നേറുന്നതിനിടെയാണ് അതിന്റെ തെലുങ്കു പതിപ്പിന്റെ ഷൂട്ടിംഗും തുടങ്ങാനൊരുങ്ങുന്നത്. ഇതിന്റെ ചര്‍ച്ചകള്‍ക്കായി ജീത്തുജോസഫും ആന്റണി പെരുമ്പാവൂരമടക്കം ഇപ്പോള്‍ ഹൈദരാബാദിലാണുള്ളത്.
ദൃശ്യം ആദ്യഭാഗത്തിന്റെ തെലുങ്ക് റീമേക്ക് സംവിധാനം ചെയ്തത് ശ്രീപ്രിയയായിരുന്നെങ്കില് ഇത്തവണ ആ ദൗത്യം ജീത്തുജോസഫിലെത്തിച്ചേര്ന്നിരിക്കുകയാണ്. മോഹന്‍ലാലിന്റെ പകരക്കാരന് തെലുങ്കില്‍ വെങ്കിടേഷ് ആയിരുന്നു. ജോര്‍ജുകുട്ടി എന്നായിരുന്നു ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരെങ്കില്‍ രാംബാബു എന്ന മാറ്റത്തോടെയാണ് വെങ്കിടേഷിനെ തെലുങ്കില്‍ അവതരിപ്പിച്ചത്. രാംബാബുവിന്റെ ഭാര്യയായി മീനയും ഇളയമകളായി എസ്തറും വേഷമിട്ടപ്പോള്‍ കൃതിക ജയകുമാറാണ് ഹന്സിബയ്ക്ക് പകരക്കാരിയായത്. ആശാശരത് ചെയ്ത വേഷം നാദിയയാണ് തെലുങ്കില്‍ അവതരിപ്പിച്ചത്. സിദ്ധിക്കിന്റെ വേഷം നരേഷും.
തെലുങ്കുപതിപ്പിന്റെ ഷൂട്ടിംഗ് ആടുത്ത മാസം ആദ്യം തുടങ്ങും. ഇതിനായി വെങ്കിടേഷും സംഘവും തൊടുപുഴയിലേയ്ക്ക് പുറപ്പെടാനിരിക്കുകയാണ്. ജോര്‍ജുകുട്ടിയുടെ വീടായി ചിത്രീകരിച്ച തൊടുപുഴയിലെ വീട് തന്നെയാണ് തമിഴ്, തെലുങ്കു പതിപ്പുകളിലെ ഷൂട്ടിംഗിനും ഉപയോഗിച്ചത്.
സുരേഷ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡി. സുരേഷ്ബാബുവും രാജ്കുമാര് സേതുപതിയും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
Recent Comments