നവാഗത സംവിധായിക റത്തീന പി.ടി. മമ്മൂട്ടിയെയും പാര്‍വ്വതിയെയും പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ‘പുഴു’വിന്റെ ചിത്രീകരണം പൂര്‍ത്തിയായി. പാക്കപ്പ് സമയത്തെ ഗ്രൂപ്പ് ഫോട്ടോയ്ക്കൊപ്പം മമ്മൂട്ടി തന്നെയാണ് ആ സന്തോഷവാര്‍ത്ത പങ്കുവച്ചത്.
‘പുഴുവിന്റെ ചിത്രീകരണം പൂര്‍ത്തിയായി എന്നറിയിക്കുവാന്‍ സന്തോഷമുണ്ട്. പുരോഗമനപരവും ശുഭപ്രതീക്ഷയും നിറഞ്ഞ ഒരു ചിത്രമാണിത്. ഇതിന്റെ നിര്‍മ്മാണ ഘട്ടവും വലിയ അനുഭവമായിരുന്നു. അവസാന പ്രോഡക്ട് നിങ്ങളേവരും കാണുന്നതുവരെയുള്ള അക്ഷമയാണ് ഇനി’ മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
സിന്‍സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ് ജോര്‍ജ്ജാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ദുല്‍ഖറിന്റെ വേഫെയറര്‍ ഫിലിംസാണ് സഹനിര്‍മ്മാണവും വിതരണവും. 2019ല്‍ മമ്മൂട്ടി പ്രധാന വേഷത്തില്‍ എത്തിയ ഖാലിദ് റഹ്മാന് ചിത്രം ‘ഉണ്ട’യ്ക്കു ശേഷം ഹര്‍ഷദ് രചന നിര്‍വ്വഹിക്കുന്ന ചിത്രംകൂടിയാണിത്. ഷര്‍ഫു, സുഹാസ് എന്നിവര്‍ക്കൊപ്പമാണ് ഹര്‍ഷദ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
മമ്മൂട്ടിയും പാര്‍വ്വതിയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തില്‍ മണ്മറഞ്ഞ മഹാനടന് നെടുമുടി വേണുവും ഒരു സുപ്രധാന വേഷത്തില്‍ എത്തുന്നു. കൂടാതെ ഇന്ദ്രന്‍സ്, മാളവിക മേനോന് തുടങ്ങി താങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.
തേനി ഈശ്വറാണ് ഛായാഗ്രഹണം. കലാസംവിധാനം മനു ജഗത്ത്. റെനിഷ് അബ്ദുള്‍ഖാദര്‍, രാജേഷ് കൃഷ്ണ, ശ്യാം മോഹന്‍ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. എഡിറ്റിംഗ് ദീപു ജോസഫ്, സംഗീതം ജേക്സ് ബിജോയ്, പ്രൊജക്ട് ഡിസൈനര്‍ എന്‍ എം ബാദുഷ, പ്രൊഡക്ഷന്‍ കണ്ട്രോളര് പ്രശാന്ത് നാരായണന്, വസ്ത്രാലങ്കാരം സമീറ സനീഷ്, സ്റ്റില്‍സ് രോഹിത് കെ സുരേഷ്, അമല്‍ ചന്ദ്രനും എസ് ജോര്‍ജ്ജും ചേര്‍ന്നാണ് മേക്കപ്പ്, പബ്ലിസിറ്റി ഡിസൈന്‍സ് ആനന്ദ് രാജേന്ദ്രന്, എറണാകുളം, കുട്ടിക്കാനം എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.
Recent Comments