ആഷിഖ് അബു സംവിധാനം ചെയ്യുന്ന നീലവെളിച്ചത്തിന്റെ ഷൂട്ടിംഗ് ഏപ്രില്‍ 25 ന് പിണറായില്‍ ആരംഭിക്കും. വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന പ്രശസ്തമായ നോവലിനെ അധീകരിച്ച് ഒരുങ്ങുന്ന ചിത്രമാണിത്. മുമ്പ് ഭാര്‍ഗവി നിലയം എന്ന പേരില്‍ എ. വിന്‍സെന്റ് ഒരുക്കിയ ചിത്രത്തിന്റെ പുതിയ പതിപ്പാണ് നീലവെളിച്ചം. സംഭാഷണത്തില്‍ ചില കാതലായ മാറ്റം വരുത്തിയിട്ടുണ്ടെങ്കിലും കഥയും കഥാപാത്രങ്ങളുമൊക്കെ അങ്ങനെതന്നെ തുടരും.
പൃഥ്വിരാജിനെയും കുഞ്ചാക്കോ ബോബനെയും സൗബിന് ഷാഹിറിനെയുംവച്ചാണ് ഈ സിനിമ ആദ്യം അനൗണ്‍സ് ചെയ്യപ്പെട്ടത്. ഭാര്‍ഗവി നിലയത്തില്‍ മധുവും പ്രേംനസീറും പി.ജെ. ആന്റണിയും ചെയ്ത കഥാപാത്രങ്ങളെയാണ് ഇവര്‍ യഥാക്രമം അവതരിപ്പിക്കാനിരുന്നതും. എന്നാല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ഷെഡ്യൂള്‍ നീണ്ടതോടെ കാസ്റ്റിംഗിലും മാറ്റങ്ങള്‍ വന്നു. പൃഥ്വിക്കും ചാക്കോച്ചനും പകരക്കാരായി ടൊവിനോ തോമസും ആസിഫ് അലിയും എത്തി. അതിനാണിപ്പോള്‍ വീണ്ടും മാറ്റങ്ങള്‍ വന്നിരിക്കുന്നത്. ആസിഫിന് പകരക്കാരനായി എത്തുന്നത് റോഷന് മാത്യുവാണ്. സൗബിന് പകരക്കാരനായി ഷൈന്‍ടോം ചാക്കോയും എത്തും.
ദിലീഷ് പോത്തനും റിമാ കല്ലിങ്കലും രാജേഷ് മാധവനുമാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. വിജയ നിര്‍മ്മല അവതരിപ്പിച്ച കഥാപാത്രത്തെ റിമ കല്ലിങ്കലും അടൂര്‍ഭാസി അവതരിപ്പിച്ച കഥാപാത്രത്തെ ദിലീഷ് പോത്തനുമാണ് ചെയ്യുന്നതെന്ന് അറിയുന്നു. ഇത് കൂടാതെ ഓഡിഷനിലൂടെ തെരഞ്ഞെടുക്കപ്പെട്ട നിരവധി പുതുമുഖങ്ങളും നീലവെളിച്ചത്തിന്റെ ഭാഗമാകും.
Recent Comments