തീര്‍പ്പിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയിട്ട് മണിക്കൂറുകളേ ആകുന്നുള്ളൂ. സാധാരണ പോസ്റ്ററുകളില്‍ താരങ്ങളുടെ ക്യാരക്ടര്‍ സ്റ്റില്സുകളാണ് ഉപയോഗിക്കാറുള്ളത്. ഇത് ഒരു പെയിന്റിംഗിനെ ഓര്‍മ്മപ്പെടുത്തുന്നു. യെല്ലോ ടൂത്താണ് പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.
‘ചിത്രത്തിന്റെ തീം ആണ് പോസ്റ്ററില്‍ ഉള്ളത്.’ പോസ്റ്ററിന്റെ വ്യത്യസ്തത ചൂണ്ടിക്കാട്ടിയപ്പോള്‍ സംവിധായകന് രതീഷ് അമ്പാട്ട് പറഞ്ഞു.
കമ്മാരസംഭവത്തിനുശേഷം മുരളി ഗോപിയുടെ തിരക്കഥയില്‍ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രംകൂടിയാണ് തീര്‍പ്പ്.
‘നാല് സുഹൃത്തുക്കളുടെ കഥയാണ് തീര്‍പ്പ്. അവരുടെ സൗഹൃദമാണ് സിനിമ പറയുന്നത്. ഒപ്പം സമകാലീന രാഷ്ട്രീയവും ചരിത്രവുമൊക്കെ ചിത്രത്തിന്റെ ഭാഗമായി കടന്നുവരുന്നു. പൃഥ്വിരാജും ഇന്ദ്രജിത്തും സൈജു കുറുപ്പും വിജയ് ബാബുവുമാണ് ആ നാല് സുഹൃത്തുക്കള്‍. ഇവരെ കൂടാതെ സിദ്ധിക്ക്, ശ്രീകാന്ത് മുരളി, ഷൈജു ശ്രീധര്‍, ലുക്മാന് അവറാന്, ഇഷാ തല്‍വാര്‍, അന്ന റെജി കോശി എന്നിവരും വേഷമിടുന്നു.’
‘അലഗെറി എന്ന ഗണത്തില്‍ പെടുത്താവുന്ന സിനിമയാണിത്. രൂപകകഥ എന്ന് മലയാളത്തില്‍ പറയാം. കഥയില്‍നിന്ന് ഉപകഥകളിലേയ്ക്ക് വഴിമാറുന്ന കഥാകഥനരീതിയാണിത്.’ രതീഷ് തുടര്‍ന്നു.
‘മുരളി ഗോപി എന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാള്‍ കൂടിയാണ്. കമ്മാര സംഭവത്തിനുശേഷം പൃഥ്വിരാജിനെ വച്ച് ഒരു വലിയ സിനിമയായിരുന്നു ഞങ്ങള്‍ പ്ലാന്‍ ചെയ്തത്. കോവിഡ് കാലത്ത് അങ്ങനെയൊരു സിനിമ ഷൂട്ട് ചെയ്യുന്നത് പ്രായോഗികമല്ലായിരുന്നു. അപ്പോഴാണ് ഈ ചെറിയ കഥ മുരളിഗോപി പറയുന്നത്. കോവിഡ് സമയത്തുതന്നെയാണ് തീര്‍പ്പിന്റെ ഷൂട്ടിംഗ് നടന്നതും. വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ ചിത്രീകരണം പൂര്‍ത്തിയാക്കി. വൈകാതെ സിനിമ തീയേറ്ററുകളിലെത്തിക്കും. അതിന്റെ തുടക്കമായിട്ടാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത്.’
പൃഥ്വിരാജിനെവച്ച് പ്ലാന്‍ ചെയ്ത ആ വലിയ ചിത്രം ഉപേക്ഷിച്ചോ?
ഇല്ല. നിലവില്‍ പൃഥ്വിരാജുമായി മുരളി ഗോപി കമ്മിറ്റ് ചെയ്തിരിക്കുന്ന ചിത്രങ്ങളുണ്ട്. അത് പൂര്‍ത്തിയാക്കണം. അതിനുശേഷം ഞങ്ങള്‍ തീര്‍ച്ചയായും ആ സിനിമയിലേയ്ക്ക് തിരിച്ചെത്തും.
പൃഥ്വിയും എന്റെ അടുത്ത സുഹൃത്താണ്. അദ്ദേഹം അഭിനയിച്ച സിനിമകളുടെ സംവിധാന സഹായിയായി ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പൃഥ്വിയെവച്ച് പരസ്യചിത്രങ്ങളും ഷൂട്ട് ചെയ്തിട്ടുണ്ട്. കമ്മാരസംഭവത്തിന് മുമ്പേ എന്നോട് സിനിമ ചെയ്യണമെന്ന് പറഞ്ഞുകൊണ്ടിരുന്നതും പൃഥ്വിരാജായിരുന്നു. തീര്‍പ്പിലൂടെ അതാണ് യാഥാര്‍ത്ഥ്യമായത്.
വിജയ് ബാബുവും രതീഷ് അമ്പാട്ടും മുരളി ഗോപിയും ചേര്‍ന്നാണ് തീര്‍പ്പ് നിര്‍മ്മിച്ചിരിക്കുന്നത്. കെ.എസ്. സുനിലാണ് ഛായാഗ്രാഹകന്‍.
Recent Comments