മലയാള സിനിമ ഇന്ഡസ്ട്രിസിയിലേയ്ക്ക് മറ്റൊരു നിര്‍മ്മാണ കമ്പനികൂടി കടന്നുവരുന്നു- വണ്‍ഡേ ഫിലിംസ്. ഖത്തറിലെ വ്യവസായ പ്രമുഖനായ ബിജു മത്തായിയാണ് വണ്‍ഡേ ഫിലിംസിന്റെ അമരക്കാരന്. ഈ ബാനറില്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രമാണ് കുപ്പീന്ന് വന്ന ഭൂതം. റാഫിയുടെ തിരക്കഥയില്‍ ഹരിദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജിനുമൊപ്പം റാഫിയും ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രീകരണം നവംബറില്‍ തുടങ്ങും. എറണാകുളമാണ് പ്രധാന ലൊക്കേഷന്‍. ക്രൗണ്‍ പ്ലാസയില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍വച്ച് ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ചും ബാനര്‍ ലോഞ്ചും നടന്നിരുന്നു.
വണ്‍ഡേ സിനിമയുടെ ബാനറില്‍ കൂടുതല്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചയിലാണെന്ന് ബിജു മത്തായി കാന്‍ ചാനലിനോട് പറഞ്ഞു.
മലയാളത്തിലെ എണ്ണംപറഞ്ഞ തിരക്കഥാകൃത്തുക്കളായ പ്രിയദര്ശന്, ശ്രീനിവാസന്, ഡെന്നീസ് ജോസഫ്, രഞ്ജിത്ത്, ടി. ദാമോദരന്‍, ഗിരീഷ് പുത്തഞ്ചേരി, ബാബു ജനാര്ദ്ദനന്, റോബിന് തിരുമല, എന്നിവരുടെ തിരക്കഥകളില്‍ സിനിമ ചെയ്ത അപൂര്‍വ്വം സംവിധായകരില്‍ ഒരാള്‍ കൂടിയാണ് ഹരിദാസ്. കിന്നരി പുഴയോരം, കഥ, സംവിധാനം കുഞ്ചാക്കോ, ജോര്‍ജുകുട്ടി C/o ജോര്‍ജുകുട്ടി, കാട്ടിലെ തടി തേവരുടെ ആന, പഞ്ചലോഹം, കണ്ണൂര്‍ തുടങ്ങിയവ ഇവരുടെ തിരക്കഥകളില്‍ അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങളാണ്. ഏറ്റവും ഒടുവിലായി റാഫിക്കൊപ്പവും ചേര്‍ന്ന് അദ്ദേഹം സിനിമ ചെയ്യുകയാണ്.
‘റാഫിയെ തുടക്കക്കാലം മുതല്‍ എനിക്കറിയാം. അദ്ദേഹം ചെയ്ത സിനിമകളെല്ലാംതന്നെ എനിക്കിഷ്ടമാണ്. റാഫിക്ക് എന്നോടും വാത്സല്യമുണ്ട്. വളരെ നാളുകളായുള്ള എന്റെ ആഗ്രഹമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമാകുന്നത്. ഈ തിരക്കഥ പൂര്‍ത്തിയാക്കാന്‍തന്നെ മൂന്ന് വര്‍ഷത്തോളമെടുത്തു. അത്രയും കാലമായി ഈ പ്രൊജക്ടിന്റെ പുറകില്‍ ഞങ്ങളുണ്ടായിരുന്നു.’ ഹരിദാസ് പറഞ്ഞു.
രണ്ട് ചെറുപ്പക്കാരുടെ കൈകളിലേയ്ക്ക് എത്തുന്ന ഒരു ഭൂതത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. നിറഞ്ഞ ഹ്യൂമറിലാണ് ചിത്രം അവതരിപ്പിക്കുന്നത്. ഭൂതമായി റാഫിയും ചെറുപ്പക്കാരായി വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും വേഷമിടുന്നു. സീതയാണ് ചിത്രത്തിലേയ്ക്ക് കാസ്റ്റ് ചെയ്യപ്പെട്ട മറ്റൊരു താരം. ഗുഡ്വില് എന്റര്‍ടെയിന്‍മെന്റ്സാണ് ചിത്രം പ്രദര്ശത്തിനെത്തിക്കുന്നത്.
Recent Comments