ഏതാണ്ട് മൂന്ന് മണിക്കൂറോളം ദൈര്‍ഘ്യമുണ്ട് സിനിമയ്ക്ക്. പക്ഷേ എങ്ങും തട്ടും തടവുമില്ല. ഒരു കുളിര്‍കാറ്റായി അത് തഴുകി ഒഴുകി പോകുന്നു. ചില അവസരങ്ങളിലെങ്കിലും സിനിമ തീരല്ലേ എന്ന് കൊതിച്ചുപോകുന്നു. ഹൃദയം സമ്മാനിക്കുന്ന ദൃശ്യാനുഭവമാണത്.
ഓരോ സിനിമയ്ക്ക് ശേഷവും തന്റെ ഏറ്റവും മികച്ച സൃഷ്ടി ഇനി വരാനിരിക്കുന്നതേയുള്ളൂ എന്ന് വിനീത് ശ്രീനിവാസന് തെളിയിച്ചുകൊണ്ടിരിക്കുന്നു. ഹൃദയം ഇറങ്ങുന്നതിന് മുമ്പുവരെയും ജേക്കബ്ബിന്റെ സ്വര്‍ഗ്ഗരാജ്യമായിരുന്നു അദ്ദേഹത്തിന്റെ കരിയര്‍ ബെസ്റ്റ്. ഇപ്പോള്‍ ഹൃദയം അത് കവന്നുകൊണ്ട് പോയിരിക്കുന്നു. അടുത്ത ഒരു സിനിമ ഇറങ്ങുന്നത് വരെയെങ്കിലും. ഒരു പ്രതിഭയ്ക്ക് മാത്രം കഴിയുന്ന ജാലവിദ്യയാണിത്.
‘ഹൃദയ’ത്തിലുടനീളം ആ ജാലവിദ്യക്കാരനെ കാണാം. പതിനഞ്ച് പാട്ടുകളും പതിനൊന്ന് കല്യാണ രംഗങ്ങളും ഒരു സിനിമയില്‍ ഉണ്ടെന്ന് ചിത്രം ഇറങ്ങുന്നതിനുമുമ്പേ വിനീത് പറയുമ്പോള്‍ അത് എവിടെ കുത്തിനിറയ്ക്കുമെന്നായിരുന്നു ആശങ്ക. പക്ഷേ, സിനിമ കണ്ടിറങ്ങിയതിനുശേഷവും സിനിമയില്‍ അത്രയും പാട്ടുകള്‍ ഉണ്ടായിരുന്നുവെന്നോ അത്രയും കല്യാണരംഗങ്ങള് ഉണ്ടായിരുന്നുവെന്നോ ഓര്‍ത്തെടുക്കാന്‍ കഴിയാത്ത വിധം ഇഴുകിച്ചേര്‍ന്നത് ആ ജാലവിദ്യകൊണ്ടാണ്.
സാധാരണ വിനീത് സിനിമകളില്‍ അദ്ദേഹം അഭിനയിക്കുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ സാന്നിദ്ധ്യമറിയാറുണ്ട്, മറ്റ് താരങ്ങളിലൂടെയെങ്കിലും. പക്ഷേ, ഹൃദയത്തിലെവിടെയും വിനീത് എന്ന അഭിനേതാവില്ല. പകരം താരങ്ങള്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം അനുവദിച്ചു നല്‍കുകയാണ്. എന്നിട്ട് അവരുടെ പ്രകടനത്തെ അതിനേക്കാള്‍ മികവോടെയാണ് പകര്‍ന്നുതരുന്നത്.
എടുത്ത് പറയേണ്ടത് പ്രണവ് മോഹന്‍ലാലിനെക്കുറിച്ചാണ്. അദ്ദേഹം നായകനായി അരങ്ങേറിയ സിനിമതൊട്ട് ഇന്നോളം വലിയ അത്ഭുതങ്ങളൊന്നും കാട്ടിയിരുന്നില്ല. എന്നാല്‍ ഹൃദയത്തിലെ പ്രണവിന്റെ പ്രകടനം അത്ഭുതപ്പെടുത്തുന്നു. പ്രണയ രംഗങ്ങളില്‍ മാത്രമല്ല, ഏറ്റവും വൈകാരികമായ ഇടങ്ങളിലും ആപാദചൂഡം ആ ശരീരം സ്ഥൂലസ്ഥിതി നിലനിര്‍ത്തുന്നുണ്ട്. അതായത് അഭിനയിക്കുകയാണെന്ന തോന്നല്‍ അദ്ദേഹം പ്രേക്ഷകരിലേയ്ക്ക് പകരുന്നില്ല. ദര്‍ശന രാജേന്ദ്രനും കല്യാണി പ്രിയദര്‍ശനും തൊട്ട് സിനിമയിലെ ഏറ്റവും ചെറിയ രംഗങ്ങളില്‍പോലും വന്നുപോകുന്നവര്‍ ഇത്തരത്തില്‍ ഹൃദയത്തിന്റെ നാഡീഞരമ്പുകളായി തീര്‍ന്നവരാണ്. ആ ഹൃദയതാളത്തെ ആര്‍ദ്രമാക്കിയത് ഹിഷാം അബ്ദുള്‍ വഹാബിന്റെ സംഗീതവും വിശ്വജിത്ത് ഒടുക്കത്തിലിന്റെ ഛായാഗ്രാഹണ മികവുമാണ്.
ഒറ്റവാക്കില്‍ ഒരു പ്രണയകാവ്യമാണ് ഹൃദയം. വിനീത് ഹൃദയംകൊണ്ട് എഴുതിയ കാവ്യം. പ്രണയ നൈര്മല്യങ്ങളില്കൂടി മാത്രമല്ല അതിന്റെ സഞ്ചാരം. പ്രണയ നൈരാശ്യമുണ്ട്. മനുഷ്യരിലെ നന്മതിന്മകളുണ്ട്. ഒരുവേള തന്നെത്തന്നെ തിരിച്ചറിയുന്ന അപൂര്വ്വനിമിഷവും ഹൃദയം സമ്മാനിക്കുന്നു.
Recent Comments