മണിയന്‍പിള്ള രാജു നിര്‍മ്മിച്ച് സേതു തിരക്കഥയെഴുതി സംവിധാനം ചെയ്ത മഹേഷും മാരുതിയും എന്ന സിനിമയുടെ ഓഡിയോ ലോഞ്ചായിരുന്നു ഇന്നലെ. എറണാകുളത്തെ മാരിയറ്റ് ഹോട്ടലില്‍വച്ചായിരുന്നു ചടങ്ങ്. അതിനിടയിലാണ് രസകരമായ ചില മുഹൂര്‍ത്തങ്ങള്‍ക്ക് വേദി സാക്ഷിയായത്.
അതിഥികളെ സ്വാഗതം ചെയ്യാനെത്തിയ മണിയന്‍പിള്ള രാജു ചിത്രത്തിലെ നായകന് കൂടിയായ ആസിഫ് അലിയെ പരാമര്‍ശിക്കുമ്പോള്‍ പറഞ്ഞു.
‘ആസിഫ് വിളറി വെളുത്തുപോയ ഒരു സംഭവം പറയാം. ഷൂട്ടിംഗ് പാക്കപ്പായ ദിവസം. പാര്‍ട്ടി നടന്നുകൊണ്ടിരിക്കുന്നതിനിടെ ഞാന്‍ ആസിഫിനോട് പറഞ്ഞു. മമ്മൂട്ടിയെയും ലാലിനെയും വച്ചൊക്കെ ഞാന്‍ സിനിമ നിര്‍മ്മിച്ചിട്ടുണ്ട്. പക്ഷേ അവരില്‍നിന്നൊന്നും ഇങ്ങനെയൊരു മോശപ്പെട്ട അനുഭവം ഉണ്ടായിട്ടില്ല. പെട്ടെന്ന് ആസിഫിന്റെ മുഖം മാറി. എന്താ ചേട്ടാ, എന്താ സംഭവം. ആസിഫിനെ ടെന്‍ഷനാക്കാന്‍ ഞാന്‍ വീണ്ടും പലതും പറഞ്ഞുകൊണ്ടിരുന്നു. പെട്ടെന്ന് ആസിഫ് പറഞ്ഞു. ചേട്ടാ, പ്രതിഫലത്തിന്റെ ബാക്കി തുക എനിക്ക് തരണ്ട.’ ഇത് കേട്ട് സദസ്സ് പൊട്ടിച്ചിരിച്ചു. വേദിയിലുണ്ടായിരുന്ന ആസിഫ് ഇടപെട്ടു.
‘എന്റെ അടുത്ത ചിത്രങ്ങളുടെ നിര്‍മ്മാതാക്കളാണ് സമീപമുള്ളത്. എന്റെ കഞ്ഞിക്കുടി മുട്ടിക്കരുത്.’ സദസ്സ് വീണ്ടും ചിരിച്ചു.
പിന്നീട് ആസിഫ് സംസാരിക്കാനെത്തിയപ്പോള്‍ അവതാരക കൂടിയായ മീരയുടെ ചോദ്യം.
‘ബഹുമാന്യനായ സ്പീക്കര്‍കൂടി (എ.എം. ഷംസീര്‍ ചടങ്ങില്‍ പങ്കുകൊണ്ടിരുന്നു) ഉള്ള സദസ്സാണ്. നമ്മുടെ രാജുവേട്ടന് മന്ത്രിസഭയില്‍ ഒരു സ്ഥാനം കൊടുക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ആസിഫ് ഏത് വകുപ്പ് നിര്‍ദ്ദേശിക്കും.’
അതിന് മറുപടി പറയാന്‍ ആസിഫ് ഒട്ടും അമാന്തിച്ചില്ല. ‘ധനകാര്യം.’
പെട്ടെന്ന് മണിയന്‍പിള്ള രാജു ഇടപെട്ടു.
‘ഇപ്പോള്‍ മനസ്സിലായില്ലേ… ഞാന്‍ മുഴുവന്‍ പ്രതിഫലവും ആസിഫിന് കൊടുത്തുവെന്ന്.’
സദസ്സില്‍ വീണ്ടും ചിരിപടരുന്നതിനിടെ മുന്‍നിരയിലുണ്ടായിരുന്ന നിര്‍മ്മാതാവ് ആല്വിന് ആന്റണിയെ ചൂണ്ടി മണിയന്‍പിള്ള പറഞ്ഞു.
‘എക്സൈസ് വകുപ്പ് ആല്വിനുതന്നെ കൊടുക്കണം.’ സദസ്സില്‍ വീണ്ടും പൊട്ടിച്ചിരി ഉയര്‍ന്നു.
ഹരിനാരായണന് എഴുതി കേദാര്‍ ഈണമിട്ട രണ്ട് പാട്ടുകളാണ് ചിത്രത്തിലുള്ളത്. ആ രണ്ട് പാട്ടുകളും വേദിയില്‍ പ്രദര്‍ശിപ്പിച്ചു. അതില്‍ ഒരു ഗാനം ആലപിച്ച മുരളി കൃഷ്ണ അത് വേദിയില്‍ പാടുകയും ചെയ്തു. മുരളി കൃഷ്ണയുടെ ആദ്യ പിന്നണിഗാനമാണിത്.
ചിത്രത്തിലെ നായിക മംമ്ത ചടങ്ങില്‍ എത്തിയിരുന്നില്ല. അമേരിക്കയിലുള്ള മംമ്ത അയച്ച വീഡിയോ സന്ദേശവും വേദിയില്‍ പ്ലേ ചെയ്തിരുന്നു.
മണിയന് പിള്ള രാജു പ്രൊഡക്ഷന്റെ ലോഗോ സംവിധായകന് ജോഷിയാണ് ലോഞ്ച് ചെയ്തത്.
Recent Comments