ഹരീഷ് പേരടി കേന്ദ്രകഥാപാത്രമാകുന്ന ചിത്രത്തിന് പേരിട്ടു- മധുര കണക്ക്. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ മമ്മൂട്ടിയാണ് പേര് പ്രഖ്യാപിച്ചത്.
ഹരീഷിനെ സംബന്ധിച്ചിടത്തോളം ഏറെ സവിശേഷതകളുള്ള ഒരു ചിത്രമാണ് മധുര കണക്ക്. അദ്ദേഹം വീണ്ടും നായകനാകുന്നു എന്നത് മാത്രമല്ല, ആത്മമിത്രം കൂടിയായ എ. ശാന്തകുമാര്‍ മരിക്കുന്നതിന് മുമ്പ് എഴുതി പൂര്‍ത്തിയാക്കിയ തിരക്കഥ സിനിമയാകാന്‍ പോകുന്നതിന്റെ സന്തോഷവും അദ്ദേഹം അനുഭവിക്കുന്നു.
‘നാടകകാലത്ത് തുടങ്ങിയ സൗഹൃദമാണ് എനിക്ക് ശാന്തനുമായിട്ടുള്ളത്. കഴിഞ്ഞ ജൂലൈയിലായിരുന്നു ശാന്തനെ മരണം കവര്‍ന്നു കൊണ്ടുപോയത്. രക്താര്‍ബ്ബുദ ബാധിതനായിരുന്നു. അതിനിടെ കോവിഡും പിടികൂടി. ശാന്തന്റെ അകാല വിയോഗത്തിന് അത് വഴിവച്ചു. അതിനുമുമ്പ് അവന് എനിക്ക് എഴുതി നല്കിയ തിരക്കഥയാണ് മധുര കണക്ക്. നിരവധി നാടകങ്ങളെഴുതി സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും ശാന്തന് സിനിമയ്ക്കുവേണ്ടി തിരക്കഥ എഴുതുന്നത് ഇത് രണ്ടാംതവണയാണ്. ആദ്യചിത്രം ഭൂമിയിലെ മനോഹര സ്വകാര്യമായിരുന്നു. മികച്ച സ്വഭാവനടനടക്കം സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയ ചിത്രമാണ്. അതിനുശേഷമാണ് ശാന്തന് മധുര കണക്ക് എഴുതുന്നത്. ഒരു റിട്ടയേര്‍ഡ് കണക്ക് അദ്ധ്യാപകന്റെ ജീവിതം പറയുന്ന സിനിമയാണ്. ശാന്തന് സൃഷ്ടിച്ച കഥാപാത്രങ്ങള്‍ ജീവന് വയ്ക്കാന്‍ പോകുന്നതിന്റെ സന്തോഷത്തിലാണ് ഞാന്‍.’ ഹരീഷ് പേരടി തുടര്‍ന്നു.
‘രാധേശ്യാമാണ് സംവിധായകന്. ഇന്ദ്രന്‍സ്, ഹരീഷ് കണാരന്, സെന്തില്‍, നിഷ സാരംഗി എന്നിവരും താരനിരയിലുണ്ട്. ഫെബ്രുവരി 20 ന് ചിത്രം കോഴിക്കോട് ആരംഭിക്കും. എന്‍.എം. മൂവീസിന്റെ ബാനറില്‍ നസീര്‍ എം.എ. ആണ് ചിത്രം നിര്‍മ്മിക്കുന്നത്.’
Recent Comments