ജിസ് ജോയ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് മോഹന്‍കുമാര്‍ ഫാന്‍സ്. ജിസ് ഇതുവരെ ചെയ്ത ചിത്രങ്ങളില്‍ നിന്നൊക്കെ വ്യത്യസ്തമായി ബിഗ് കാന്‍വാസിലാണ് മോഹന്‍കുമാര്‍ ഫാന്‍സ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. കാശ്മീരും കൊല്ക്കത്തയുമടക്കമുള്ള സ്ഥലങ്ങളിലാണ് ചിത്രം ഷൂട്ട് ചെയ്തത്. താരനിരയിലും ഡസനോളം അഭിനേതാക്കളുടെ സാന്നിദ്ധ്യമുണ്ട്. ജിസിന്റെ ആദ്യ മൂന്ന് ചിത്രങ്ങളിലേയും നായകന് ആസിഫ് അലി ആയിരുന്നെങ്കിലും ഈ ചിത്രത്തിലെ നായകന് പക്ഷേ കുഞ്ചാക്കോ ബോബനാണ്. എന്തുകൊണ്ട് ചാക്കോച്ചന് എന്ന ചോദ്യത്തിന് ജിസിന്റെ മറുപടിയും നേരിട്ടുള്ളതായിരുന്നു.
‘ഈ കഥാപാത്രത്തിന് നൂറ് ശതമാനവും ഇണങ്ങുന്ന അഭിനേതാവ് ചാക്കോച്ചനാണ്. അതുകൊണ്ട് മറ്റൊരാളെക്കുറിച്ച് ചിന്തിക്കേണ്ടതായി വന്നില്ല. ഇതില്‍ ഒരു പാട്ടുകാരന്റെ വേഷമാണ് ചാക്കോച്ചന്. ചാക്കോച്ചന് അങ്ങനെയൊരു വേഷം ഏറ്റവും ഒടുവിലായി ചെയ്തത് പ്രേംപൂജാരിയിലാണ്. അതുപോലെ മലയാള സിനിമയില്‍ ഇത്രയും ബ്രില്യന്റായ ഒരു ഡാന്‍സര്‍ വേറെ ഇല്ല. അദ്ദേഹത്തിന്റെ ഡാന്‍സ് നമ്പരുകളും ഈ സിനിമയില്‍ നന്നായി ഉപയോഗിച്ചിട്ടുണ്ട്. ചാക്കോച്ചനെ കണ്ടപ്പോഴൊക്കെ എങ്ങനെ നന്നായി ഉപയോഗിക്കണമെന്ന് എനിക്ക് തോന്നിയിട്ടുണ്ടോ അങ്ങനെയൊക്കെയാണ് അദ്ദേഹത്തെ ഈ സിനിമയില്‍ ഉപയോഗിച്ചിട്ടുള്ളത്.’
‘ആസിഫ് അലിയുമായി വല്ലാത്ത ആത്മബന്ധം എനിക്കുണ്ട്. ആസിഫ് ഇല്ലാത്ത ഒരു സിനിമ ചെയ്യണമെന്നൊരു ആഗ്രഹവും ഈ ചിത്രത്തിന് പിന്നിലുണ്ട്. എന്നുമാത്രമല്ല, ഞാന്‍ കമ്മിറ്റ് ചെയ്തിരിക്കുന്ന അടുത്ത രണ്ട് ചിത്രങ്ങളിലേയും നായകന് ആസിഫ് അലിയാണ്. ആദ്യം ഗോകുലം പിക്ച്ചേഴ്സിനുവേണ്ടിയും രണ്ടാമത്തെ ചിത്രം സെന്‍ട്രല്‍ പിക്ച്ചേഴ്സിനുവേണ്ടിയുമാണ് ചെയ്യുന്നത്.’
ബൈസിക്കിള്‍ തീവ്സിനുവേണ്ടി കഥ എഴുതിയ അജിത് പിള്ളയും സണ്‍ഡേ ഹോളിഡേയ്ക്ക് വേണ്ടി കഥയെഴുതിയ കിരണും ഉരാസും വിജയ് സൂപ്പറും പൗര്ണമിക്കുവേണ്ടി കഥ എഴുതിയ തരുണ്‍ ഭാസ്കറും ഏതാണ്ട് നവാഗതരാണ്. എന്നാല്‍ മോഹന്‍ കുമാര്‍ ഫാന്‍സിന്റെ കഥാകാരന്മാരായ ബോബി സഞ്ജയ് മലയാളത്തിലെ വളരെ എസ്റ്റാബ്ലിഷ്ഡ് റൈറ്റേഴ്സാണ്. എന്നിട്ടും എന്തുകൊണ്ടാണ് അവരെക്കൊണ്ട് തിരക്കഥയും സംഭാഷണവും എഴുതിക്കാതിരുന്നത്?
ആഗ്രഹമില്ലാഞ്ഞിട്ടല്ല, പക്ഷേ അവരെ തിരക്കൊഴിഞ്ഞ് കിട്ടേണ്ടേ. കായംകുളം കൊച്ചുണ്ണിയുടെയും ഉയരെയുടെയും ഒക്കെ എഴുത്തുജോലികള്‍ നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് സഞ്ജയ് ഇതിന്റെ കഥ പറയുന്നത്. തിരക്കഥ എഴുതിക്കൊള്ളണമെന്നുള്ള മുന്‍കൂര്‍ അനുമതിയോടെയാണ് കഥ പറഞ്ഞതുതന്നെ. കാരണം അവരുടെ തിരക്കുകളൊഴിഞ്ഞ് എഴുതിക്കാമെന്ന് വിചാരിച്ചാല്‍ ഈ നൂറ്റാണ്ടിലൊന്നും നടക്കാനിടയില്ല. ഇക്കാര്യത്തില്‍ അവര്‍ക്ക് എന്റെമേലുള്ള കോണ്‍ഫിഡന്‍സും ഒരംഗീകാരമാണ്.
സണ്‍ഡേ ഹോളിഡേ കണ്ട് ഇഷ്ടപ്പെട്ട് അതിന് അഭിനന്ദനം അറിയിക്കാനാണ് സഞ്ജയ് എന്നെ വിളിക്കുന്നത്. ഞങ്ങളുടെ സൗഹൃദം ആരംഭിക്കുന്നതും അന്നുമുതല്ക്കാണ്. എനിക്കുവേണ്ടി എഴുതണമെന്ന് ഞാനന്ന് അങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു. അതിനുശേഷമാണ് ഈ കഥ എന്നോട് പറയുന്നതും എനിക്ക് ഇഷ്ടപ്പെടുന്നതും.
മോഹന്‍കുമാര്‍ ഫാന്‍സ് എന്ന ടൈറ്റില്‍ ആര് നല്‍കിയതാണ്?
ഫാന്‍സ് എന്നാണ് സഞ്ജയ് ഈ കഥയ്ക്ക് ഇട്ടിരുന്ന പേര്. മോഹന്‍കുമാര്‍ എന്നുകൂടി ചേര്‍ക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടതാണ്. അങ്ങനെ നോക്കിയാല്‍ ഞങ്ങള്‍ രണ്ടുപേരുംകൂടി ഇട്ടതാണ് മോഹന്‍കുമാര്‍ ഫാന്‍സ്.
ആരാണ് മോഹന്‍കുമാര്‍?
ചിത്രത്തിന്റെ ട്രെയ്ലര് കണ്ടതില്‍നിന്ന് ചിലരെങ്കിലും അത് ഊഹിച്ചിട്ടുണ്ടാകും. ഏതായാലും ഞാനായിട്ടത് പറയുന്നില്ല. സിനിമ കണ്ടിട്ട് പ്രേക്ഷകര്‍തന്നെ തീരുമാനിക്കട്ടെ.
സിനിമയ്ക്കുള്ളിലെ സിനിമയാണോ മോഹന്‍കുമാര്‍ ഫാന്‍സ്?
ഉദയനാണ് താരത്തിനും തിരക്കഥയ്ക്കും ശേഷം ലക്ഷണമൊത്ത സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ചിത്രങ്ങള്‍ മലയാളത്തില്‍ നമുക്കുണ്ടായിട്ടില്ലെന്ന് തന്നെ പറയാം. മോഹന്‍കുമാര്‍ ഫാന്‍സ് അതിനൊരു അപവാദമായിരിക്കുമെന്നാണ് എന്റെ പ്രതീക്ഷ. സിനിമയ്ക്കകത്ത് പ്രവര്‍ത്തിക്കുന്ന എല്ലാവര്ക്കും റിലേറ്റ് ചെയ്യാന്‍ കഴിയുന്ന നിരവധി കാര്യങ്ങള്‍ ഇതിലുണ്ടെങ്കിലും സിനിമയില്‍ വിജയം നേടാനാവാതെ പോയവരാണ് അത് ഏറ്റവുമധികം ഹൃദയത്തിലേറ്റുക. സത്യത്തില്‍ അവര്‍ക്കുവേണ്ടിയുള്ള ട്രിബ്യൂട്ട് കൂടിയാണ് ഈ ചിത്രം. ഇതിന്റെ ട്രെയ്ലര് കണ്ട് എന്നെ വിളിച്ചവരിലേറെയും അങ്ങനെയുള്ളവരായിരുന്നു.
അതുപോലെ പാട്ടുകള്‍ക്കും ഈ സിനിമയില്‍ ഒരുപോലെ പ്രാധാന്യമുണ്ട്. ഏഴ് പാട്ടുകളാണുള്ളത്. ചിത്രച്ചേച്ചിയും വിജയ് യേശുദാസും വിനീത് ശ്രീനിവാസനും ബെന്നി ദയാലും ശ്വേതാമോഹനും റിമി ടോമിയുമടക്കമുള്ള ഒരു വലിയ ഗായകനിര ഈ ചിത്രത്തിനുവേണ്ടി പാടിയിട്ടുണ്ട്. ഈ ചിത്രത്തിലേയും പട്ടുകള്‍ എഴുതിയിരിക്കുന്നത് ഞാന്‍തന്നെയാണ്. പ്രിന്‍സ് ജോര്‍ജ്ജാണ് സംഗീത സംവിധായകന്.
താരനിരയില്‍ ചാക്കോച്ചന്റെ പേര് മാത്രമേ പറഞ്ഞുള്ളൂ?
ശ്രീനിവാസന്, സിദ്ധിഖ്, മുകേഷ്, സൈജു കുറുപ്പ്, വിനയ് ഫോര്‍ട്ട്, രമേഷ് പിരാഷരടി, കൃഷ്ണശങ്കര്, ജോയ് മാത്യു, മേജര്‍ രവി, അലന്‍സിയര്‍, അനാര്‍ക്കലി നാസര്‍, കെ.പി.എ.സി. ലളിത, അഞ്ജലി, ശ്രീലക്ഷ്മി തുടങ്ങിയവരും ചിത്രത്തിലെ അഭിനേതാക്കളാണ്.
Recent Comments