ജീത്തു ജോസഫും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന നേരിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയത് പിന്നാലെ വന്‍ ജനശ്രദ്ധ നേടിയതിനോടൊപ്പം യൂട്യൂബിന്റെ ട്രെന്റിങ്ങ് ലിസ്റ്റിംഗിലും ഒന്നാംസ്ഥാനത്താണ്. ഡിസംബര്‍ 21ന് തീയേറ്ററില്‍ എത്തുന്ന നേര് ഒരു കോര്‍ട്ട് റൂം ഡ്രാമയാണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. ശാന്തി മായാദേവി, ജീത്തു ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് സ്ക്രിപ്റ്റ് ഒരുക്കിയിരിക്കുന്നത്.
വളരെ സിംപിളും എന്നാല്‍ ഇമോഷണലുമായ ട്രെയിലറാണ് പുറത്തിറങ്ങിയത്. ഗിമ്മിക്കുകള്‍ ഒന്നുമില്ലാത്ത ഒരു ദൃശ്യാനുഭവമായിരിക്കും നേര് എന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. സമീപ കാലത്ത് മോഹന്‍ലാല്‍ ചിത്രങ്ങളെല്ലാം തന്നെ മോഹന്‍ലാല്‍ എന്ന താരത്തെ ഉപയോഗപ്പെടുത്തുന്നതായിരുന്നു. എന്നാല്‍ താരം എന്ന നിലയില്‍ നിന്ന് നടന് എന്ന നിലയിലുള്ള പ്രകടനവും സൂക്ഷമാഭിനയ വൈഭവും ജീത്തുവിന് പുറത്ത് കൊണ്ടുവരാന്‍ സാധിക്കും എന്നാണ് പ്രതീക്ഷ. ജീത്തുവുമായി വീണ്ടും ഒന്നിക്കുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും പ്രേക്ഷകരും ആഗ്രഹിക്കുന്നില്ല.
കോടതി നടപടികളും വാദങ്ങളുമായി പോകുന്ന ഒരു ഇമോഷണല്‍ ഡ്രാമ ചിത്രത്തിലും ജീത്തു ജോസഫ് എന്ന മാന്ത്രികന്റെ സാന്നിധ്യം നേരിലേക്ക് പ്രേക്ഷകനെ ഉറ്റുനോക്കാന്‍ പ്രേരിപ്പിക്കുന്നു. ഹീറോയിസത്തിനൊ സസ്പെന്സിനോ പ്രാധാന്യമില്ലാത്ത കോടതിയിലും ജീത്തു ജോസഫ് പ്രേക്ഷകന്റെ ശ്വാസം അടക്കിപിടിക്കുന്ന രംഗങ്ങളുടെ സാധ്യത ട്രെയിലര്‍ തുറന്നിടുന്നു. പ്രേക്ഷകനെ സിനിമയിലെ വൈകാരികതയിലേക്ക് കൊളിത്തിയിടാനുള്ള ഉദ്വേഗവും ട്രെയിലറില്‍ ഉടനീളം പ്രകടമാണ്.
ഒരു വര്‍ഷമായി ട്രയല്‍ നടത്താത്ത വക്കീല്‍, രാത്രിയില്‍ സമ്മേളിക്കുന്ന കോടതി തുടങ്ങി നിരവധി ആകാംഷയുണര്‍ത്തുന്ന കാര്യങ്ങള്‍ ട്രെയ്ലര് പറഞ്ഞുവെക്കുന്നുണ്ട്. സതീഷ് കുറുപ്പിന്റെ ഛായാഗ്രഹണമികവും എടുത്തുപറയേണ്ടതാണ്.
ഗ്രാന്‍ഡ്മാസ്റ്റര്‍ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും പ്രിയമണിയും ഒന്നിക്കുന്ന ചിത്രമാണ് നേര്. ഇവര്‍ക്ക് പുറമെ ഗണേശ് കുമാര്‍, സിദ്ദിഖ്, ജഗദീഷ്, നന്ദു, ശാന്തി മായാദേവി, അനശ്വര രാജന് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വി.എസ്. വിനായകാണ് എഡിറ്റിങ് നിര്‍വഹിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സംഗീതം നല്‍കുന്നത് വിഷ്ണു ശ്യാം ആണ്.
Recent Comments