സിനിമയുടെ പ്രീപബ്ലിസിറ്റിയുടെ ഭാഗമായി ഫോട്ടോഷൂട്ടുകള്‍ നടത്തുന്നത് മലയാളസിനിമയില്‍ ഇന്ന് സര്‍വ്വസാധാരണമായി കഴിഞ്ഞു. അതുപോലെതന്നെയാണ് ടീസറിന്റെയും ട്രെയിലറിന്റെയുമൊക്കെ കാര്യം. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ടാണ് ഇത്തരം ചെറു വീഡിയോകള്‍ പുറത്തിറക്കാറുള്ളത്. അതുണ്ടാക്കുന്ന ഇംപാക്ട് ചെറുതല്ല.
സാധാരണഗതിയില്‍ ഒരു ടീസറോ ട്രെയിലറോ മോഷന്‍ പോസ്റ്ററോ എന്തുതന്നെയായിക്കൊള്ളട്ടെ, അതെല്ലാംതന്നെ സിനിമയിലുള്ള രംഗങ്ങള്‍ ഉള്‍ക്കൊള്ളിച്ച് നിര്‍മ്മിക്കുന്നവയാണ്. അതിനെ പ്രത്യേക വൈദഗ്ധ്യത്തോടെ എഡിറ്റ് ചെയ്താണ് അവതരിപ്പിക്കുന്നത്. സിനിമയുടെ പൊതുസ്വഭാവം അത് വെളിപ്പെടുത്തുന്നുണ്ടാവും. സിനിമ കാണാനുള്ള ആവേശം അത് പ്രേക്ഷകരില്‍ ഉയര്‍ത്തും. ഓരോ ട്രെയിലറും ടീസറും ലക്ഷ്യം വയ്ക്കുന്നതും അതാണ്.
നിവിന്‍പോളിയെ നായകനാക്കി രതീഷ് ബാലകൃഷ്ണന് പൊതുവാള് രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘കനകം, കാമിനി, കലഹം’ എന്ന ചിത്രത്തിന്റെ ടീസറും തൊട്ടുമുമ്പാണ് പുറത്തിറങ്ങിയത്.
നാടകത്തിന്റെ പശ്ചാത്തലമാണ് ടീസറിനുള്ളത്. സുധീര്‍ പറവൂറും ഗ്രെയ്സി ആന്റണിയും നിവിന്‍ പോളിയും വിന്‍സി അലോഷ്യസും വിനയ് ഫോര്‍ട്ടും രാജേഷ് മാധവനുമാണ് അരങ്ങത്ത്. നിശ്ചലപ്രച്ഛന്നരായിട്ടാണ് അവരെ അവതരിപ്പിച്ചിരിക്കുന്നത്. ആക്ഷേപഹാസ്യത്തിന്റെ മൂര്‍ച്ച ടീസറില്‍നിന്ന് പ്രകടമാണ്.
പക്ഷേ മറ്റു ടീസറുകളില്നിന്ന് വ്യത്യസ്തമായി പടത്തില്നിന്നുള്ള ഒരു രംഗങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് സംവിധായകന് രതീഷ് പൊതുവാള് കാന്‍ ചാനലിനോട് പറഞ്ഞത്.
‘ഷൂട്ടിംഗിനിടെ ഇതിനുവേണ്ടി ഒരു ദിവസം മാറ്റിവച്ചു. പ്രത്യേകം സെറ്റും ഇട്ടു. എന്നിട്ടാണ് ഷൂട്ട് ചെയ്തത്. ആ ഭാഗങ്ങളൊന്നും സിനിമയിലുള്ളതല്ല. എന്നാല്‍ സിനിമയുടെ ഒരു മൂഡ് അത് സമ്മാനിക്കുമെന്നാണ് ഞങ്ങളുടെ വിശ്വാസം.’ രതീഷ് പറഞ്ഞു.
ഏതായാലും മലയാളത്തിലെന്നല്ല, ഇന്ത്യന്‍ സിനിമയില്‍തന്നെ ഇത്തരമൊരു പരീക്ഷണം ആദ്യമാണെന്ന് തോന്നുന്നു. ടീസറിന്റെ വിജയം കൂടുതല്‍ പേരെ ഇത്തരത്തില്‍ മാറി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചേക്കും.
നിവിന്‍പോളിയെ കൂടാതെ, ഗ്രേസ് ആന്റണി, വിനയ് ഫോര്‍ട്ട്, സുധീഷ്, ജാഫര്‍ ഇടുക്കി, ജോയി മാത്യു, വിന്‍സി അലോഷ്യസ്, സുധീര്‍ പറവൂര്‍, രാജേഷ് മാധവന് തുടങ്ങിയവും ചിത്രത്തില്‍ അഭിനയിക്കുന്നു. എറണാകുളത്തും മൂന്നാറിലുമായി ചിത്രീകരണം പൂര്‍ത്തിയായ സിനിമ തീയേറ്റര്‍ റിലീസിനുവേണ്ടിയാണ് തല്ക്കാലം കാത്തിരിക്കുന്നത്. പോളി ജൂനിയര്‍ പിക്ചേഴ്സിന്റെ ബാനറില്‍ നിവിന്‍പോളിയാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
Recent Comments