നീ ബന്തു നിന്റാകാ.. എന്ന കന്നഡ സിനിമ സംവിധാനം ചെയ്തുകൊണ്ട് സിനിമയില്‍ അരങ്ങേറ്റം കുറിച്ച മലയാളിയാണ് ഡാവിഞ്ചി ശരവണന്. അദ്ദേഹം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ‘വി’. തമിഴിലും മലയാളത്തിലുമായി ഒരുപോലെ നിര്‍മ്മിച്ച ചിത്രമാണിത്. തമിഴില്‍ റിലീസ് ചെയ്ത ഈ ചിത്രം മികച്ച വിജയവും നിരൂപകപ്രശംസയും നേടിയിരുന്നു. ഫെബ്രുവരി അവസാനവാരത്തില്‍ വി കേരളത്തിലും പ്രദര്‍ശനത്തിനെത്തും. ട്രൂ സോള്‍ പിക്ച്ചേഴ്സിന്റെ ബാനറില്‍ രൂപേഷ് കുമാറാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ബാംഗ്ലൂരില്‍ ഐ.ടി.രംഗത്ത് പ്രവര്‍ത്തിക്കുന്ന അഞ്ചു ചെറുപ്പക്കാര്‍ തങ്ങളുടെ പ്രണയിനിമാര്ക്കൊപ്പം ബൈക്കില്‍ തമിഴ്നാടു വഴി കേരളത്തിലേക്കു യാത്ര തിരിക്കുന്നു. യാത്രക്കിടയിലാണ് ഒരു പെണ്‍കുട്ടി തന്റെ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്ത വി എന്ന ആപ്പിനെക്കുറിച്ച് പറയുന്നത്. ജനനത്തീയതി കൊടുത്താല്‍ മരണത്തീയതി കൃത്യമായി കാണിക്കുന്ന ഒരു ആപ്പ് ആണ് ഇത്. പരീക്ഷിക്കാനായി അവര്‍ തങ്ങളുടെ ജനന തീയതി നല്കുന്നു. അതോടെ പത്തുപേരുടേയും മരണത്തീയതി തെളിയുകയാണ്. പത്തുപേരുടേയും മരണത്തീയതി അന്നു തന്നെയായിരുന്നു… തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങള്‍ ഏറെ ഉദ്വേഗത്തോടെ ചിത്രത്തില്‍ അവതരിപ്പിക്കുന്നു.
മലയാളത്തില്‍നിന്നും തമിഴില്‍ നിന്നുമുള്ള പുതുമുഖങ്ങളാണ് താരനിരയിലുള്ളത്. പ്രശസ്ത തമിഴ്നടന്‍ രാഘവ്, നടി ലുധിയ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തമിഴ് നടനും സംവിധായകനുമായ ആര്.എന്‍.ആര്. മനോഹറും പ്രശസ്ത നടി സബിതാ ആനന്ദും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സത്യദാസ്, ഋഷി, ദിവ്യന്, റിനീഷ്, അശ്വിനി, നിമാ ഫില്‍ ജിയ തുടങ്ങിയവരും താരനിരയിലുള്ളവരാണ്.
മുത്തു വിജയന്റെ ഈരടികള്‍ക്ക് സംഗീതം പകരുന്നത് ഇളങ്കോ കലൈവാനാണ്. അനില്‍കുമാര്‍ ഛായാഗ്രഹണവും വി.ടി. ശ്രീജിത്ത് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. വാര്‍ത്താപ്രചരണം വാഴൂര്‍ ജോസ്.
Recent Comments