സൈജു കുറുപ്പിന്റെ ആക്ടിംഗ് കരിയറിലെ നൂറാമത്തെ ചിത്രമാണ് ‘ഉപചാര പൂര്‍വ്വം ഗുണ്ട ജയന്’. ദുല്‍ഖറിന്റെ നിര്‍മ്മാണക്കമ്പനിയായ വേഫാറര്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. ഈ ചിത്രവുമായി ബന്ധപ്പെട്ട രസകരമായ അനുഭവം പങ്കുവയ്ക്കുകയാണ് കാന്‍ ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സൈജു കുറുപ്പ്.
‘ചിരിച്ചോളൂ.. പക്ഷേ പഴയ ഗുണ്ടകളെ കളിയാക്കരുത്..!’ എന്നാണ് ഈ ചിത്രത്തിന്റെ ടാഗ് ലൈന്‍. ദുല്‍ഖറിന്റെ വേഫാറര്‍ പ്രൊഡക്ഷന്‍ ഹൗസാണ് ചിത്രം നിര്‍മ്മിച്ചത്. ചിത്രത്തെ കുറിച്ച് ഞാന്‍ ദുല്‍ഖറിനോട് പറഞ്ഞപ്പോള്‍ കഥപോലും കേള്‍ക്കാതെ അദ്ദേഹം യെസ് മൂളുകയായിരുന്നു. ഒരു സുഹൃത്ത് എന്ന നിലയില്‍ എന്നെ സപ്പോര്‍ട്ട് ചെയ്യാനായിരുന്നു അദ്ദേഹം ആ സിനിമ നിര്‍മ്മിക്കാമെന്ന് ഏറ്റത്. അതിനുമുമ്പ് കഥ കേള്‍ക്കണമെന്ന് ഞാന്‍ പറഞ്ഞു. അതിനുശേഷം ഒരു തീരുമാനം എടുത്താല്‍ മതിയെന്നും. കഥ ദുല്‍ഖറിനും ഇഷ്ടമായി. ഇനി അഥവാ ആ കഥ ഇഷ്ടമായില്ലെങ്കില്‍പോലും അദ്ദേഹം ആ സിനിമ ചെയ്യുമായിരുന്നു.
ചേര്‍ത്തലയായിരുന്നു ഉപചാരപൂര്‍വ്വം ഗുണ്ട ജയന്റെ ലൊക്കേഷന്‍. ഒരു റിട്ടയേര്‍ഡ് ഗുണ്ടയായ ജയന് എന്ന കഥാപാത്രത്തെയാണ് ഞാന്‍ സിനിമയില്‍ അവതരിപ്പിക്കുന്നത്. പക്ഷേ എപ്പോഴൊക്കെയോ അറക്കല്‍ അബു (ആട് എന്ന ചിത്രത്തില്‍ സൈജു അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്) എന്ന കഥാപാത്രത്തിന്റെ സ്വാധീനം എന്നിലേക്ക് കടന്നു വരുന്നുണ്ടായിരുന്നു. അപ്പോഴൊക്കെ ചിത്രത്തിന്റെ ഡയറക്ടര്‍ അരുണ്‍ വൈഗ എന്നെ അത് ഓര്‍മ്മിപ്പിക്കും. ഞാനത് മാറ്റി ചെയ്യും. അറക്കല്‍ അബു എന്ന കഥാപാത്രം അത്രയേറെ എന്നെ സ്വാധീനിച്ചിട്ടുണ്ട്.
മഹാരാഷ്ട്രയില്‍ ആയിരുന്നു ഞാന്‍ വളര്‍ന്നത്. അവിടെ എനിക്ക് രതീഷ് എന്ന ഒരു സുഹൃത്ത് ഉണ്ടായിരുന്നു. രതീഷിന്റെ വീടിനടുത്ത് ഗുണ്ടായിസം കൊണ്ട് നടക്കുന്ന ചില ആളുകള്‍ ഉണ്ടായിരുന്നു. രതീഷ് മുഖേന അവരെ ഞാന്‍ പരിചയപ്പെടുകയും അവരുടെ ശൈലിയും പ്രവര്‍ത്തന രീതിയും മനസിലാക്കുകയും ചെയ്തിരുന്നു. ഒരുപരിധി വരെ അങ്ങനെയുള്ള അനുഭവങ്ങളാണ് ഞാന്‍ ചെയ്ത ഗുണ്ട കഥാപാത്രങ്ങളെ വിജയിപ്പിക്കാന്‍ എനിക്ക് കഴിഞ്ഞത്.
Recent Comments