മാളികപ്പുറം കണ്ടു. എങ്ങനെയാണ് ആ ചിത്രത്തെ വിശേഷിപ്പിക്കേണ്ടത്. അറിയില്ല. നിങ്ങളൊരു അയ്യപ്പ വിശ്വാസിയാണെങ്കില്‍ സിനിമ കണ്ടിറങ്ങുമ്പോള്‍ നെഞ്ചിനകത്തൊരു വിങ്ങല്‍ വന്നുനിറയും. സാവധാനം അത് ദ്രവീകരിച്ചിറങ്ങും. അറിയാതെ അയ്യപ്പനെ വിളിച്ചുപോകും. ഒരിറ്റ് കണ്ണീര് വാര്‍ക്കും. സ്വയം ശുദ്ധീകരിക്കപ്പെടുന്നതാണ്. ഒരു സിനിമയ്ക്ക് ഇത്രയൊക്കെ ചെയ്യാന്‍ കഴിയുമെങ്കില്‍ മറ്റ് വിശേഷണങ്ങളൊന്നും മാളികപ്പുറത്തിനൊപ്പം ചേര്ത്തുവായിക്കാനില്ല.
നിസ്സഹായരായ മനുഷ്യരുടെ മുന്നില്‍ ദൈവം ഏതു രൂപത്തിലും പ്രത്യക്ഷപ്പെട്ടേക്കും. ബെന്യാമിന്റെ ആടുജീവിതത്തില്‍ പറയുന്നതുപോലെ ദൈവം ഡ്രൈവറുടെ രൂപത്തിലും വരും. മാളികപ്പുറത്തിന്റെ കാര്യത്തില്‍ അത് പോലീസുകാരനായിരുന്നുവെന്നുമാത്രം. പേരുകൊണ്ട് അയാള്‍ അയ്യപ്പദാസുമാണ്. തിരക്കഥാകൃത്തിന്റെ മിടുക്കാണത്. അങ്ങനെ ഒന്നല്ല, ഒരുപാടിടങ്ങളില്‍ ആ മിടുക്ക് ഒളിപ്പിച്ച് വച്ചിട്ടുണ്ട് അഭിലാഷ് പിള്ള. സാധാരണ ഭക്തിയെ യുക്തികൊണ്ട് അളക്കാവുന്നതല്ല. കാരണം യുക്തിക്കും മുകളിലാണ് ഭക്തിയുടെ സ്ഥാനം. പക്ഷേ, ഭക്തിയെയും യുക്തിയെയും സമഞ്ജസിപ്പിക്കുന്ന രചനാവൈഭവത്താലാണ് വിശ്വാസിയും അവിശ്വാസിയും ഒരേപോലെ മാളികപ്പുറത്തെ നെഞ്ചിലേറ്റുന്നത്.
പലപ്പോഴും കഥാപാത്രങ്ങളില്‍ നിന്ന് താരങ്ങള്‍ അകന്ന് പോകാറുണ്ട്. ഒരുതരം മിസ് ഫിറ്റ്. പക്ഷേ ഇവിടെ അങ്ങനെയല്ല. കഥാപാത്രങ്ങളായി താദാത്മ്യപ്പെടുകയാണ്. ഒരു നടന് പ്രത്യക്ഷനായിരിക്കെ, അപ്രത്യക്ഷനാകുന്ന ഒരു ജാലവിദ്യയുണ്ട്. അതാണ് അഭിനയത്തിന്റെ മര്‍മ്മം. മാളികപ്പുറത്തിലെ കഥാപാത്രങ്ങള്‍ക്കെല്ലാം അങ്ങനെ ചില ആന്തരിക ശുദ്ധി കൈവന്നിട്ടുണ്ട്. പ്രത്യേകിച്ചും കല്ലുവും പീയുഷും അയ്യപ്പദാസുമൊക്കെ ആ ജാലവിദ്യയിലൂടെ കടന്നുപോകുന്നവരാണ്. ദേവനന്ദയെയും ശ്രീപഥിനെയും ഉണ്ണിമുകുന്ദനെയുമൊന്നും അവിടെ കാണാനാവുന്നില്ല. അഭിനന്ദനങ്ങള്‍.
ഒരല്‍പ്പം നാടകീയത തോന്നിക്കുന്നിടത്തുനിന്നുപോലും സിനിമയുടെ തുടക്കം മുതല്‍ ഒടുക്കംവരെ പ്രേക്ഷകരെയും ഒപ്പം കൂട്ടിക്കൊണ്ട് പോകുന്ന ഗംഭീര ക്രാഫ്റ്റാണ് മാളികപ്പുറത്തിന്റേത്. കുഞ്ഞുകാര്യങ്ങളിലൂടെ, എന്തിനേറെ ഒരു തേന്‍മിഠായി കൊണ്ടുപോലും ഭക്തിയും കരുതലും സ്നേഹവുമൊക്കെ പങ്കുവയ്ക്കപ്പെടുന്ന മുഹൂര്‍ത്തങ്ങളുണ്ട്. അത് പ്രേക്ഷകന് അനുഭവവേദ്യമാകണമെങ്കില്‍ ഒരു മാസ്റ്റര്‍ ക്രാഫ്റ്റ്മാന് ആ സിനിമയ്ക്ക് പിന്നിലുണ്ടാവണം. തീര്‍ച്ചയാണ്, വിഷ്ണു ശശിശങ്കര്‍ നിങ്ങള്‍ അക്കാര്യത്തില്‍ ഞങ്ങള്‍ക്ക് പ്രതീക്ഷ നല്കുന്നു.
മാളികപ്പുറം കണ്ട് കഴിഞ്ഞയുടനെ ഉണ്ടായ ഒരനുഭവംകൂടി ഇതിനോട് ചേര്‍ത്തു കുറിക്കണമെന്ന് തോന്നുന്നു. ആദ്യമൊരു നിശ്ശബ്ദതയായിരുന്നു. പിന്നെ കയ്യടികള്‍ ഉയരുന്നുണ്ടായിരുന്നു. പലരും സ്വസ്ഥാനത്തുനിന്നു എഴുന്നേറ്റുനിന്നും കൈയ്യടി തുടര്‍ന്നു. അതൊരു ആരവമായി മാറി. പശ്ചാത്തലത്തില്‍ ഹരിവരാസനം. ഇത്രയേറെ ആത്മീയശുദ്ധി പുരണ്ട തീയേറ്റര്‍ അനുഭവം ഇതാദ്യമാണ്.
കെ. സുരേഷ്
Recent Comments