ബേസില്‍ ജോസഫ് അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കഠിന കഠോരമീ അണ്ഡകടാഹം. ചിത്രീകരണം പൂര്‍ത്തിയായ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നിലവില്‍ പുരോഗമിക്കുകയാണ്. ജനുവരിയില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. ഇതിന് മുന്നോടിയായി ചിത്രത്തില്‍ ബേസില്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. കഴിഞ്ഞ ദിവസം പൃഥ്വിരാജിന്റെ ഫെയ്സ്ബുക്ക് പേജിലൂടെയായിരുന്നു റിലീസ്.
നവാഗതനായ മുഹാഷിന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. റോഷന് ആന്‍ഡ്രൂസ്, സക്കറിയ മുഹമ്മദ്, സമീര്‍ താഹിര്‍, ഷൈജു ഖാലിദ് തുടങ്ങിയ സംവിധായകരുടെ കീഴില്‍ പ്രവര്‍ത്തിച്ച അനുഭവസമ്പത്തുമായിട്ടാണ് മുഹാഷിന്‍ തന്റെ ആദ്യ സംവിധാനസംരംഭത്തിലേയ്ക്ക് ചുവടുവയ്ക്കുന്നത്.
‘തീരദേശത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ചിത്രത്തിന്റെ കഥ പറയുന്നത്. എന്നുകരുതി ഇത് മത്സ്യബന്ധനത്തിന് പോകുന്നവരുടെ കഥയല്ല. തീരദേശത്തോട് ചേര്‍ന്ന താമസിക്കുന്ന മറ്റു ചിലരുടെ കഥയാണ്. ടൈറ്റില്‍ സൂചിപ്പിക്കുന്നതുപോലെ ഈ ഭൂമിയില്‍ ജീവിച്ചുപോകുന്നത് കഠിനംതന്നെയാണെന്ന് ഈ ചിത്രം ഓര്‍മ്മപ്പെടുത്തും. ഒരു തികഞ്ഞ ഫാമിലി ഡ്രാമയാണിത്.’ മുഹാഷിന്‍ കാന്‍ ചാനലിനോട് പറഞ്ഞു.
‘ബേസില്‍ ജോസഫിന്റെ ഏറ്റവും വ്യത്യസ്തമാര്‍ന്ന കഥാപാത്രം തന്നെയായിരിക്കും ഇത്. അതിനേക്കാളുപരി ബേസില്‍ എന്ന അഭിനേതാവിന്റെ ഗംഭീര പ്രകടനത്തിനും ഈ സിനിമ സാക്ഷ്യം വഹിക്കും. ബേസിലിന്റെ ഉമ്മയായി വേഷമിടുന്ന ശ്രീജാരവിയുടെ പ്രകടനവും അത്ഭുതപ്പെടുത്തുന്നതാണ്. ഈ ചിത്രത്തിന്റെ ഹൈലൈറ്റാകാന്‍ പോകുന്നത് ഇവരുടെ പ്രകടനമായിരിക്കും.’ മുഹാഷിന്‍ തറപ്പിച്ച് പറയുന്നു.
ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ജോണി ആന്റണി, സുധീഷ്, ബിനു പപ്പു, നിര്‍മല്‍ പാലാഴി, പാര്‍വ്വതി ആര്. കൃഷ്ണ, ശിബില എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹര്‍ഷദ് കഥയും തിരക്കഥയും എഴുതുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകര്‍ അര്ജുന് സേതുവും എസ്. മുണ്ടോളുമാണ്.
നൈസാം സലാം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൈസാം സലാമാണ് ചിത്രം നിര്‍മ്മിക്കുന്നത്. കേരളത്തില്‍ രജപുത്ര ഫിലിംസും ഓവര്‍സീസ് പാര്‍സ് ഫിലിംസും ചേര്‍ന്ന് ചിത്രം വിതരണത്തിനെത്തിക്കുന്നു. പി.ആര്.ഒ. പ്രതീഷ് ശേഖര്‍.
Recent Comments