‘തൃശൂരിലെ ഒരു ലൊക്കേഷനില്‍ വന്നാണ് അഖില്‍ കാവുങ്കല്‍ എന്ന ചെറുപ്പക്കാരന് എന്നെ വന്ന് കണ്ടത്. കോഴിക്കോട് സ്വദേശിയായിരുന്നെങ്കിലും അഖിലിനെ എനിക്ക് അതിനുമുമ്പ് കണ്ട് പരിചയമുണ്ടായിരുന്നില്ല. ആരുടെയും കീഴില്‍നിന്ന് സിനിമ പഠിച്ചിട്ടില്ലെന്നും കൈയ്യില്‍ സത്യസന്ധമായ ഒരു കഥയുണ്ടെന്നുമുള്ള അഖിലിന്റെ തുറന്നുപറച്ചില്‍ എനിക്കിഷ്ടമായി. വായിച്ചുകേട്ടപ്പോള്‍ കഥയോടും കഥാപാത്രത്തോടും വല്ലാത്തൊരിഷ്ടമായി. ചെയ്യാമെന്നേറ്റു. അങ്ങനെയാണ് ഐസ് ഒരതി എന്ന സിനിമ ഉണ്ടാകുന്നത്.’ തിരുവനന്തപുരത്ത് നടക്കുന്ന ഒരു തമിഴ് സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി, എറണാകുളത്തേയ്ക്ക് കാറില്‍ മടങ്ങുന്നതിനിടയിലാണ് ഹരീഷ് പേരടി കാന്‍ ചാനലിനോട് സംസാരിച്ചത്.
ഐസ് ഒരതി എന്ന പറയുന്നത് കോഴിക്കോട് ബീച്ചില്‍ സര്‍വ്വസാധാരണയായി കിട്ടുന്ന ഒരു പാനീയമാണ്. ഐസ് പൊടിച്ച് അതിലേയ്ക്ക് വിവിധ ഫ്ളേവറുകള്‍ ചേര്‍ത്താണ് ഐസ് ഒരതി ഉണ്ടാക്കുന്നത്. ടൈറ്റിലുമായി സിനിമയുടെ കഥയെ അഖില്‍ അതിഗംഭീരമായിട്ടാണ് ബന്ധിപ്പിച്ചിരിക്കുന്നത്.
ഇതിലെ കേന്ദ്രകഥാപാത്രമാണ് കുഞ്ഞുണ്ണി. അമ്പത് വയസ്സ് കഴിഞ്ഞ മദ്ധ്യവയസ്ക്കന്. വൃദ്ധയായ അമ്മയോടൊപ്പമാണ് താമസം. ഉള്‍വലിഞ്ഞ പ്രകൃതമാണ് കുഞ്ഞുണ്ണിയുടേത്. ഒരു നഗരത്തിലാണ് കുഞ്ഞുഞ്ഞി ജനിച്ച് വളര്‍ന്നതെങ്കിലും അമ്പത് വയസ്സിനിടെ തന്റെ കണ്മുന്നില് അതൊരു മഹാനഗരമായി വളരുന്നതും അയാള്‍ കണ്ടു. അധികമാരോടും ഇടപഴകാത്തതുകൊണ്ടാകാം മാറിയ സാഹചര്യങ്ങളോട് സംവദിക്കാന്‍ അയാള്‍ക്കും ബുദ്ധിമുട്ടായിരുന്നു. അവിടുന്നങ്ങോട്ട് കുഞ്ഞുണ്ണി നടത്തുന്ന യാത്രയാണ് സിനിമ.
കുഞ്ഞുകുഞ്ഞ് കാര്യങ്ങളാണ് കുഞ്ഞുണ്ണിയിലൂടെ പറയുന്നതെങ്കിലും സിനിമ സംസാരിക്കുന്നത് ഒരു ആഗോളവിഷയമാണ്. തമാശ സൃഷ്ടിക്കാനായി ബോധപൂര്‍വ്വം ഒന്നും ചെയ്യുന്നില്ലെങ്കിലും സിറ്റ്വേഷന് ഹ്യൂമറിലൂടെയാണ് കഥ പറയുന്നത്. ഹൃദയത്തോട് ചേര്‍ത്തുവച്ചാണ് ഞാനെല്ലാ കഥാപാത്രങ്ങളേയും ഇന്നോളം സ്വീകരിച്ചിട്ടുള്ളത്. അതില്‍നിന്ന് കുഞ്ഞുണ്ണി വ്യത്യസ്തമാകുന്നത് ഞാനിതുവരെ ചെയ്ത കഥാപാത്രങ്ങളില്‍നിന്ന് വിപരീതമായൊരു വേഷമെന്ന നിലയ്ക്കാണ്. ഹരീഷ് തുടര്‍ന്നു.
മാര്‍ച്ച് 5 ന് പ്രൈംറീല്‍സ് എന്ന ഒ.ടി.ടി പ്ലാറ്റ്ഫോമിലൂടെ ഐസ് ഒരതി റിലീസ് ചെയ്യും. സിനിമ തുടങ്ങിയ സമയത്തുതന്നെ ഞങ്ങള്‍ ഒ.ടി.ടി. പ്ലാറ്റ്ഫോമിനെക്കുറിച്ചാണ് ചിന്തിച്ചിരുന്നത്. അതാകുമ്പോള്‍ ആദ്യദിവസംതന്നെ ലോകത്തെല്ലായിടത്തുമുള്ള ആളുകള്‍ക്ക് സിനിമ കാണാനുള്ള അവസരം ലഭിക്കും. സാധാരണ ഇത്തരം കൊച്ചു പടങ്ങള്‍ക്ക് തീയേറ്ററില്‍ കിട്ടിയേക്കാവുന്ന സ്വീകരണം നമുക്ക് അറിവുള്ളതാണല്ലോ. മികച്ച സിനിമയാണെങ്കില്‍പോലും അത് മറ്റ് പ്ലാറ്റ്ഫോമിലെത്തിയശേഷമായിരിക്കും ചര്‍ച്ചാവിഷയംപോലും ആകുന്നത്.
എന്റെ അമ്മയായി അഭിനയിക്കുന്നത് വിജയലക്ഷ്മി ചേച്ചിയാണ്. നിലമ്പൂര്‍ ബാലന്‍ചേട്ടന്റെ ഭാര്യയാണ് വിജയലക്ഷ്മി. അതുപോലെ ആശാ അരവിന്ദ്, സാവിത്രി ശ്രീധരന്, ബിനു പപ്പു, നിര്‍മല്‍ പാലാഴി, ബാലചന്ദ്രന് ചുള്ളിക്കാട്, ജോര്‍ജ് വര്‍ഗ്ഗീസ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. സിനിമ ഞാന്‍ കണ്ടിരുന്നു. നല്ല സിനിമയാണ്. എല്ലാവരും കാണുക. അത് മാത്രമാണ് പ്രേക്ഷകരോട് എനിക്ക് പറയാനുള്ളത്. ഹരീഷ് പേരടി പറഞ്ഞുനിര്‍ത്തി.
ബോധിക്കൂള് എന്റര്ടെയ്ന്മെന്റ്സിന്റെയും പുനത്തില്‍ പ്രൊഡക്ഷന്സിന്റെയും ബാനറില്‍ കെ.ആര്. ഗിരീഷ്, നൗഫല്‍ പുനത്തില്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്.
Recent Comments