ഇരുപത്തിരണ്ട് വര്‍ഷത്തോളം കലാസംവിധാനരംഗത്ത് പ്രവര്‍ത്തിച്ച അനില്‍ കുമ്പഴ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പള്ളിമണി. ചിത്രത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായി. U/A സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ഫെബ്രുവരി 24 ന് ചിത്രം തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.
ഒരു സൈക്കോ ഹൊറര്‍ ത്രില്ലറാണ് പള്ളിമണി. ഒരു രാത്രി തീര്‍ത്തും അപരിചിതമായ സ്ഥലത്ത് ഒറ്റപ്പെട്ടുപോകുന്ന ദമ്പതികളുടെയും അവരുടെ രണ്ട് ചെറിയ കുട്ടികളുടെയും അതിജീവനത്തിന്റെ കഥയാണ് പണിമണി പറയുന്നത്. കെ.വി. അനിലാണ് പള്ളിമണിയുടെ കഥാകാരന്.
ശ്വേതാമേനോന്റെ കരിയറിലെ ഏറ്റവും ശക്തവും വ്യത്യസ്തവുമായ വേഷമാണ് പള്ളിമണിയിലേതെന്ന് അനില്‍ കുമ്പഴ പറഞ്ഞു. സിനിമ കണ്ടിറങ്ങുന്നവരാരും ആ കഥാപാത്രത്തെ മറക്കില്ലെന്ന് മാത്രമല്ല, കുറേനാള്‍ അവരെ വേട്ടയാടുകയും ചെയ്യും. ഒരു നീണ്ട ഇടവേളയ്ക്കുശേഷം നിത്യാദാസ് നായികയായി അഭിനയിക്കുന്ന ചിത്രംകൂടിയാണ്. അനില്‍ പറഞ്ഞു.
ചിത്രത്തിലെ പ്രധാന ഭാഗങ്ങളെല്ലാം ചിത്രീകരിച്ചത് ഒരു പള്ളിക്കുള്ളിലാണ്. ഇതിനുവേണ്ടി നാല്‍പ്പത് ലക്ഷം ചെലവിട്ട് ഒരു കൂറ്റന്‍ പള്ളിയുടെ സെറ്റ് ചിത്രാഞ്ജലിയില്‍ പണിതിരുന്നു. കലാ സംവിധായകന് സജീഷ് താമശ്ശേരിയുടെ നേതൃത്വത്തിലായിരുന്നു നിര്‍മ്മാണം. ചിത്രത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നുകൂടിയാണ് ഈ പള്ളി.
കൈലാഷ്, ദിനേശ് പണിക്കര്‍, ഹരികൃഷ്ണന് എന്നിവരെ കൂടാതെ നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.
എല്‍.എ. മേനോന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലക്ഷ്മി, അരുണ്‍ മേനോന് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അഹമ്മദാബാദിലെ മലയാളി ദമ്പതികളാണ് ഇവര്‍. അനിയന് ചിത്രശാല ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നു. എഡിറ്റര്‍ അനന്ദു എസ്. വിജയ്.
Recent Comments