സഞ്ജീവ് ശിവനെ വിളിക്കുമ്പോള്‍ അദ്ദേഹം മുംബയിലായിരുന്നു. നവാസുദ്ദീന്‍ സിദ്ധിക്കിയെ നായകനാക്കി സഞ്ജീവ് തന്നെ സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലും. എന്നിട്ടും അതിനിടയില്‍നിന്ന് സമയം കണ്ടെത്തി അദ്ദേഹം കാന്‍ ചാനലുമായി സംസാരിച്ചു. ഒഴുകി, ഒഴുകി, ഒഴുകി എന്ന തന്റെ ഏറ്റവും പുതിയ മലയാള ചിത്രത്തെക്കുറിച്ച്…
‘എന്റെ മകന് സിദാന്ഷുവിനെ വച്ചൊരു പടം ചെയ്യണമെന്ന് കുറേക്കാലമായി ആഗ്രഹിക്കുന്നു. പക്ഷേ നല്ലൊരു കഥ കിട്ടാനുണ്ടായിരുന്നില്ല. ആയിടയ്ക്കാണ് ബി.ആര്. പ്രസാദ് ‘ആര്’ എന്ന പേരിലെഴുതിയ ചെറുകഥ വായിക്കുന്നത്. വളരെ മനോഹരമായ ഒരു പ്രമേയമായിരുന്നു അത്. ഗ്ലോബല്‍ സബ്ജക്ട് എന്നുവേണമെങ്കില്‍ പറയാം. കുട്ടനാടിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. അവിടുത്തെ കായല്‍പരപ്പിലൂടെ ഒഴുകി നടക്കുന്ന ഊരും പേരുമറിയാത്ത അജ്ഞാത മൃതദേഹങ്ങളെ കുറിച്ചാണ് കഥ പറയുന്നത്. അതൊരു പതിമൂന്ന് വയസ്സുകാരന്റെ കാഴ്ചപ്പാടില്‍ അവതരിപ്പിക്കുകയാണ് ഒഴുകി, ഒഴുകി, ഒഴുകി എന്ന ചിത്രത്തിലൂടെ. സിദാന്ഷുവാണ് ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സൗബിന് ഷാഹിര്‍, നരേന്, ബൈജു സന്തോഷ്, യദുകൃഷ്ണ, കൊച്ചുപ്രേമന്, അഞ്ജന അപ്പുകുട്ടന്‍ എന്നിവരാണ് മറ്റു താരനിരക്കാര്‍.’ സഞ്ജീവ് തുടര്‍ന്നു.
‘ബി.ആര്. പ്രസാദ് മരിക്കുന്നതിന് മുമ്പ് എഴുതിത്തന്ന തിരക്കഥയാണ്. ഞാനും ബി.ആറും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ഷൂട്ട് ചെയ്ത ഭാഗങ്ങളൊക്കെ അദ്ദേഹം കണ്ടിരുന്നു. പക്ഷേ, സമ്പൂര്‍ണ്ണ ചലച്ചിത്രാനുഭവം കാണാന്‍ നില്‍ക്കാതെയാണ് അദ്ദേഹം യാത്രയായത്. അതുപോലെ കൊച്ചുപ്രേമനും ഏറ്റവും അവസാനമായി അഭിനയിച്ച ചിത്രവും ഇതാണ്. ഈ സിനിമ അവര്‍ക്കുള്ള ആദരം കൂടിയാണ്.’
’27 അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിലേയ്ക്ക് ചിത്രം അയച്ചുകഴിഞ്ഞു. അതിനുശേഷമേ തീയേറ്റര്‍ റിലീസിനെക്കുറിച്ച് ആലോചിക്കുന്നുള്ളൂ. എന്റെ ഭാര്യ കൂടിയായ ദീപ്തിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ട്രൈപോഡ് മോഷണ് പിച്ചേഴ്സ് എന്നാണ് ബാനറിന്റെ പേര്. ഈ ബാനറില്‍ നിര്‍മ്മിക്കുന്ന ആദ്യ ചിത്രവുമാണ്. നാലോളം ചിത്രങ്ങള്‍ നിര്‍മ്മാണ ഘട്ടത്തിലാണ്. അടുത്ത ചിത്രത്തിലെ നായകന് സൗബിന് ഷാഹിറാണ്. മലയാളം മാത്രമല്ല, മറ്റു ഭാഷകളിലും ചിത്രം നിര്‍മ്മിക്കുന്നുണ്ട്.’ സഞ്ജീവ് ശിവന് പറഞ്ഞുനിര്‍ത്തി.
സഞ്ജീവ് ശിവന് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് ഒഴുകി, ഒഴുകി, ഒഴുകി. മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത അപരിചിതനാണ് ആദ്യ ചിത്രം. സലിംകുമാര്‍ മുഖ്യവേഷത്തിലെത്തിയ വേനലൊടുങ്ങാതെ രണ്ടാമത്തെ ചിത്രവും. നിരവധി ദേശീയ അന്തര്‍ദ്ദേശീയ പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള ഡോക്യുമെന്ററികളും സഞ്ജീവ് ശിവന് സംവിധാനം ചെയ്തിട്ടുണ്ട്.
റസൂല്‍ പൂക്കുട്ടിയാണ് ഒഴുകി, ഒഴുകി, ഒഴുകി എന്ന ചിത്രത്തിന്റെ സൗണ്ട് ഡിസൈനര്‍. മനോജ് പിള്ള ഛായാഗ്രാഹകനു ശ്രീകര്‍ പ്രസാദ് എഡിറ്ററുമാണ്. ഹോളിവുഡ് സംഗീതജ്ഞന് തോമസ് കാന്റലിനന് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.
Recent Comments