വിസിത്തിരന്റെ ടീസര്‍ കഴിഞ്ഞ ദിവസങ്ങളിലാണ് പുറത്തിറങ്ങിയത്. പത്മകുമാര്‍ സംവിധാനം ചെയ്ത ജോസഫിന്റെ തമിഴ് റീമേക്കാണ് വിസിത്തിരന്. ജോജു ജോര്‍ജ് ഗംഭീരമാക്കിയ ജോസഫിനെ തമിഴില്‍ അവതരിപ്പിക്കുന്നത് ആര്.കെ. സുരേഷാണ്.
‘ജോജുവിന്റെ അത്രത്തോളം വരില്ലെങ്കിലും ആ കഥാപാത്രത്തെ ഗംഭീരമാക്കാന്‍ ശ്രമിക്കുമെന്ന് സുരേഷ് ഷൂട്ടിംഗിന് മുമ്പേ എന്നോട് പറഞ്ഞിരുന്നു. അതിനുവേണ്ടി അദ്ദേഹം അത്യദ്ധ്വാനം ചെയ്തിട്ടുണ്ട്. അതിന്റെ ഫലം തീര്‍ച്ചയായും സിനിമയില്‍ കാണാം.’ വിസിത്തിരന്റെയും സംവിധായകനായ പത്മകുമാര്‍ കാന്‍ ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.
‘ഫ്ളാഷ് ബാക്കിന് മുമ്പുള്ള ജോസഫിനെയാണ് ആദ്യം പകര്‍ത്തിയത്. ആ ജോസഫിലേയ്ക്കെത്താന് സുരേഷ് ശരീരഭാരം വളരെയധികം കൂട്ടിയിരുന്നു. പിന്നീട് പൂര്‍വ്വസ്ഥിതിയിലാക്കി. വിസിത്തിരനില് സുരേഷിന്റെ കഥാപാത്രത്തിന്റെ പേര് പക്ഷേ ജോസഫ് എന്നല്ല. മായനെന്നാണ്.’
‘തമിഴില്‍ ആദ്യമായിട്ടാണ് ഒരു സിനിമ ചെയ്യുന്നതെങ്കിലും അപരിചിതത്വം ഒട്ടുമില്ല. ദീര്‍ഘകാലമായി എനിക്ക് പരിചയമുള്ളവരാണ് അവിടെയുള്ളവരും. ഭാഷയും പ്രശ്നമില്ല. അതുകൊണ്ടുതന്നെ ബുദ്ധിമുട്ടുകള്‍ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. ലോക്ക് ഡൗണിനെത്തുടര്‍ന്ന് കുറച്ചുകാലം ഷൂട്ടിംഗ് ബ്രേക്ക് ചെയ്തതൊഴിച്ചാല്‍.’ പത്മകുമാര്‍ തുടര്‍ന്നു.
‘തമിഴിലെ പ്രശസ്ത സംവിധായകന് ബാലയാണ് വിസിത്തിരന്റെ നിര്‍മ്മാതാവ്. അദ്ദേഹം സിനിമ തുടങ്ങുന്നതിനുമുമ്പ് ഒരു കാര്യം മാത്രമേ ആവശ്യപ്പെട്ടുള്ളൂ. മലയാള സിനിമയില്‍നിന്ന് ഒരു ചെറിയ വ്യത്യാസംപോലും വരുത്തരുത്. അത് കൃത്യമായി പാലിച്ചിട്ടുണ്ട്. പ്രശസ്ത സംവിധായകനും നടനുമായ അന്തരിച്ച മഹേന്ദ്രന്സാറിന്റെ മകന് ജോണ്‍ മഹേന്ദ്രനാണ് ഇതിലെ സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത്.’
‘വിസിത്തിരന് ചെയ്യാന്‍ വലിയ സ്ട്രെയിനൊന്നും ഉണ്ടായിരുന്നില്ല. കാരണം മലയാളത്തില്‍ അത് ചെയ്തുവച്ചിട്ടുണ്ടായിരുന്നല്ലോ. പ്രധാന അഭിനേതാക്കളും ടെക്നീഷ്യന്മാരുമടക്കം ജോസഫ് കണ്ടിരുന്നു. അതുകൊണ്ട് കാര്യങ്ങള്‍ പറഞ്ഞുകൊടുക്കാന്‍ എളുപ്പമായിരുന്നു. വിസിത്തിരനില് മലയാളത്തില്‍നിന്നുള്ള താരങ്ങള്‍ അനില്‍ മുരളിയും ഷംനകാസിമുമാണ്. ഷംന അവിടെ പൂര്‍ണ്ണയാണ്. ഷംനയാണ് മായന്റെ ഭാര്യയെ അവതരിപ്പിക്കുന്നത്. അനില്‍ മുരളി അവസാനമായി അഭിനയിച്ച ചിത്രംകൂടിയാണിത്.’
‘പൂമുത്തോളെ… പോലുള്ള ജോസഫിലെ ഗാനങ്ങള്‍ ഹിറ്റായത് സിറ്റ്വേഷനുമായി അത്രത്തോളം ഇഴുകിചേര്ന്നിരുന്നതുകൊണ്ടുകൂടിയാണ്. വിസിത്തിരനിലും അത്തരമൊരു മാജിക്കിനാണ് സംഗീതസംവിധായകന് ജി.വി. പ്രകാശ് ശ്രമിക്കുന്നത്. തീര്‍ച്ചയായും ഇതിലെ ഗാനങ്ങളും ശ്രദ്ധിക്കപ്പെടുമെന്നാണ് വിശ്വാസം. മാര്‍ച്ചില്‍ വിസിത്തിരന് തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.’ പത്മകുമാര്‍ പറഞ്ഞുനിര്‍ത്തി.
Recent Comments