ഒറ്റയ്ക്കല്ല, പടയുമായാണ് വരുന്നത് എന്ന ടാഗ് ലൈനോടെ തീയറ്ററുകളിലേക്ക് എത്തിയ ചിത്രമാണ് കാക്കിപ്പട. പ്രദര്‍ശനത്തിനെത്തി അഞ്ച് ദിവസം പിന്നിടുമ്പോള്‍ ഒരു കോടി കളക്ട് ചെയ്തിരിക്കുകയാണ് ചിത്രം. കാക്കിപ്പടയുടെ നിര്‍മ്മാതാവും തിരക്കഥാ പങ്കാളിയുമായ ഷെജി വലിയകത്ത് സംസാരിക്കുന്നു.
കാക്കിപ്പടയുടെ ഈ അപ്രതീക്ഷിത വിജയം പ്രതീക്ഷിച്ചിരുന്നോ?
ഇതൊരു അപ്രതീക്ഷിത വിജയമായിരുന്നില്ല. പ്രമേയപരമായ പ്രത്യേകത മൂലം സിനിമ വിജയിക്കുമെന്ന് ഉറപ്പായിരുന്നു. എന്നാല്‍ ഞങ്ങള്പ്രതീക്ഷിച്ചതിനെക്കാള് വലിയ വിജയമാണ് ചിത്രം നേടിയിരിക്കുന്നത്. അഞ്ച് ദിവസംകൊണ്ട് ഒരു കോടിയുടെ ഗ്രോസ്സാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. കാക്കിപ്പടയുടെ ഈ വിജയത്തില്‍ ഞങ്ങള്‍ എല്ലാവരും സന്തുഷ്ടരാണ്.
വരും ദിവസങ്ങളിലും ഈ വിജയം തുടരുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ?
തീര്‍ച്ചയായും, നല്ല സിനിമകളെ എന്നും അംഗീകരിക്കുന്നവരാണ് നമ്മുടെ പ്രേക്ഷകര്‍. മറ്റു വിദേശ രാജ്യങ്ങളിലും കാക്കിപ്പട ഉടന്‍ റിലീസ് ചെയ്യും. ചിത്രത്തിന്റെ ജിസിസി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് ട്രൂത്ത് ഗ്ലോബല്‍ ഫിലിംസാണ്. സിനിമ കണ്ട് ഇഷ്ടപ്പെട്ടിട്ട് തന്നെയാണ് അവര്‍ വിതരണത്തിന് ഏറ്റെടുത്തിരിക്കുന്നത്. സിനിമയുടെ തമിഴ് ഡബ്ബ്ഡ് വേര്‍ഷനും ഉടന്‍ പുറത്തിറങ്ങും. തീര്‍ച്ചയായും ഇനിയുള്ള ദിവസങ്ങളിലും കാക്കിപ്പട വിജയം തുടരുകതന്നെ ചെയ്യും.
താങ്കള്‍ ഈ സിനിമയുടെ തിരക്കഥാരചനയിലും പങ്കാളിയാണല്ലോ?
കുട്ടിക്കാലം മുതല്‍ കഥ പറഞ്ഞ് വളര്‍ന്നവരാണ് ഞാനും ചിത്രത്തിന്റെ സംവിധായകന് ഷെബിയും. ഷെബി പിന്നീട് സംവിധായകനായി. ഞാന്‍ ബിസിനസ്സിലേക്കും കടന്നു. എന്റെ ബിസിനസ് മുഴുവനും ഖത്തറിലാണ്. പിന്നീടാണ് ഒരു പ്രൊഡക്ഷന്‍ ഹൗസ് തുടങ്ങാന്‍ തീരുമാനിക്കുന്നത്. ഷെബിയോടെയാണ് ഇക്കാര്യം ആദ്യം സംസാരിക്കുന്നതും. അപ്പോഴാണ് അവന് എന്നോട് ഈ കഥ പറയുന്നത്. ഒരുമിച്ച് തിരക്കഥ എഴുതാമെന്ന് തീരുമാനമായി. ജോലി തിരക്കിനു അവധി കൊടുത്ത് ഞാന്‍ തിരക്കഥാപങ്കാളിയായി.
എന്താണ് ഭാവി പരിപാടികള്‍?
എസ്.വി. പൊഡക്ഷന്സ്സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന അടുത്ത സിനിമ ഉടന്‍ അനൗണ്‍സ് ചെയ്യും. നല്ല കഥകള്‍ കേട്ടുകൊണ്ടിരിക്കുകയാണ്. ഒന്നിനു പിറകെ ഒന്നായി നല്ല സിനിമകള്‍ ചെയ്യണം. അതാണ് എന്റെ ആഗ്രഹം.
Recent Comments