ഉണ്ണി മുകുന്ദന് ആദ്യമായി നിര്‍മ്മിച്ച മേപ്പടിയാന് നാളെ കേരളത്തിലെ തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുകയാണ്. കേരളത്തില്‍ മാത്രം 172 തീയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. സ്ക്രീനുകളുടെ എണ്ണം കൂടി കണക്കിലെടുത്താല്‍ അത് 200 ന് മുകളിലേയ്ക്ക് ഉയരും.
കേരളത്തിലെ തീയേറ്ററുകളില്‍ മാത്രമാണ് മേപ്പടിയാന് നാളെ റിലീസ് ചെയ്യുന്നത്. ഇന്ത്യയ്ക്കകത്തും ജി.സി.സിയിലുമായി ജനുവരി 20 നാണ് പ്രദര്‍ശനം ഷെഡ്യൂള്‍ ചെയ്യപ്പെട്ടിരിക്കുന്നത്.
നാളെ രാവിലെ 10 മണിക്ക് ലുലു പിവിആറില്‍ സെലിബ്രിറ്റി പ്രീമിയര്‍ ഷോയും വച്ചിട്ടുണ്ട്. മേപ്പടിയാനിലെ അഭിനേതാക്കള്‍ക്കും സാങ്കേതികപ്രവര്‍ത്തകര്‍ക്കുമൊപ്പം മലയാള സിനിമയില്‍നിന്നുള്ള താരനിരക്കാരും ഷോ കാണാന്‍ എത്തുന്നുണ്ട്.
ചിത്രത്തിന്റെ പ്രദര്‍ശനത്തിന് മുന്നോടിയായി കേരളക്കരയെ ഉഴുതു മറിച്ച റോഡ് ഷോയും നടന്നിരുന്നു. കാസര്‍ഗോഡില്‍നിന്ന് ആരംഭിച്ച് തിരുവനന്തപുരത്താണ് റോഡ് ഷോ അവസാനിച്ചത്. കേരളത്തിലെ 14 ജില്ലകളില്കൂടിയും റോഡ് ഷോ കടന്നുപോയി. ഉണ്ണിമുകുന്ദനാണ് റോഡ് ഷോകള്‍ക്കെല്ലാം നേതൃത്വം വഹിച്ചത്. ആയിരങ്ങളാണ് റോഡ് ഷോയുടെ ഭാഗമായിത്തീര്‍ന്നത്. ഇതിനുമുമ്പൊന്നും ഇത്തരത്തില്‍ വ്യാപകമായൊരു റോഡ് ഷോ മലയാളസിനിമ കണ്ടിട്ടില്ലെന്നുതന്നെ പറയാം.
ഇതിനു പുറമെ ആദ്യദിവസം സിനിമ കാണാനെത്തുന്ന 111 പ്രേക്ഷകര്‍ക്ക് ഡയമണ്ട് മോതിരവും സമ്മാനമായി ചിത്രത്തിന്റെ അണിയറക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി തീയേറ്ററിലെ മേപ്പടിയാന്റെ സെല്‍ഫി കൗണ്ടറില്‍വച്ച് ഒരു സെല്‍ഫി എടുക്കുക. ഈ സെല്‍ഫിയോടൊപ്പം മേപ്പടിയാനെക്കുറിച്ചുള്ള റിവ്യൂ നാല് വരിയില്‍ കൂടാതെ എഴുതി മേപ്പടിയാന്, ചുങ്കത്ത് ഡയമണ്ട് കോണ്ടസ്റ്റ് എന്ന ഹാഷ് ടാഗിനൊപ്പം ഫെയ്സ് ബുക്കിലും ഇന്സ്റ്റഗ്രാമിയും പങ്കുവയ്ക്കണം. തെരഞ്ഞെടുക്കപ്പെടുന്ന 111 ഭാഗ്യശാലികള്‍ക്ക് 111 ഡയമണ്ട് മോതിരം സമ്മാനമായി ലഭിക്കും. ഒരു തീയേറ്ററില്‍നിന്നും ഒരു ഭാഗ്യശാലിക്കായിരിക്കും സമ്മാനം ലഭിക്കുക.
ജയകൃഷ്ണനെന്ന തനി നാട്ടിന്‍പുറത്തുകാരനായിട്ടാണ് ഉണ്ണിമുകുന്ദന് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. അഞ്ജു കുര്യന്, ഇന്ദ്രന്‍സ്, സൈജു കുറുപ്പ്, അജു വര്‍ഗ്ഗീസ്, വിജയ് ബാബു, കലാഭവന്‍ ഷാജോണ്‍, മേജര്‍ രവി, ശങ്കര്‍ രാമകൃഷ്ണന്, ശ്രീജിത്ത് രവി, കോട്ടയം രമേഷ്, കൃഷ്ണപ്രസാദ്, കുണ്ടറ ജോണി, പൗളി വത്സന് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
വിഷ്ണുമോഹന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് മേപ്പടിയാന്.
Recent Comments