സുരേഷ്ഗോപി നായകനാകുന്ന ഒറ്റക്കൊമ്പന്റെ ടൈറ്റില്‍ റിലീസ് വളരെ ആഘോഷപൂര്‍വ്വം കൊണ്ടാടിയത് കഴിഞ്ഞ ദിവസങ്ങളിലാണ്. മലയാള സിനിമയിലെ നൂറോളം സെലിബ്രിറ്റികള്‍ അവരുടെ ഫെയ്സ്ബുക്ക് പേജ് വഴിയാണ് ടൈറ്റില്‍ പ്രകാശനം നിര്‍വ്വഹിച്ചത്. യുട്യൂബില്‍ ട്രെന്റിംഗ് വീഡിയോയായി അത് തുടരുകയും ചെയ്യുന്നു.
അപ്പോഴും എല്ലാവര്ക്കും അറിയേണ്ടിയിരുന്നത് പൃഥ്വിരാജ് എന്തുകൊണ്ട് ഇതിന്റെ ഭാഗമായില്ലെന്നാണ്. പൃഥ്വിരാജിനെ മനഃപൂര്‍വ്വം ഒഴിവാക്കിയതാണെന്നുപോലും ചില മാധ്യമങ്ങള്‍ എഴുതിക്കണ്ടു. എന്നാല്‍ സത്യം അതല്ല. ടൈറ്റില്‍ പ്രകാശനത്തില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഒറ്റക്കൊമ്പന്റെ നിര്‍മ്മാതാവ് ടോമിച്ചന് മുളകുപാടംതന്നെ പൃഥ്വിരാജിനെ നേരിട്ട് വിളിച്ചിരുന്നു. ഷാജികൈലാസിനോടും ജിനു എബ്രഹാമിനോടും നന്ദികേട് കാട്ടാനാവില്ലെന്ന് പറഞ്ഞാണ് പൃഥ്വി ആ കര്‍മ്മത്തില്‍നിന്ന് ഒഴിവായത്. പൃഥ്വിരാജിനെ സംബന്ധിച്ചിടത്തോളം താന്‍ ഇതുവരെ മനസ്സിലാക്കിയിരിക്കുന്ന കാര്യങ്ങളില്‍ അദ്ദേഹത്തിന് ഉത്തമ ബോദ്ധ്യമുണ്ട്. അതുകൊണ്ടാണ് അദ്ദേഹം ഇങ്ങനെയൊരു നിലപാടെടുത്തത്. ആദ്യം പൃഥ്വിരാജിന്റെ ബോധ്യങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
മാത്യു തോമസിനുവേണ്ടി (ഒറ്റക്കൊമ്പന്റെ സംവിധായകന്) തന്നെയാണ് ജിനു എബ്രഹാം കടുവാക്കുന്നേല്‍ കുറുവച്ചന്റെ കഥ എഴുതിത്തുടങ്ങുന്നത്. തിരക്കഥ പൂര്‍ത്തിയാക്കി ഏതാണ്ട് രണ്ട് വര്‍ഷത്തോളം ജിനു അതിനുവേണ്ടി കാത്തിരിക്കുകയും ചെയ്തു. അതൊരു പ്രൊജക്ടാക്കാന്‍ മാത്യുവിന് കഴിഞ്ഞില്ലെന്നു മാത്രമല്ല, ചില തിരസ്കാരങ്ങള്‍ അയാളുടെ ഭാഗത്തുനിന്ന് ഉണ്ടാവുകയും ചെയ്തതോടെ ഇനി മാത്യുവിനുവേണ്ടി എഴുതാനില്ലെന്ന് പറഞ്ഞ് ജിനു ഒഴിയുന്നു.
അതിനുശേഷമാണ് ജിനു പൃഥ്വിരാജിനോട് കഥ പറയാനെത്തുന്നത്. ആദംജോണിന്റെ സംവിധായകന് എന്ന നിലയില്‍ മാത്രമല്ല ലണ്ടന്‍ ബ്രിഡ്ജിന്റെയും മാസ്റ്റേഴ്സിന്റെയും തിരക്കഥാകൃത്ത് എന്ന നിലയിലും ജിനുവിനെ പൃഥ്വിക്ക് പരിചയമുണ്ടായിരുന്നു. പൃഥ്വിക്ക് കഥ ഇഷ്ടപ്പെട്ടു. പൃഥ്വിയാണ് ജിനുവിനെ ഷാജികൈലാസിന്റെ അടുക്കലേയ്ക്ക് വിടുന്നത്. ഷാജിക്കും കഥ ഇഷ്ടമായതോടെ ആ സിനിമ നിര്‍മ്മിക്കാന്‍ പൃഥ്വിതന്നെ മുന്നോട്ട് വരികയായിരുന്നു. കേരളരാഷ്ട്രീയത്തിന്റെ ഒരു പ്രത്യേക കാലം വരച്ചിടുന്ന ആ ചിത്രത്തിന്റെ പേര് കടുവയെന്നും പൃഥ്വിയുടെ കഥാപാത്രത്തിന്റെ പേര് കടുവാക്കുന്നേല്‍ കുറുവച്ചനെന്നും അനൗണ്സ്മെന്റുണ്ടാകുന്നു. (വര്‍ഷങ്ങള്‍ക്കുമുമ്പ് ഷാജികൈലാസ് രഞ്ജിപണിക്കര്‍ കൂട്ടുകെട്ടില്‍ മോഹന്‍ലാലിനെ നായകനാക്കി കടുവാക്കുന്നേല്‍ കുറുവച്ചന് എന്ന കഥാപാത്രസൃഷ്ടിയുടെ ഒരുക്കങ്ങള്‍ തുടങ്ങിയതാണ്. പക്ഷേ അത് നടന്നില്ല).
ഇതിന് സമാന്തരമായി മാത്യു തോമസ് ഷിബിന്‍ ഫ്രാന്‍സിസിന്റെ തിരക്കഥയില്‍ സുരേഷ്ഗോപിയെ നായകനാക്കി കടുവാക്കുന്നേല്‍ കുറുവച്ചന് എന്ന സിനിമ പ്രഖ്യാപിക്കുന്നതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതിനെത്തുടര്‍ന്ന് ജിനു കോടതിയെ സമീപിക്കുകയും അനുകൂലമായ വിധി സമ്പാദിക്കുകയും ചെയ്തു.
പൃഥ്വി എടുത്ത നിലപാടിനെ സാധൂകരിക്കുന്നതായിരുന്നു ഈ കോടതി വിധി. നാളെ അത് തെറ്റാണെന്ന് ബോധ്യപ്പെടുന്ന നിമിഷംവരെ തന്റെ നിലപാടില്‍ ഉറച്ചുനില്ക്കാനും പൃഥ്വിക്ക് അവകാശമുണ്ട്. അതുകൊണ്ടുകൂടിയാണ് ടൈറ്റില്‍ ലോഞ്ചില്‍നിന്ന് പൃഥ്വിരാജ് പിന്മാറിയത്.
ഇനി മറ്റൊന്നുകൂടിയുണ്ട്, കോടതി വിധി നില്ക്കുന്ന പശ്ചാത്തലത്തില്‍ മാത്യു തോമസ് ഇപ്പോള്‍ സംവിധാനം ചെയ്യാനൊരുങ്ങുന്ന ‘ഒറ്റക്കൊമ്പന്റെ’ തിരക്കഥയില്‍ ‘കടുവ’യിലുള്ള ഒരു സീനും കടന്നു വന്നിട്ടില്ലെ ന്നുകൂടി കോടതിയെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞാല്‍ മാത്രമേ മാത്യൂസിനും തന്റെ പടത്തിന്റെ ഷൂട്ടിംഗ് തുടങ്ങാന്‍ കഴിയൂ. അതില്‍ അയാള്‍ വിജയിച്ചാല്‍ രണ്ട് പടങ്ങളും മുടക്കംകൂടാതെ നടക്കും.
Recent Comments