അഡ്വഞ്ചേര്‍സ് ഓഫ് ഓമനക്കുട്ടന്, ഇബ്ലിസ് എന്നീ ചിത്രങ്ങള്‍ക്കുശേഷം രോഹിത് വി.എസ്. സംവിധാനം ചെയ്യുന്ന ചിത്രമാണ് കള. മാര്‍ച്ച് 25 ന് കള തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട എറണാകുളത്ത് എത്തിയപ്പോഴാണ് രോഹിത്തിനെ വിളിച്ചത്. ആദ്യ രണ്ട് ചിത്രങ്ങളെപ്പോലെ കളയും ഒരു പരീക്ഷണ സിനിമയാണോ എന്ന ചോദ്യത്തിന് രോഹിത്തിന്റെ അറുത്ത് മുറിച്ചുള്ള മറുപടി ഇങ്ങനെയായിരുന്നു…
‘എന്റെ മനസ്സിലുള്ള കഥ ഞാന്‍ ആഗ്രഹിച്ച രീതിയില്‍ പറയുന്നുവെന്നേയുള്ളൂ. അത് പരീക്ഷണമാണോ വ്യത്യസ്തമാണോ എന്നൊക്കെ ചോദിച്ചാല്‍ എനിക്കറിയില്ല. പരിചിതമായ ശീലങ്ങളിലൂടെ കഥ പറയുന്നവര്‍ അനവധിയുണ്ട്. അതുപോലെ കഥ പറയാന്‍ എന്റെ ആവശ്യമില്ല.’
? കളയുടെ രാഷ്ട്രീയമെന്താണ്.
ആത്യന്തികമായി ഇതൊരു സിനിമാറ്റിക് സിനിമയാണ്. കീറിമുറിച്ച് ചെന്നാല്‍ മനുഷ്യനും മനുഷ്യന്റെ സ്വാര്ത്ഥതകളുമൊക്കെയാണ് കള ചര്‍ച്ച ചെയ്യുന്ന രാഷ്ട്രീയം.
? കള ഒരു അഡ്വഞ്ചര്‍ വിഭാഗത്തില്‍പ്പെട്ട ചിത്രമാണോ.
എന്റെ അറിവില്‍ ഇതൊരു സൈക്കോളജിക്കല്‍ ത്രില്ലറാണ്. അതുപോലും സിനിമ തീയേറ്ററുകളിലെത്തി പ്രേക്ഷകരുമായി സംവദിക്കുകയും അവര്‍ തീരുമാനിക്കുകയും ചെയ്യേണ്ട കാര്യങ്ങളെന്നാണ് ഞാന്‍ കരുതുന്നത്.
? കളയിലെ നായകകഥാപാത്രമായ ഷാജി രവീന്ദ്രന് ടൊവിനോ തോമസിലേയ്ക്ക് എത്തിച്ചേര്‍ന്നത് എങ്ങനെയാണ്.
വാട്ട്സ്ആപ്പിലൂടെ ഒരു വോയ്സ് മെസേജാണ് ടൊവിനോയ്ക്ക് ഞാന്‍ ആദ്യം അയയ്ക്കുന്നത്. കഥയുടെ ഒരു വണ്‍ലൈന്‍ ആ ശബ്ദസന്ദേശത്തിലുണ്ടായിരുന്നു. അത് കേട്ടിട്ടാണ് അദ്ദേഹം എന്നെ വിളിക്കുന്നത്. കഥ ഇഷ്ടമായെന്നും നമുക്കുടനെ ചെയ്യാമെന്നും പറയുന്നു. വാസ്തവത്തില്‍ അതിനുശേഷമാണ് അതിനൊരു തിരക്കഥപോലും ഉണ്ടാകുന്നത്. എല്ലാം ഈ ലോക്ക്ഡൗണ്‍ കാലത്ത് സംഭവിച്ച കാര്യങ്ങളാണ്.
? ആദ്യ രണ്ട് ചിത്രങ്ങളില്‍നിന്ന് വ്യത്യസ്തമായി കൂടുതല്‍ സ്ട്രെയിനെടുത്ത് ചെയ്ത സിനിമയാണോ കള.
വിനീതമായി പറയട്ടെ എനിക്കങ്ങനെ ഫീല്‍ ചെയ്തിട്ടില്ല. ഇബ്ലിസ് കഴിഞ്ഞ് രണ്ട് വര്‍ഷങ്ങള്‍ക്കുശേഷം ചെയ്യുന്ന സിനിമയെന്ന നിലയിലുള്ള എക്സൈറ്റ്മെന്റിലായിരുന്നു ഞാന്‍. നിരാശപ്പെടുത്തിയ കാര്യമെന്താണെന്ന് ചോദിച്ചാല്‍ ഷൂട്ടിംഗ് തുടങ്ങി ആദ്യ ദിവസങ്ങളില്‍തന്നെ സെറ്റില്‍ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തു. മഴയായിരുന്നു മറ്റൊരു വില്ലന്‍. മഴ സിനിമയിലെ ഒരു കഥാപാത്രംതന്നെയാണ്. പക്ഷേ ഞങ്ങള്‍ക്കാവശ്യമുള്ളപ്പോള്‍ മഴ ലഭിച്ചില്ല. അനാവശ്യ സമയങ്ങളില്‍ ഞങ്ങളോടുപോലും ചോദിക്കാതെ അത് കടന്നെത്തിക്കൊണ്ടിരുന്നു. ഏറ്റവും ഒടുവില്‍ ഒരു ഫൈറ്റ് സീക്വന്‍സ് ഷൂട്ട് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ടൊവിനോയ്ക്ക് പരിക്ക് പറ്റുന്നത്. ഒന്നരമാസത്തോളം അങ്ങനെ ഷൂട്ടിംഗ് ബ്രേക്കായി. അല്ലാത്ത ദിവസങ്ങളിലെല്ലാം വളരെ എന്ജോയ് ചെയ്ത ഷൂട്ടിംഗ് അനുഭവമാണുണ്ടായത്.
? സംഘട്ടനരംഗങ്ങള്‍ കളയുടെ ഹൈലൈറ്റ് ആണോ.
കഥ അത് ആവശ്യപ്പെടുന്നുണ്ട്. ശരിക്കും ഫൈറ്റിനെ കോറിയോഗ്രാഫി ചെയ്യുകയായിരുന്നുവെന്നുവേണമെങ്കില് പറയാം.
? അഡ്വഞ്ചേര്‍സ് ഓഫ് ഓമനക്കുട്ടന്, ഇബ്ലിസ്, കള ഈ മൂന്ന് ചിത്രങ്ങളില്‍ മനസ്സുകൊണ്ട് ഇഷ്ടപ്പെട്ട സിനിമയേതാണ്.
ഇബ്ലിസ്.
? അതിന്റെ പരാജയം അപ്പോള്‍ തീര്‍ച്ചയായും വേദനിപ്പിച്ചിട്ടുണ്ടാവുമല്ലോ.
ഉറപ്പല്ലേ. ആ സിനിമ ഇപ്പോഴും ഇവിടെ ഉണ്ടെന്നുള്ളതാണ് സന്തോഷം.
97 കാലഘട്ടത്തിലാണ് കളയുടെ കഥ നടക്കുന്നത്. ടൊവിനോ തോമസിനെ കൂടാതെ ലാലും ദിവ്യപിള്ളയും സുമേഷ് മൂറും പിന്നെ ഒട്ടനവധി തീയേറ്റര്‍ ആര്‍ട്ടിസ്റ്റുകളും കളയുടെ അഭിനയനിരയിലുണ്ട്.
For More Images KALA
Recent Comments