കലൂർ സ്റ്റേഡിയത്തിൽ ഗിന്നസ് ബുക്കിൽ പ്രവേശിക്കാനുള്ള ഭരതനാട്യ പ്രകടനം കാണുവാൻ എത്തിയ ഉമാ തോമസ് എംഎൽഎ സ്റ്റേജിൽ നിന്ന് വീണ് പരിക്കേറ്റ കേസിൽ തുടർനടപടികളുമായി പോലീസ്.
സാമ്പത്തികാരോപണങ്ങൾ സംബന്ധിച്ച അന്വേഷണത്തിൻ്റെ ഭാഗമായി നൃത്തപരിപാടിയുടെ സംഘാടകരായ മൃദംഗ വിഷന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. മൃദംഗ വിഷന്‍ കൂടുതല്‍ ആക്കൗണ്ടുകള്‍ ഉണ്ടോയെന്ന് പരിശോധിക്കുകയാണ്. മൃദംഗ വിഷൻ പ്രൊപ്രൈറ്റർ നികോഷ് കുമാർ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് പാലാരിവട്ടം സ്റ്റേഷനിൽ ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്. എത്തിയില്ലെങ്കിൽ അറസ്റ്റ് ചെയ്യാനാണ് പോലീസ് നീക്കം.
നൃത്താധ്യാപകർ പണം കൈമാറിയ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. സാമ്പത്തിക ചൂഷണവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. പോലീസ് മുമ്പാകെ ഹാജരാകണമെന്നാണ് നിഗോഷ് കുമാറിനോട് ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നത്. കലൂർ സ്റ്റേഡിയത്തിൽ മൃദംഗനാദം എന്ന പേരിൽ ഗിന്നസ് പരിപാടി സംഘടിപ്പിച്ച മൃദംഗ വിഷൻ എന്ന സ്ഥാപനത്തിന്റെ പ്രൊപ്പറേറ്ററാണ് നിഗോഷ് കുമാർ. ഇയാൾ ഹാജരായാൽ അറസ്റ്റ് ചെയ്യാനാണ് പൊലീസ് തീരുമാനം. ഹാജരായില്ലെങ്കിൽ കണ്ടെത്തി പൊലീസിന് അറസ്റ്റ് ചെയ്യാമെന്ന് ഹൈക്കോടതിയും വ്യക്തമാക്കിയിരുന്നു.
നൃത്തപരിപാടിയിലെ സാമ്പത്തിക തട്ടിപ്പിൽ വിശ്വാസ വഞ്ചനയ്ക്ക് പോലീസ് കേസെടുത്തിട്ടുമുണ്ട്. മൃദംഗവിഷൻ ഡയറക്ടർ ഉൾപ്പെടെ നാല് പേർക്കെതിരേയാണ് പാലാരിവട്ടം പോലീസ് കേസെടുത്തിരിക്കുന്നത്. കലൂർ സ്വദേശിയായ ബിജി എന്ന വീട്ടമ്മയുടെ പരാതിയിലാണ് നടപടി.
Recent Comments