പോസ്റ്റ് കോവിഡിനുശേഷം റിലീസായ മലയാള ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടി കുറുപ്പ് മുന്നേറുന്നു. കേരളത്തില്‍ കുറുപ്പിന്റെ ഇന്നലത്തെ മാത്രം കളക്ഷന്‍ 4 കോടിക്ക് മീതെയാണ്. ലൂസിഫര്‍ കൈവരിച്ച നേട്ടത്തിന് മുന്നേയാണ് ഇപ്പോള്‍ കുറുപ്പ്. തീയേറ്ററുകളില്‍ ഇപ്പോഴും 50 ശതമാനം ആളുകള്‍ക്ക് മാത്രമേ പ്രദര്‍ശനാനുമതി ലഭിച്ചിട്ടുള്ളൂവെന്നതും ഓര്‍ക്കണം. ആകെയൊരു അനുകൂല സാഹചര്യം മറ്റൊരു സിനിമയും തീയേറ്ററുകളില്‍ ഓടുന്നില്ലെന്നതാണ്. ഏതാണ്ട് 500 ലേറെ തീയേറ്ററുകളില്‍ കുറുപ്പ് പ്രദര്‍ശിപ്പിക്കുന്നുമുണ്ട്. ഇന്നലെ ഏതാണ് എല്ലാ തീയേറ്ററുകളും ഹൗസ്ഫുള്ളായിരുന്നു.
വ്യാഴാഴ്ച രാത്രി 9 മണി മുതലാണ് യുഎഇയില്‍ കുറുപ്പ് പ്രദര്‍ശനത്തിനെത്തിയത്. പകല്‍ 3 വരെ പ്രദര്‍ശനമുണ്ടായിരുന്നു. ആ ദിവസത്തെമാത്രം കളക്ഷന്‍ 10 ലക്ഷം ദിര്ഹമാണെന്നറിയുന്നു. ഏതാണ് ഇന്ത്യന്‍ മൂല്യം 2 കോടിയോളം വരും. ജി.സി.സി അടക്കം 4 കോടിയിലേറെ കളക്ഷന്‍ കിട്ടിയിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. വെള്ളിയാഴ്ചത്തെ കളക്ഷന്‍ ഇതിലും ഉയരാനാണ് സാധ്യത.
കോവിഡിനുശേഷം തീയേറ്ററുകളിലേയ്ക്ക് പോകാന്‍ മടിച്ചുനിന്ന പ്രേക്ഷകരെ തിരിച്ചെത്തിച്ചുവെന്നതാണ് കുറുപ്പ് ഉണ്ടാക്കിയിരിക്കുന്ന വലിയ വിപ്ലവങ്ങളിലൊന്ന്. ഒടിടി പ്ലാറ്റ്ഫോമിലേയ്ക്ക് ചുരുങ്ങി പൊയ്ക്കൊണ്ടിരുന്ന മലയാളസിനിമയെ തീയേറ്ററുകളിലേയ്ക്ക് മടക്കിക്കൊണ്ടുവരുവാന്‍ കുറുപ്പ് ഒരു നാന്ദിയായി എന്നുവേണം വിലയിരുത്താന്‍. ഇനി വരുന്ന ചിത്രങ്ങള്‍ക്കും അത് ഏറെ പ്രയോജനം ചെയ്യും. കാവലും മരയ്ക്കാറുമടക്കമുള്ള മാസ് ചിത്രങ്ങളുടെ വരവുകൂടിയാകുമ്പോള്‍ തീയേറ്ററുകള്‍ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചെത്തുകതന്നെ ചെയ്യും.
പിടികിട്ടാപുള്ളി സുകുമാരക്കുറുപ്പിന്റെ കഥയെ അധീകരിച്ച് ശ്രീനാഥ് രാജേന്ദ്രന് സംവിധാനം ചെയ്ത ചിത്രമാണ് കുറുപ്പ്. ദുല്‍ഖര്‍ സല്‍മാന്റെ പാകപ്പെട്ട പ്രകടനത്തിനുകൂടി കുറുപ്പ് സാക്ഷ്യം വഹിച്ചിട്ടുണ്ട്. മാസ് എന്റര്ടെയ്നര് എന്ന വിശേഷണം പൂര്‍ണ്ണമായും ചേരുന്നതല്ലെങ്കിലും പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന ചേരുവകള്‍ കുറുപ്പില്‍ ആവോളം ഉണ്ട്.
കേരളത്തിലെ പ്രേക്ഷകര്‍ക്കുള്ള സംശയംപോലും കുറുപ്പിന്റെ ഡബ്ബിംഗ് ചിത്രങ്ങളില്‍നിന്ന് ഉണ്ടാവുന്നില്ലെന്നതും ശ്രദ്ധേയമാണ്. ഒരേസമയം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും കുറുപ്പ് ഡബ്ബ് ചെയ്യപ്പെട്ടിട്ടുണ്ട്. അവിടുത്തെ പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം സുകുമാരക്കുറുപ്പിന്റെ കഥ ഏതാണ്ട് അന്യമാണ്. അതുകൊണ്ടുതന്നെ സിനിമയുടെ എല്ലാ കാഴ്ചകളും അവര്‍ക്ക് പുതുപുത്തന്‍ അനുഭവമാണ്. കേരളത്തിന് പുറത്തുനിന്നുള്ള എല്ലാ റിപ്പോര്‍ട്ടുകളും അതിനെ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
ആശങ്കപ്പെടുത്തുന്നത് തുടര്‍ച്ചയായി പെയ്യുന്ന മഴയാണ്. രണ്ട് ദിവസത്തേയ്ക്കുകൂടി മഴ തുടരുമെന്നാണ് കാലാവസ്ഥ റിപ്പോര്‍ട്ട്.
Recent Comments