കഴിഞ്ഞ ദിവസം മുതല്‍ ദൃശ്യം വീണ്ടും സോഷ്യല്‍ മീഡിയ ട്രെന്റിങ്ങില്‍ ഇടംപടിച്ചിരിക്കുകയാണ്. ദൃശ്യം ഹോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നുവെന്നതാണ് ഇതിന് കാരണം. വാര്‍ത്ത വന്നതിന് പിന്നാലെ മാധ്യമങ്ങളും ആരാധകരും പല ഭാഷകള്‍ക്കും ഈ നേട്ടം പങ്കുവെച്ച് കൊടുക്കുന്നുണ്ട്. ഹിന്ദിയാണ് പങ്കുകച്ചവടക്കാരിലെ പ്രധാനി. ഇത് കണ്ട് രോഷാകുലരായ മലയാളികളും സോഷ്യല്‍ മീഡിയയില്‍ കത്തിക്കേറുന്നു. കാക്ക തട്ടിപറിച്ച നെയ്യപ്പം തിരിച്ചുകിട്ടാന്‍ എന്ന പോലെ മലയാളത്തിന്റെ നേട്ടമാണിതെന്ന് എല്ലാ ലിങ്കുകളുടെ കമന്റിലും ചെന്ന് മുറവിളികൂട്ടുന്നു. അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങള്‍ പൂക്കളമിടുന്നു.
യഥാര്‍ത്ഥത്തില്‍ ഇത് ആരുടെ നേട്ടമാണ്? മലയാളത്തിന്റെയോ? മണ്ണും ചാരി നിന്ന ബോളിവുഡിന്റെയോ? അതോ വേറെതെങ്കിലും ഭാഷയുടെയോ?
വിലയിരുത്തുമ്പോള്‍ ഇത് ഒരു ഭാഷയുടെയും നേട്ടമല്ല. ദൃശ്യം എന്ന ചിത്രത്തിന്റെ തിരക്കഥയാണ് ലോകം മുഴുവന്‍ സഞ്ചരിക്കുന്നത്. അതില്‍ ഒരു ഭാഷയ്ക്കും അവകാശവാദം ഉന്നയിക്കാന്‍ കഴിയില്ല. തിരക്കഥ എഴുതിയ ജീത്തു ജോസഫ് എന്ന പ്രതിഭാസമാണ് ഈ നേട്ടത്തിന്റെ യഥാര്‍ത്ഥ അവകാശി. ഓരോ ഭാഷയിലെയും താരങ്ങളുടെ തല കവര്‍ ഫോട്ടോയായി വെച്ച് നേട്ടമാഘോഷിക്കുന്നവര് സത്യത്തില്‍ ജീത്തുവിന്റെ വിജയമാണ് ആഘോഷിക്കുന്നത്.
റിലീസ് ചെയ്തിട്ട് പത്തു വര്‍ഷം കഴിയുമ്പോഴും ഗോളാന്തര ശ്രദ്ധ പിടിച്ചുപറ്റാന്‍ ദൃശ്യത്തിന് സാധിക്കുന്നു. ഇന്ത്യയിലെ എല്ലാ ഭാഷക്കാരും ദൃശ്യത്തിനെ ഒരേ സ്വരത്തില്‍ അംഗീകരിക്കുന്നു. മൈ ഡിയര്‍ കുട്ടിച്ചാത്തന് ശേഷം ഇന്ത്യന്‍ സിനിമയ്ക്ക് മുമ്പില്‍ ഉയര്‍ത്തി കാട്ടാന്‍ പറ്റിയ വാണിജ്യ മൂല്യമുള്ള മലയാള കഥയും ദൃശ്യമാണെന്ന് തെളിയുന്നു.
ഇതിനുമുമ്പും വാണിജ്യ കണ്ണുകള്‍ മലയാള സിനിമയെ തേടി എത്തിയിട്ടുണ്ട്. ചട്ടക്കാരി ഹിന്ദിയിലെ ജൂലിയായതും നമ്മുടെ കഥയുടെ മേന്മ കൊണ്ട് തന്നെ. പക്ഷേ അത്തരം സിനിമകളൊന്നും ഇത്രത്തോളം പ്രാദേശിക ഭാഷകളില്‍ റീമേക്ക് ചെയ്യപ്പെട്ടിട്ടില്ല. റീമേക്കുകള്‍ ഉണ്ടെങ്കില്‍ തന്നെ എപ്പോഴും വിജയം ആവര്‍ത്തിച്ചിട്ടില്ല. ഇതിന് ഒരേയൊരു അപവാദം മണിച്ചിത്രത്താഴാണ്. പക്ഷേ മണിച്ചിത്രത്താഴിന്റെ മൂലകഥ മാത്രമാണ് മറ്റു ഭാഷകളിലേക്ക് സഞ്ചരിച്ചത്. അസാധാരണമായ ഒരു കഥാപശ്ചാത്തലത്തില്‍ നിന്ന് കൊണ്ട് ഹീറോയിസം വിളമ്പാനാണ് മറ്റുള്ള ഭാഷകള്‍ ശ്രമിച്ചത്.
ഹിന്ദി സിനിമകള്‍ മാറ്റി നിര്‍ത്തിയാല്‍ മണിരത്നം സിനിമകളും രാജമൗലി സിനിമകളുമാണ് പിന്നെ ഇന്ത്യ ഉടനീളം കണ്ടിട്ടുള്ളത്. അവയെല്ലാം യൂണിവേഴ്സലും സിമ്പിളുമായ ഒരു ഇമോഷന് പ്രേക്ഷകന്റെ നെഞ്ചില്‍ ആണിയടിച്ച് തറപ്പിക്കുന്നതായിരുന്നു. അതില്‍ വിക്രമര്ക്കുഡു (റൗഡി റാത്തോര്‍) പോലുള്ള രാജമൗലി സിനിമകള്‍ വാണിജ്യ ഘടകങ്ങളെ ഒറ്റ വാഴനാരില്‍ കോര്‍ത്തിണക്കാന്‍ കഴിയുന്ന തിരക്കഥകള്‍ എന്ന രീതിയിലാണ് ബാക്കി ഇന്ഡസ്ട്രികള് അവയെ സ്വീകരിച്ചത്. അത്തരമൊരു സ്പേസിലേക്കാണ് നായകനും കുടുംബത്തിനും ജീത്തു തല്ല് വാങ്ങിച്ച് കൊടുക്കുന്നത്.
കുറ്റമറ്റതായ തിരക്കഥയാണ് ഇതിന് ദൃശ്യത്തിനെ പ്രാപ്തമാക്കുന്നത്. ദൃശ്യത്തിലെ ക്ലൈമാക്സ് ട്വിസ്റ്റ് ആരെങ്കിലും പ്രവചിച്ചു എന്ന് പറയുകയാണെങ്കില്‍ നിസ്സംശയം അയാള്‍ കള്ളം പറയുകയാണെന്ന് നാര്‍ക്കോ അനാലിസിസ് ചെയ്യാതെ തന്നെ മനസ്സിലാകും. സംശയിക്കാന്‍ പോയിട്ട് ശ്വാസം വിടാന്‍ പോലും സമയം തരാത്ത തരത്തിലുള്ള കെട്ടുറപ്പുള്ള തിരക്കഥയാണ് ജീത്തു സൃഷ്ടിച്ചെടുത്തത്. അതുകൊണ്ട് തന്നെ എത്ര മോശം സംവിധാനമാണെങ്കിലും എത്ര മോശം അഭിനയമാണെങ്കിലും ആ തിരക്കഥയുള്ള സിനിമയുടെ വിജയം സുനിശ്ചിതം. റീമേക്ക് ചെയ്യപ്പെടുന്നതില്‍ പ്രവചനാതീതമായ പ്ലോട്ട് ട്വിസ്റ്റുകള്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഹീറോയിസത്തിനേക്കാള്‍ ബോക്സ് ഓഫീസ് മൂല്യം പ്രവചനാതീതമായ തിരക്കഥയ്ക്കുണ്ടെന്ന് ദൃശ്യം തെളിയിക്കുന്നു.
ഭാഷാതിര്‍ത്തി കടക്കാന്‍ പൊട്ടെന്‍ഷ്യലുള്ള ഒരു ഗ്ലോബല്‍ കഥയല്ല ദൃശ്യം. അതിന്റെ വേരുകള്‍ ഇടുക്കിയിലെ രാജക്കാട് എന്ന ജംഗഷനില്‍ നിലയുറപ്പിക്കുന്നതാണ്. രാജാക്കാടിന്റെ സ്വഭാവം ജോര്ജ്ജുകുട്ടിയിലും കഥാഗതിയിലുമെല്ലാം നിര്‍ണായക സ്വാധീനമാണ്. അത്രമാത്രം ജൈവമായാണ് ആ കഥയെ ജീത്തു സമീപിച്ചിരിക്കുന്നത്.
ഈ ബന്ധത്തെ മറികടക്കാന്‍ റീമേക്കുകളെ പ്രേരിപ്പിക്കുന്നത് സിനിമയില്‍ വളരെ അന്തര്‍ലീനമായി ചേര്‍ത്തിട്ടുള്ള ഇമോഷനാണ്. നീതിന്യായവ്യവസ്ഥയിലും നിയമപാലകരിലും അന്ധമായി വിശ്വസിക്കുന്നവര്‍ പോലും കുടുംബം എന്ന വികാരത്തിന് മുന്നില്‍ ആടിയുലഞ്ഞു പോകുന്നു. ദൃശ്യത്തിനെ കുറിച്ച് ചില ദോഷൈകദൃക്കുകള്‍ പറഞ്ഞ വിമര്‍ശനവും ഇതുതന്നെയായിരുന്നു. സാമൂഹിക സാഹചര്യങ്ങളില്‍ ഊന്നി കൊണ്ടുള്ള കഥാഘടന ഉയര്‍ന്ന ഭൗതിക നിലവാരമുണ്ടെന്ന് ഭാവിക്കുന്നവര്‍ അംഗീകരിക്കാന്‍ തയാറായില്ല. എന്നാല്‍ ഇന്ത്യന്‍ സാമൂഹിക സാഹചര്യങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ ഇംഗ്ലീഷുകാരുടെ നാട്ടിലേക്ക് റീമേക്ക് ചെയ്യുമ്പോള്‍ ഈ പറയുന്ന വിമര്‍ശനങ്ങള്‍ പൊള്ളയായിരുന്നു എന്ന് തെളിയിക്കുന്നതാണ്.
ഈ കഥ ആദ്യമായി സിനിമയാക്കാന്‍ ധൈര്യം കാണിച്ച ആശീര്‍വാദും അതിന് മുഖമായി മാറിയ മോഹന്‍ലാലും ഒരു പങ്ക് പ്രശംസ അറിയിക്കുന്നു. ഡേ റീക്രീയേറ്റ് ട്വിസ്റ്റിന് തൊട്ട് മുമ്പുള്ള സീനുകളില്‍ പ്രേക്ഷകനെ ചെറുതായി ആശയക്കുഴപ്പത്തിലാക്കുന്നുണ്ട് എന്നത് നിര്‍മാതാവിനെ സംബന്ധിച്ച് ആശങ്കയുണര്‍ത്തുന്നതാണ്. കൂടാതെ സങ്കീര്‍ണമായ പ്ലോട്ട് ട്വിസ്റ്റുകള്‍ പ്രേക്ഷകര്‍ സ്വീകരിക്കുമോ തുടങ്ങിയ വെല്ലുവിളികള്‍ വേറെയും. ഇതിനെ എല്ലാം ധൈര്യസമേതം പരീക്ഷിച്ചു നോക്കാന്‍ തയാറായി എന്നതിലാണ് കച്ചവടക്കാരന്റെ മികവ് ഇരിക്കുന്നത്.
സോഷ്യല്‍ മീഡിയ ഫാന്‍സ് ആര് വിറ്റു എന്ന തിരച്ചിലിലാണ് ഇപ്പോഴും. അതിന് പ്രസക്തിയൊന്നുമില്ലെന്ന് അവര്‍ തിരിച്ചറിയുന്നില്ല. ആപ്പിള്‍ കണ്ടു പിടിച്ച സ്റ്റീവ് ജോബ്സിനെക്കാളും അത് ബസ് സ്റ്റാന്റില്‍ തുണി വിരിച്ചു പത്ത് രൂപ കൂട്ടി വില്ക്കുന്നവനെ ആരാധിക്കാനാണ് എല്ലാ ഭാഷയിലെയും ആരാധകര്‍ ശ്രമിക്കുന്നത്.
ഇത്രയും നേട്ടങ്ങള്‍ കൈവരിക്കുന്ന ദൃശ്യത്തിന് ‘ക്ലാസിക്ക്’ എന്നല്ലാത്ത ഒരു വിശേഷണവും ചേരുകയില്ല. മലയാള സിനിമയ്ക്ക് അഭിമാനിക്കാം. അത് ദൃശ്യം കടല്‍ കടന്നു എന്നത് കൊണ്ടല്ല. ജീത്തു ജോസഫ് എന്ന പ്രതിഭ മലയാള സിനിമയിലൂടെ വളര്‍ന്നു വന്നു എന്നതില്‍.
Recent Comments