ഒരു സിനിമ തുടങ്ങി അവസാനിച്ചത് ആരും അറിഞ്ഞില്ല. ആരും അറിയാന്‍ പാകത്തില്‍ ചിത്രത്തെക്കുറിച്ചൊരു അനൗണ്‍സ്മെന്റുപോലും ഉണ്ടായില്ല. ഒറ്റ ഷെഡ്യൂളില്‍ ബാംഗ്ലൂരില്‍ ചിത്രീകരണം പൂര്‍ത്തിയാക്കുകയായിരുന്നു. എഡിറ്റിംഗ് കഴിഞ്ഞ് ഇന്ന് രാവിലെ ടൈറ്റില്‍ പോസ്റ്റര്‍ വരുമ്പോള്‍ മാത്രമാണ് ഇങ്ങനെയൊരു ചിത്രം പിറവികൊണ്ട കാര്യം സിനിമയുമായി അടുത്ത ബന്ധമുള്ളവര്‍പോലും അറിഞ്ഞത്.
‘രോമാഞ്ചം’ എന്നാണ് ടൈറ്റില്‍. സംവിധായകന് പുതുമുഖമാണ്. പക്ഷേ, നിര്‍മ്മാതാക്കളെ നിങ്ങളറിയും. ഗപ്പി, അമ്പിളി എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തും സംവിധായകനുമായ ജോണ്‍പോള്‍ ജോര്‍ജ്, നടനും സംവിധായകനുമായ സൗബിന് ഷാഹിര്‍, ഛായാഗ്രാഹകന്‍ ഗിരീഷ് ഗംഗാധരന് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ജോണ്‍പോളും സൗബിനും ഗിരീഷ് ഗംഗാധരനും ആത്മമിത്രങ്ങളാണ്. ജോണ്‍പോള്‍ ജോര്‍ജിന്റെ ആദ്യ ചിത്രം ഗപ്പിയുടെ ഛായാഗ്രാഹകന്‍ ഗിരീഷ് ഗംഗാധരനായിരുന്നു. രണ്ടാമത്തെ ചിത്രമായ അമ്പിളിയിലെ നായകന് സൗബിനും. അതിനൊക്കെമുമ്പേ ഇവര്‍ തമ്മില്‍ സൗഹൃദം തുടങ്ങിയിരുന്നു. രോമാഞ്ചത്തിന്റെ സംവിധായകന് ജിത്തു മാധവന് ജോണ്‍പോള്‍ ജോര്‍ജിന്റെ കീഴില്‍ സംവിധാന സഹായിയായിരുന്നു. ഇരുവരും കോട്ടയം സ്വദേശികളുമാണ്.
ഒരിക്കല്‍ ജിത്തു തന്റെ കഥ ജോണ്‍പോളിനോട് പറഞ്ഞു. ബാംഗ്ലൂരില്‍ പഠിച്ചുകൊണ്ടിരുന്ന സമയത്ത് അയാള്‍ക്കും കൂട്ടുകാര്‍ക്കും. നേരിടേണ്ടിവന്ന ഒരു സംഭവത്തെ പിന്‍പറ്റിയാണ് ആ കഥയുണ്ടായത്. കേട്ടപ്പോള്‍തന്നെ ജോണ്‍പോളിന് ഇഷ്ടമായി. ജിത്തുവിന്റെ കഴിവുകളില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടായ ജോണ്‍പോളിന് അയാളെ സഹായിക്കാന്‍ കൂടുതലൊന്നും ആലോചിക്കേണ്ടി വന്നില്ല. സൗബിനോട് ഈ കഥ പറയുമ്പോള്‍ എപ്പോള്‍ ഷൂട്ടിംഗ് തുടങ്ങുന്നുവെന്നാണ് അയാള്‍ അന്വേഷിച്ചത്. അങ്ങനെയാണ് ഒരു അനൗണ്‍സ്മെന്റ് പോലുമില്ലാതെ രോമാഞ്ചം തുടങ്ങിയത്. ഷൂട്ടിംഗ് കഴിഞ്ഞതിന് പിന്നാലെ ഫസ്റ്റ് കോപ്പിക്ക് വേണ്ടിയുള്ള എഡിറ്റിംഗും പൂര്‍ത്തിയായി. ചിത്രം കണ്ടുകഴിഞ്ഞപ്പോള്‍ എല്ലാവരും തികഞ്ഞ ആത്മവിശ്വാസത്തിലായി. സംഗീതസംവിധായകന് സുശീല്ശ്യാംപോലും സിനിമ കണ്ടശേഷമാണ് സംഗീതം ചെയ്യാമെന്നേറ്റത്. അത്രമേല്‍ പ്രിയപ്പെട്ടതായിരുന്നു അദ്ദേഹത്തിനും ആ ചിത്രം.
സൗബിനും അര്ജുന് അശോകനും പുറമെ അസീം ജമാല്‍, സജിന്‍ ഗോപു തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരനിരക്കാര്‍. ചെമ്പന്‍ വിനോദും ഇതിലൊരു അതിഥിവേഷം ചെയ്യുന്നുണ്ട്.
‘നിറയെ ചിരിക്കാനുള്ള ഒരു സിനിമയാണിത്. പക്ഷേ നിങ്ങള്‍ ഉറപ്പായും ഈ സിനിമ കണ്ട് പേടിച്ചിരിക്കും.’ നിര്‍മ്മാതാക്കളിലൊരാളായ ജോണ്‍പോള്‍ ജോര്‍ജ് പറയുന്നു.
Recent Comments