കുമളിയിലായിരുന്നു സ്റ്റേ. അവിടുന്ന് പത്ത് കിലോമീറ്റര്‍ മാറി വണ്ടിപ്പെരിയാറിനടുത്തായിരുന്നു കാവലിന്റെ അന്നത്തെ ലൊക്കേഷന്‍. തോട്ടംതൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന കോളനിയായിരുന്നു അത്. അവിടെ നിന്നാല്‍ കിഴക്കേ ചെരിവിലായി ആകാശം തൊടുന്ന സഹ്യനെ കാണാം.
ആര്‍ട്ടിസ്റ്റുകള്‍ ആരും എത്തിയിട്ടില്ല. അവരില്ലാത്ത ചില ഭാഗങ്ങള്‍ ചിത്രീകരിക്കുകയാണ് നിഥിനും കൂട്ടരും.
നിഥിന് രഞ്ജിപണിക്കര്‍ കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് കാവല്‍. ആദ്യചിത്രം കസബയായിരുന്നു.
പാകം വന്ന ഒരു ചലച്ചിത്രകാരനെപ്പോലെ നിഥിനെ തോന്നിച്ചു. എല്ലായിടത്തും അദ്ദേഹത്തിന്റെ കണ്ണുകള്‍ പതിയുന്നുണ്ട്. ഒന്നിനെക്കുറിച്ചും ഒരു സംശയവുമില്ല.
ഈ ചെറുപ്രായത്തില്‍തന്നെ രണ്ട് സൂപ്പര്‍ താരങ്ങളെ വച്ച് സിനിമയെടുത്ത സംവിധായകനാണ് നിഥിനെന്നോര്ക്കണം. ആദ്യം മമ്മൂട്ടി. ഇപ്പോള്‍ സുരേഷ്ഗോപി. സ്റ്റാര്‍ഡത്തിന്റെ രണ്ട് സ്പെക്ട്രങ്ങളില്‍ നില്ക്കുന്നവരാണവര്. മാത്രമോ, അച്ഛന് രഞ്ജിപണിക്കരുടെ തിരക്കഥയില്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ള എണ്ണമറ്റ ഹിറ്റ് ചിത്രങ്ങളുടെ നായകന്മാര്കൂടിയാണ് അവര്‍. അതിന്റെ തലച്ചുവട് ആ ചെറുപ്പക്കാരനെ ബാധിക്കുന്നുണ്ടോ എന്ന് അറിയാനാണ് ആദ്യചോദ്യം എറിഞ്ഞത്. ഒന്ന് ചിന്തിക്കാന്‍പോലും നില്‍ക്കാതെ നിഥിന് മറുപടി പറഞ്ഞു.
‘അത്തരം ഭാരങ്ങളൊന്നുമില്ല. അത് മമ്മൂക്കയെ വെച്ച് ചെയ്തപ്പോഴുമില്ല, ഇപ്പോള്‍ സുരേഷ് അങ്കിളിനെ വെച്ച് ചെയ്യുമ്പോഴുമില്ല. നമുക്ക് ഇഷ്ടപ്പെട്ട ഒരു സിനിമ ചെയ്യണമെന്ന് മാത്രമേ ആഗ്രഹിച്ചിരുന്നുള്ളൂ. പക്ഷേ അന്നത്തെപ്പോലെ അവര്‍ നല്കിയ ഹിറ്റുകള്‍ സമ്മാനിക്കാന്‍ കഴിയുമോ എന്നു മാത്രമേ സംശയമുള്ളൂ.’
‘സുരേഷ്ഗോപി-രഞ്ജിപണിക്കര്‍ സിനിമകളില്‍ നിഥിനെ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം ഏതാണ്?’
‘ലേലവും പത്രവും.’
‘സത്യത്തില്‍ ലേലത്തിന്റെ രണ്ടാംഭാഗമായിരുന്നില്ലേ ആദ്യം തുടങ്ങാനിരുന്നത്?’
‘അതെ. കസബയ്ക്കും മുമ്പേ ചെയ്യാനിരുന്ന ചിത്രമായിരുന്നു അത്. അച്ഛനാണ് അതിന് തിരക്കഥ എഴുതുന്നത്. അഭിനയത്തിന്റെ തിരക്കുകളിലേയ്ക്ക് അദ്ദേഹം പോയപ്പോള്‍ തിരക്കഥ എഴുതുന്നത് നീണ്ടു. അപ്പോഴാണ് കസബ ഉണ്ടാകുന്നത്. കസബയ്ക്കു ശേഷം ഒരു സുരേഷ്ഗോപി ചിത്രമേ ചെയ്യൂ എന്ന് ഉറപ്പിച്ചിരുന്നു. അത് ലേലത്തിന്റെ രണ്ടാം ഭാഗമായിരുന്നു. തിരക്കഥ പൂര്‍ത്തിയാകാതെ വന്നപ്പോള്‍ മറ്റൊരു ചിത്രത്തെക്കുറിച്ച് ആലോചിച്ചു. പക്ഷേ അത് നടന്നില്ല. പകരം സംഭവിച്ചത് കാവലാണ്. സുരേഷ് അങ്കിളിനുവേ ണ്ടി എഴുതിയ ചിത്രംതന്നെയാണ് കാവല്‍.’
‘അപ്പോള്‍ ലേലത്തിന്റെ രണ്ടാംഭാഗം ഉണ്ടാകും?’
‘തീര്‍ച്ചയായും.’
‘എപ്പോള്‍?’
‘അച്ഛന് എഴുതിക്കൊണ്ടിരിക്കുകയാണ്. അതാദ്യം പൂര്‍ത്തിയാകട്ടെ.’
‘സുരേഷ്ഗോപിയുമായുള്ള സൗഹൃദം തുടങ്ങുന്നത് എന്നുമുതലാണെന്ന് ഓര്‍മ്മയുണ്ടോ?’
’92 മുതലാണെന്നാണ് എന്റെ ഓര്‍മ്മ. ഏകലവ്യന്റെ ഷൂട്ടിംഗ് സമയത്താണ് അദ്ദേഹവുമായി അടുത്ത് പരിചയപ്പെടുന്നത്. അച്ഛന്റെ കീഴില്‍ അസിസ്റ്റന്റ് ഡയറക്ടറായി വര്‍ക്ക് ചെയ്തതും മറ്റൊരു സുരേഷ് അങ്കിളിന്റെ ചിത്രത്തിലാണ്. ഭരത്ചന്ദ്രന് ഐ.പി.എസ്.’
‘ആദ്യമായി മകന്റെ ചിത്രത്തില്‍ അച്ഛന് അഭിനയിക്കുന്നുവെന്ന പ്രത്യേകതയും കാവലിനുണ്ട്?’
‘അതെ. സത്യത്തില്‍ അച്ഛനുവേണ്ടി എഴുതിയ കഥാപാത്രമായിരുന്നില്ല അത്. പക്ഷേ ഷൂട്ടിംഗ് തുടങ്ങാറായപ്പോഴേക്കും അച്ഛന് കറങ്ങിതിരിഞ്ഞെത്തുകയായിരുന്നു.’
‘കാവല്‍ ചര്‍ച്ച ചെയ്യുന്ന വിഷയമെന്താണ്?’
‘തമ്പാന്റെയും ആന്റണിയുടെയും കഥയാണ് കാവല്‍. അവരുടെ രണ്ട് കാലഘട്ടത്തിന്റെ കഥ കൂടിയാണ്. രണ്ടായിരത്തിന്റെ തുടക്കത്തില്‍ തമ്പാനും ആന്റണിയും എന്തായിരുന്നുവെന്നും അവരുടെ ജീവിതത്തില്‍ എന്ത് സംഭവിച്ചുവെന്നും പറയുന്ന സിനിമ 20 വര്‍ഷങ്ങള്‍ക്കുശേഷം അതിന്റെ പിന്തുടര്ച്ച എന്താണെന്ന് തേടുകയാണ്. ഫാമിലി ഡ്രാമ ആക്ഷന്‍ മൂഡുള്ള ചിത്രം. അതാണ് ഒറ്റവാക്കില്‍ കാവല്‍. തമ്പാനായി സുരേഷ്അങ്കിളും ആന്റണിയായി അച്ഛനും വേഷമിടുന്നു.’
‘റിലീസ്?’
‘ഒ.ടി.ടി. പ്ലാറ്റ്ഫോമിനെക്കുറിച്ച് ചിന്തിക്കുന്നതേയില്ല. വിഷുവിന് തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിക്കാനാണ് ആഗ്രഹിക്കുന്നത്.’
ഗുഡ്വില് എന്റര്ടൈന്മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് കാവല്‍ നിര്‍മ്മിക്കുന്നത്. സുരേഷ്ഗോപിയെയും രഞ്ജിപണിക്കരെയും കൂടാതെ ശങ്കര്‍ രാമകൃഷ്ണന്, ശ്രീജിത്ത് രവി, സുരേഷ് കൃഷ്ണ, സാദ്ദിഖ്, ജുബില്‍ രാജ്, ചാലിപാല, ഇവാന് അനില്‍, അരിസ്റ്റോ സുരേഷ്, രാജേഷ് ശര്‍മ്മ, പത്മരാജന് രതീഷ്, കിച്ചു തലത്ത്, റെയ്ച്ചല്‍ ഡേവിഡ്, മുത്തുമണി, പൗളി വല്സന്, അഞ്ജലി നായര്‍, അംബികാ മോഹന്‍ തുടങ്ങിയവരും കാവലിന്റെ താരനിരയിലുണ്ട്.
നിഖില്‍ എസ്. പ്രവീണ്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ മന്‍സൂര്‍ മുത്തൂട്ടിയാണ്. സംഘട്ടനം സുപ്രീം സുന്ദര്‍, മാഫിയാ ശശി, റണ്‍ രവി. സംഗീതം രഞ്ജിന്‍രാജ്, ആര്‍ട് ദിലീപ് നാഥ്, മേക്കപ്പ് പ്രദീപ് രംഗന്, കോസ്റ്റ്യൂം നിസാര്‍ റഹ്മാന്, പ്രൊഡക്ഷന്‍ കണ്ട്രോളര് സഞ്ജയ് പടിയൂര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് പൗലോസ് കുറുമറ്റം, പ്രൊഡക്ഷന്‍ മാനേജര്‍ അഭിലാഷ്, വിനു കൃഷ്ണന്. ചീഫ് അസോസിയേറ്റ് സനല്‍ പി. ദേവന്, സ്യമന്തക് പ്രദീപ്, സ്റ്റില്‍സ് മോഹന്‍ സുരഭി.
Recent Comments