ബറോസിന്റെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് ഛായാഗ്രാഹകനായ കെ.പി. നന്വ്യാതിരി ഇപ്പോഴുള്ളത്. അവിടെ അദ്ദേഹം സ്റ്റീരിയോഗ്രാഫറാണ്. ത്രിഡി വിഭാഗത്തിന്റെ പ്രധാന ചുമതലക്കാരന്.
ലാലിന്റെ ആദ്യ സ്റ്റില്‍സുകള്‍ പകര്‍ത്തിയ ക്യാമറാമാന്, ആദരം നല്കി ലാല്‍തന്നെ നേരിട്ട് ക്ഷണിച്ചതാണ് കെ.പി. നമ്പ്യാതിരിയെ ബറോസിന്റെ പണിപ്പുരയിലേയ്ക്ക്.
ഇന്നലെ മറ്റൊരു വിശേഷവും ബറോസിന്റെ സെറ്റില്‍ നടന്നു. കെ.പി. നമ്പ്യാതിരി ആദ്യമായി സംവിധാനം ചെയ്ത ചിത്രം WFH ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന്റെ ഉദ്ഘാടനം നമ്പ്യാതിരിക്ക് നല്കി ലാല്‍ നിര്‍വ്വഹിച്ചു.
വര്‍ക്ക് ഫ്രം ഹോമിന്റെ ചുരുക്കെഴുത്താണ് WFH. ഇക്കഴിഞ്ഞ കോവിഡ് കാലത്ത് പൂര്‍ണ്ണമായും ചെന്നൈയില്‍ ചിത്രീകരിച്ച സിനിമയായിരുന്നു ഇത്. സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന സൈബര്‍ ഇടങ്ങളെ കേന്ദ്രീകരിച്ചൊരുങ്ങുന്നതാണ് WFH ന്റെ പ്രമേയം. ഇതൊരു മര്‍ഡര്‍ മിസ്റ്ററിയാണ്.
രാജീവ് പിള്ള, റിയാസ് ഖാന്, ബോസ് വെങ്കിട്ട്, രവി കാന്ത്, ശിവാനി ഭായ്, മല്ലിക ചൗധരി എന്നിവര്‍ക്കൊപ്പം അതിഥി വേഷത്തില്‍ ഐ.എം. വിജയനും ചിത്രത്തില്‍ അഭിനയിക്കുന്നു. മുന്‍ ഐ.പി.എല്‍. താരം പ്രശാന്ത് പരമേശ്വരന്, മുന്‍ രഞ്ജി താരം പ്രശാന്ത് ചന്ദ്രന് എന്നീ ക്രിക്കറ്റ് താരങ്ങളും സിനിമയുടെ ഭാഗമാകുന്നുണ്ട്.
ആര്. രാമചന്ദ്രന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് ശിവാനി ഭായ് പ്രശാന്താണ്. അവര്‍തന്നെയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നതും. പി.സി. മോഹന്‍ എഡിറ്റിംഗും രാജ് ഭാസ്ക്കര്‍ പശ്ചാത്തല സംഗീതവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം ഒരുക്കിയിരിക്കുന്നതും നമ്പ്യാതിരിയാണ്.
ചിത്രം ഒടിടി പ്ലാറ്റ്ഫോമില്‍ പ്രദര്‍ശനത്തിനെത്തും.
Recent Comments