മനുഷ്യ ജീവിതത്തെ ദുസ്സഹമാക്കിയ ഒന്നായിരുന്നു ബ്രഹ്മപുരം മാലിന്യ പ്ലാന്റിന്റെ തീ പിടുത്തം. മാലിന്യങ്ങള്‍ കത്തി പുക പടരുകയും കൊച്ചിയാകെ ശ്വാസം മുട്ടിക്കുകയും ചെയ്തു. ഇതിനെ ആസ്പദമാക്കി ഒരു മലയാള ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. പ്ലാന്റിനടുത്ത് താമസിക്കുന്ന മനുഷ്യരുടെ വേദനകള്‍ ദൃഷ്യവത്കരിക്കുകയാണ് ഇതുവരെ എന്ന ചിത്രം. ഇപ്പോള്‍ ചിത്രത്തിന്റെ ട്രൈലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്.
കലാഭവന്‍ ഷാജോണാണ് നായക വേഷമിടുന്നത്. അനില്‍ തോമസാണ് ചിത്രത്തിന്റെ സംവിധായകന്. വേസ്റ്റ് പ്ലാന്റിന്റെ അടുത്ത് താമസിക്കുന്ന കുടുംബത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ കാന്‍ ചാനലിന് നല്കിയ പ്രത്യേക അഭിമുഖത്തില്‍ ഷാജോണ്‍ പങ്കുവെച്ചു.
‘കൊറോണയ്ക്ക് ശേഷമാണ് അനിലേട്ടന് എന്നോട് ഈ സ്ക്രിപ്റ്റ് പറയുന്നത്. പത്രത്തില്‍ വായിച്ചതല്ലാതെ അന്ന് എനിക്ക് ബ്രഹ്മപുരത്തെ കുറിച്ച് വലിയ അറിവുണ്ടായിരുന്നില്ല . തീ കത്തുന്നതും കെടുത്തുന്നതും സമീപത്തുള്ളവര്‍ക്ക് അസുഖങ്ങള്‍ എന്നൊക്കെ കേട്ടിട്ടുള്ളതെയുള്ളു . പറയേണ്ട വിഷയമാണിതെന്ന് തോന്നിയതു കൊണ്ട് അപ്പോള്‍ തന്നെ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.’ ഷാജോണ്‍ പറയുന്നു.
‘കൊറോണയുടെ കെടുതികള്‍ കെട്ടടങ്ങിയശേഷമാണ് ഷൂട്ടിങ്ങ് പ്ലാന്‍ ചെയ്യുന്നത്. ഷൂട്ടിങ്ങ് തുടങ്ങുന്നതിന്റെ തലേ ദിവസമാണ് ബ്രഹ്മപുരത്ത് തീ പിടുത്തം ഉണ്ടാകുന്നത്. പിന്നീട് പുക കൊച്ചിയിലേക്ക് വന്നപ്പോഴാണ് ഇത് ന്യൂസാകുന്നതും വിവാദമാകുന്നതുമെല്ലാം. ആ സ്ഥലം പോയി കണ്ടു കഴിഞ്ഞപ്പോഴാണ് അവരനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ മനസ്സിലായത്. എത്രയോ പേര്‍ക്ക് അസുഖം വന്നു, എത്രയോ പേര് അവിടെ നിന്ന് ഒഴിഞ്ഞു പോയി എന്നൊക്കെ അറിഞ്ഞപ്പോഴാണ് ഞാന്‍ ഇതിന്റെ ഭീകരത മനസ്സിലാക്കുന്നത്. അതെല്ലാം തുറന്നുകാട്ടുന്ന ചിത്രമായിരിക്കും ഇതുവരെ. അത് അനുഭവിച്ചവര്‍ക്ക് ചിത്രം വളരെയധികം കണക്ട് ചെയ്യാന്‍ പറ്റും. ബ്രഹ്മപുരത്തിന്റെ പശ്ചാത്തലത്തില്‍ ഒരു കുടുംബം അനുഭവിക്കുന്ന പ്രശ്നങ്ങള്‍ അവതരിപ്പിക്കുന്ന സമകാലിക പ്രസക്തിയുള്ള കുടുംബ കഥയാണ് ഇത്’ ഷാജോണ്‍ കൂട്ടി ചേര്‍ത്തു.
ഷാജോണിനെ കൂടാതെ വിജയകുമാര്‍, പ്രേം പ്രകാശ്, മനുരാജ് എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു. അനില്‍ തോമസിന്റെ അവസാന ചിത്രമായിരുന്ന ‘മിന്നാമിനുങ്ങ്’ നിരവധി പുരസ്കാരങ്ങള്ക്കര്ഹമായിരുന്നു. ഔസേപ്പച്ചന്റെ സംഗീതത്തില്‍ കെ ജയകുമാറാണ് വരികള്‍ എഴുതിയിരിക്കുന്നത്.
മണ്ണിന്റെയും പ്രകൃതിയുടെയും ഇടയിലുള്ള മനുഷ്യന്റെ ഞെരക്കങ്ങളാണ് ട്രൈലറിലും നമുക്ക് കാണാന്‍ സാധിക്കുന്നത്. കൊച്ചി പ്രദേശവാസികള്‍ അതിജീവിച്ച ഈ ദുരനുഭവം മറ്റുള്ളവരിലേക്ക് എത്തിക്കാന്‍ ഈ ചിത്രത്തിലൂടെ കഴിയുമെന്ന് തീര്‍ച്ചയാണ്.
Recent Comments