കാശ്മീരില്‍ വേനല്‍ക്കാലം തുടങ്ങിയിരുന്നു. എങ്കിലും ആപ്പിള്‍ മരങ്ങളാല്‍ ചുറ്റപ്പെട്ട ആ ഹോട്ടലിനെ പൊതിഞ്ഞ് നേരിയ തണുപ്പുണ്ടായിരുന്നു. എന്നിട്ടും അവിടെ കൂടി നിന്നവരെല്ലാം വല്ലാതെ വിയര്‍ത്തു. വല്ലാത്തൊരു ആകാംക്ഷ അവരിലെല്ലാം പ്രകടമായിരുന്നു. ചിലര്‍ പിരിമുറുക്കത്തോടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് ഫോണ്‍ ശബ്ദിച്ചു. സുമുഖനായ ഒരു യുവാവാണ് ഫോണ്‍ എടുത്തത്. അതുവരെ വരിഞ്ഞു മുറുകി നിന്നിരുന്ന അയാളുടെ മുഖം പെട്ടെന്ന് സന്തോഷത്താല്‍ വിടര്‍ന്നു. ഫോണ്‍ വച്ചതിന് പിന്നാലെ അയാള്‍ ഓടിയത് അല്‍പ്പം അകലെ മാറിനിന്ന ഒരാളെ ദൃഢമായി ആലിംഗനം ചെയ്യാനായിരുന്നു. പെട്ടെന്ന് അവിടെയെല്ലാം ആഘോഷാരവങ്ങള്‍ ഉയര്‍ന്നു…
ജോഷി സംവിധാനം ചെയ്യുന്ന ‘നായര്‍സാബി’ന്റെ ഷൂട്ടിംഗ് കാശ്മീരില്‍ നടന്നുകൊണ്ടിരിക്കുന്ന അതേ സമയത്താണ് അദ്ദേഹത്തിന്റെ മറ്റൊരു ചിത്രം, ന്യൂഡല്‍ഹി കേരളത്തിലെ തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. അതൊരു ജൂലൈ മാസമായിരുന്നു. കൃത്യമായി പറഞ്ഞാല്‍ 1987 ജൂലൈ 24. ചിത്രത്തിന്റെ അന്തിമതീര്‍പ്പ് എന്താകുമെന്ന് അറിയാനുള്ള കാത്തിരിപ്പിലായിരുന്നു എല്ലാവരും. അതിനുവേണ്ടി ഷൂട്ടിംഗും ബ്രേക്ക് ചെയ്തു. അന്ന് ഫോണ്‍ എടുത്ത് അവിടെ കൂടി നിന്നവരെയെല്ലാം ആ സന്തോഷവാര്‍ത്ത അറിയിച്ച ആ യുവാവ് നടന് മമ്മൂട്ടിയായിരുന്നു. അദ്ദേഹം ആലിംഗനം ചെയ്തത് സംവിധായകന് ജോഷിയെയും.
ഒരു പക്ഷേ മമ്മൂട്ടിയുടെ സിനിമ ജീവിതത്തില്‍ ഇത്രയേറെ പിരിമുറുക്കവും അതിനേക്കാള്‍ ആശങ്കയും ഉയര്‍ത്തിയ ഒരു ദിനം വേറെ ഉണ്ടാകുമെന്ന് തോന്നുന്നില്ല. ചെറിയ വേഷങ്ങളിലൂടെ പ്രത്യക്ഷപ്പെട്ട്, മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായി, ഒന്നിനുപിറകെ ഒന്നായി സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച് മലയാളത്തിലെ ഏറ്റവും ഡിമാന്‍ഡിംഗ് ആര്‍ട്ടിസ്റ്റായി അരങ്ങ് വാണിരുന്ന സമയത്ത് തന്നെയാണ് തുടര്‍ച്ചയായ പരാജയങ്ങള്‍ മമ്മൂട്ടിക്ക് ഏറ്റുവാേങ്ങണ്ടിവന്നത്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ഇരുളടഞ്ഞ നാളുകളായിരുന്നു അത്. ഇന്‍ഡസ്ട്രിയില്‍നിന്ന് മമ്മൂട്ടി നിഷ്ക്കാസിതനാകുമെന്ന് പ്രവചിച്ചവര്പോലുമുണ്ടായി. പക്ഷേ, അസാമാന്യ പ്രതിഭാവിലാസവും കഠിനാദ്ധ്വാനവുംകൊണ്ട് മലയാളസിനിമയുടെ ഹിമശിരസ്സുകളില് വിരാചിച്ച ഒരു നടന് അത്ര പെട്ടെന്നൊന്നും തോറ്റുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. അദ്ദേഹത്തെ ഒപ്പം ചേര്‍ത്തുനിര്‍ത്താന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചവരും അക്കൂട്ടത്തിലുണ്ടായിരുന്നു. സംവിധായകന് ജോഷിയും തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫും നിര്‍മ്മാതാവ് ജൂബിലി ജോയിയുമൊക്കെ അവരില്‍ ചിലരായിരുന്നു. അവരുടെ കൂടി കഠിനാദ്ധ്വാത്തിന്റെ ഫലമാണ് ന്യൂഡല്‍ഹി.
അമേരിക്കയിലെ ജനപ്രിയ എഴുത്തുകാരില്‍ ഒരാളായ ഇര്‍വിംഗ് വാലസിന്റെ ആള്‍മൈറ്റി എന്ന നോവലിനെ അധീകരിച്ചാണ് ഡെന്നീസ് ജോസഫ് ന്യൂഡല്‍ഹിയുടെ തിരനാടകം ഒരുക്കുന്നതും വിശ്വനാഥന് എന്ന നായകനെ സൃഷ്ടിക്കുന്നതും. ഒറ്റവാക്കില്‍ പ്രതികാരകഥയാണ് ന്യൂഡല്‍ഹി പറഞ്ഞത്. പക്ഷേ പുതുമയാര്‍ന്ന കഥാപരിസരവും പാത്രസൃഷ്ടിയിലെ വൈവിദ്ധ്യവും ചടുലമായ സംഭാഷണങ്ങളുമെല്ലാം തിരക്കഥയെ ലാവപോലെ തിളച്ചുമറിച്ചതാക്കി. അതിനെ മൂശയില്‍ വാര്‍ത്തെടുക്കുകയായിരുന്നു പിന്നീടങ്ങോട്ട് സംവിധായകന് ജോഷി. ഒടുവില്‍ അതിന്റെ അരികും മൂലയുംവരെ സ്ഫടികശുദ്ധി കൈവരിച്ചതോടെ ന്യൂഡല്‍ഹി മലയാളസിനിമയിലെ അപൂര്‍വ്വ ശേഖരങ്ങളിലെ നിറക്കാഴ്ചയായി. .
ജി.കെ. എന്ന ജി. കൃഷ്ണമൂര്‍ത്തിയും അതിനുമപ്പുറം വിശ്വനാഥനും മമ്മൂട്ടി എന്ന അഭിനേതാവിലൂടെ വളര്‍ന്ന് അതിരുകളെ തൊട്ടു. അതിനെ വിശാലമാക്കാന്‍ സേലം വിഷ്ണുവും (ത്യാഗരാജന്) മരിയ ഫെര്‍ണാണ്ടസും (സുമലത) ശങ്കറും (ദേവന്) അടക്കം അനവധി കഥാപാത്രങ്ങളും പാകപ്പെട്ട താരനിരക്കാരുമുണ്ടായിരുന്നു. അതോടെ ന്യൂഡെല്‍ഹിക്ക് മുന്‍പും പിന്‍പും എന്നൊരു അസാധാരണ വിശേഷണം കൂടി മലയാള സിനിമയിലെ ചരിത്രത്തില്‍ എഴുതിച്ചേര്‍ക്കപ്പെട്ടു.
ഇനി ഒരുപക്ഷേ ന്യൂഡല്‍ഹി പരാജയപ്പെട്ടിരുന്നാലും മമ്മൂട്ടി എന്ന നടന് ഇവിടെ ഉണ്ടാകുമായിരുന്നു. എന്നാല്‍ താരസിംഹാസനത്തില്നിന്ന് നിഷ്കാസിതനായി തുടങ്ങിയ ഒരു വേള, സര്‍വ്വശക്തിയോടും കൂടി ആ സിംഹാസനം തിരിച്ചുപിടിച്ച് അതില്‍ അമര്ന്നിരുന്നിടത്താണ് ഉഗ്രപ്രതാപശാലിയായ നായകന്റെ ഹീറോയിസം വളര്‍ന്നതും മമ്മൂട്ടി എന്ന നടന് ഇന്നും താരചക്രവര്‍ത്തിയായി തുടരുന്നതും…
-കെ. സുരേഷ്
Recent Comments