‘ആ ഇരുപത്തി അഞ്ച് ദിവസവും ഞങ്ങളൊരു വീട്ടിനുള്ളിലായിരുന്നു. സിനിമയുടെ തൊണ്ണൂറ്റി ഒന്‍പത് ശതമാനം വര്‍ക്കുകളും അതിനകത്തുവച്ചായിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞാലും ആര്‍ക്കും എവിടേയും പോകാനുണ്ടായിരുന്നില്ല. കാരവനുകളില്ല. മറ്റ് ആഢംഭരങ്ങളൊന്നുമില്ല. പരസ്പരം അടുത്തും സഹകരിച്ചും കഴിഞ്ഞുപോയ ഇരുപത്തി അഞ്ച് ദിവസങ്ങള്‍. എന്റെ സിനിമാ ജീവിതത്തില്‍ ഇത്രയധികം എന്ജോയ് ചെയ്ത സിനിമാസെറ്റ് വേറെ ഇല്ല.’
‘അടുക്കള നമ്മുടെ സിനിമകള്‍ക്കൊന്നും ഇന്നോളം വിഷയമായിട്ടില്ല. ഏതെങ്കിലുമൊക്കെ സീനില്‍ പശ്ചാത്തലമായിട്ടുണ്ടെന്നല്ലാതെ. എന്നാല്‍ എല്ലാ വീടുകളിലും എപ്പോഴും ഓണ്‍ ആയി കിടക്കുന്ന ഒരിടമാണ് അടുക്കള. ആ അടുക്കളയില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ചാണ് ഈ സിനിമ സംസാരിക്കുന്നത്. അതുകൊണ്ടുതന്നെയാണ് THE GREAT INDIAN KITCHEN അഥവാ മഹത്തായ ഭാരതീയ അടുക്കള എന്ന ടൈറ്റിലും സിനിമയ്ക്ക് നല്‍കിയത്.’
ഈ കോവിഡ് കാലത്താണ് സിനിമയുടെ ഷൂട്ടിംഗ് തുടങ്ങിയതെങ്കിലും കഥ വളരെ മുമ്പേ മനസ്സിലുള്ളതാണ്. അന്നുമുതലേ ഒരു കഥാപാത്രമായി നിമിഷ ഞങ്ങളോടൊപ്പമുണ്ട്. അവരുടെ ജോഡിയായി പലരേയും ആലോചിച്ചിരുന്നു. ഒരു ഘട്ടത്തില്‍ പുതുമുഖങ്ങളെപ്പോലും. ആ സമയത്താണ് നിമിഷ, സുരാജ് വെഞ്ഞാറമൂടിന്റെ പേര് പറയുന്നത്. തൊണ്ടിമുതലും ദൃക്സാക്ഷിയും പോലുള്ള സിനിമകളിലൂടെ മലയാളികള്‍ക്ക് അവര്‍ സുപരിചിതരുമാണ്. ഉടന്‍തന്നെ സുരാജിനെ ഫോണില്‍ വിളിച്ചു. കഥ പറഞ്ഞു. അപ്പോള്‍തന്നെ ചെയ്യാമെന്നുമേറ്റു. എല്ലാം വളരെ പെട്ടെന്ന് ഒരു ഫോണ്‍വിളിയിലൂടെ സംഭവിക്കുകയായിരുന്നു.
ഭാര്യാഭര്ത്താക്കന്മാരായിട്ടാണ് സുരാജും നിമിഷയും അഭിനയിക്കുന്നതെങ്കിലും രണ്ടുപേരുടേയും കഥാപാത്രങ്ങള്‍ക്ക് പേരില്ല. തിരക്കഥ എഴുതുമ്പോള്‍ അങ്ങനെ വേണമെന്ന ആഗ്രഹിച്ചതല്ല. പക്ഷേ എഴുതി വന്നപ്പോള്‍ അങ്ങനെയായി പോയതാണ്. അല്ലെങ്കിലും ചില വീടുകളില്‍ ചെന്നാല്‍ അവിടുത്തെ അംഗങ്ങളുടെ പേര് കണ്ടെത്താന്‍ പ്രയാസമാണ്. എടാ എന്നോ ടേയ് എന്നൊക്കെയാണ് വിളിക്കാറ്. അതുപോലെയാണ് സിനിമയിലെ ഭാര്യയും ഭര്‍ത്താവും. എന്നാല്‍ മറ്റു കഥാപാത്രങ്ങള്‍ക്കും എല്ലാം പേര് ഉണ്ട്; അവരെല്ലാം കോഴിക്കോട്ടെ തീയേറ്റര്‍ ആര്‍ട്ടിസ്റ്റുകളുമാണ്.
പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഡിസംബര്‍ ആദ്യത്തോടെ ചിത്രം പൂര്‍ത്തിയാകും. അതിനുശേഷമേ പ്രദര്‍ശനത്തെക്കുറിച്ച് ആലോചിക്കുന്നുള്ളൂ. അത് ഒ.ടി.ടി. പ്ലാറ്റ്ഫോമിലായാലും തീയേറ്റര്‍ വഴിയുള്ള പ്രദര്‍ശനമായാലും.
Recent Comments