വിനോദ് ഗുരുവായൂരിനെ എത്രയോ കാലമായി ഞങ്ങള്‍ക്കറിയാം. ജയരാജിന്റെയും ലോഹിതദാസിന്റെയുമൊക്കെ ശിഷ്യനായി തുടരുന്ന കാലം മുതല്ക്കുള്ള സൗഹൃദമാണ്.
അസിസ്റ്റന്റ് ഡയറക്ടറായിട്ടായിരുന്നു തുടക്കം. പിന്നീട് തിരക്കഥാകൃത്തായി. സംവിധായകനായി. അപ്പോഴും സൗഹൃദം മറന്നില്ല. ഏതു പുതിയ പ്രൊജക്ടുകളിലേയ്ക്ക് കടന്നാലും അദ്ദേഹം വിളിക്കും. വിശേഷങ്ങള്‍ പങ്കുവയ്ക്കും.
പുതിയ ചിത്രമായ മിഷന് സി യുടെ ഷൂട്ടിംഗ് ഇടുക്കിയിലെ രാമക്കല്‍മേട്ടില്‍ തുടങ്ങുമ്പോഴും ആ പതിവ് തെറ്റിച്ചില്ല.
സിനിമയില്‍ ഒരുപാട് സൗഹൃദങ്ങളുണ്ടെങ്കിലും താരങ്ങള്‍ക്ക് പിറകെ വിനോദ് സഞ്ചരിച്ചിട്ടില്ല. വിനോദിന്റെ ആദ്യ ചിത്രമായ ശിഖാമണിയിലെ നായകന് ചെമ്പന്‍ വിനോദായിരുന്നു. രണ്ടാമത്തെ ചിത്രമായ സകലകലാശാലയിലെ നായകന് നിരഞ്ജനും.
മിഷന് സിയിലെ താരമെന്ന് പറയാവുന്നത് അപ്പാനി ശരത്താണ്.
ലോഹിയുടെ അരുമശിഷ്യനായതുകൊണ്ട് കൂടിയാവാം കഥകളാണ് സിനിമയുടെ താരമെന്ന് വിനോദ് വിശ്വസിക്കുന്നു.
‘മിഷന് സി ഒരു റോഡ് മൂവിയാണ്. അതിനേക്കാള്‍ തികഞ്ഞൊരു ത്രില്ലറും. പത്രപ്രവര്‍ത്തന വിദ്യാര്‍ത്ഥികളായ അഞ്ചു പേര് ഒരു യാത്ര പോവുകയാണ്. ആ യാത്രയ്ക്കിടെ അവരുടെ ബസിലേയ്ക്ക് കുഴപ്പക്കാരായ കുറച്ചുപേര്‍ കടന്നുകയറുന്നു. പോലീസ് ചെയ്സ് ചെയ്തുകൊണ്ടിരുന്നവരാണ് അവര്‍. അവരിലേയ്ക്ക് പോലീസ് കൂടുതല്‍ അടുക്കുംതോറും കുട്ടികളുടെ ജീവന് അപകടത്തിലാവുകയായിരുന്നു. ആ പ്രതിസന്ധിയില്‍നിന്ന് അവര്‍ എങ്ങനെ മറികടക്കുന്നുവെന്നതാണ് മിഷന് സിയിലൂടെ പറയുന്നത്.’ വിനോദ് പറഞ്ഞു.
‘പുതുമുഖനിരയാണ് ഏറെയും. അവരെ മുന്നില്‍നിന്ന് നയിക്കുന്നത് അപ്പാനി ശരത്തും മീനാക്ഷി ദിനേശുമാണ്. പൊറിഞ്ചുമറിയംജോസില് നൈല ഉഷയുടെ ചെറുപ്പക്കാലം അവതരിപ്പിച്ച പെണ്‍കുട്ടിയാണ് മീനാക്ഷി. ജോഷിസാറാണ് മീനാക്ഷിയുടെ പേര് നിര്‍ദ്ദേശിച്ചത്. നല്ല പെര്‍ഫോമറാണ്. നാളത്തെ നായികയും. ഇവരെക്കൂടാതെ മേജര്‍ രവി, കൈലാഷ്, ജയകൃഷ്ണന് തുടങ്ങിയവരും അഭിനയിക്കുന്നു.’
‘ഏറെക്കാലം ഫോക്കസ് പുള്ളറായി ഇന്‍ഡസ്ട്രിയില്‍ ഉണ്ടായിരുന്ന സുശാന്ത് ശ്രീനിയാണ് ഛായാഗ്രാഹകന്‍. ആക്ഷന്‍ പ്രാധാന്യമുള്ള ചിത്രംകൂടിയാണിത്. കുങ്ഫു സജിത്തിനാണ് ആക്ഷന്റെ ചുമതല. റിയാസ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്ട്രോളര് ബിനു മുരളിയാണ്. സഹസ് ബാല കലയും മനോജ് അങ്കമാലി മേക്കപ്പും സുനില്‍ റഹ്മാന് വസ്ത്രാലങ്കാരവും നിര്‍വ്വഹിക്കുന്നു.’ വിനോദ് പറഞ്ഞു നിര്‍ത്തി.
സ്ക്വയര്‍ സിനിമാസിന്റെ ബാനറില്‍ മുല്ല ഷാജിയാണ് മിഷന് സി നിര്‍മ്മിക്കുന്നത്.
Recent Comments