ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് മോഹന്‍ലാല്‍ നടന് മധുവിനെ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്ന് കണ്ടത്. ‘ജീവിതത്തില്‍ പിതൃതുല്യനും അഭിനയത്തില്‍ ഗുരുതുല്യനും’ എന്നുമാണ് ലാല്‍ മധുവിനെ വിശേഷിപ്പിച്ചത്. അവരുടെ കൂടിക്കാഴ്ച ഒരു പിതൃദിനത്തിലായിരുന്നുവെന്നത് മറ്റൊരു ആകസ്മികതയാകാം. അവരുടെ ഒത്തുചേരല്‍ സാര്‍ത്ഥകമാകാന്‍ മറ്റൊരു കാരണംകൂടി ഉണ്ടായിരുന്നു. മധു അനശ്വരമാക്കിയ എം.ടി. വാസുദേവന്‍ നായരുടെ ഓളവും തീരവും എന്ന ചിത്രത്തിലെ ബാപ്പൂട്ടിയെ വെള്ളിത്തിരയില്‍ വീണ്ടും അവതരിപ്പിക്കാനുള്ള നിയോഗം ഉണ്ടായിരിക്കുന്നത് മോഹന്‍ലാലിനാണ്. പ്രിയദര്‍ശനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലൈ 5 ന് തൊടുപുഴയില്‍ ആരംഭിക്കും. അതിന് മുന്നോടിയായി ‘ബാപ്പുട്ടി’യെ നേരില്‍ കാണാന്‍ ലാല്‍ ആഗ്രഹിച്ചിരിക്കണം. അദ്ദേഹത്തിന്റെ അനുഗ്രഹം തേടാനും കൊതിച്ചിരിക്കണം. ബാപ്പുട്ടിയായി വേഷപ്പകര്ച്ചയാടുമ്പോള് ഉണ്ടായ അനുഭവങ്ങളെ കേള്‍ക്കാനും കാത് കൂര്‍പ്പിച്ചിരിക്കണം. ആ പുണ്യവും നെറുകയില്‍ ചൂണ്ടിക്കൊണ്ടാകും ലാല്‍ അന്ന് അവിടെനിന്ന് ഇറങ്ങിയിട്ടുണ്ടാവുക. ഇനി മറ്റൊരു ബാപ്പുട്ടിയിലേയ്ക്കുള്ള പരകായപ്രവേശനത്തിനായി കാത്തിരിക്കാന്‍ ദിവസങ്ങള്‍ മാത്രം.
എം.ടിയുടെ പത്ത് ചെറുകഥകളെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന പത്ത് ചെറു സിനിമകളുടെ സമാഹാരത്തിന്റെ ഭാഗമായാണ് ഓളവും തീരവും പുനര്‍നിര്‍മ്മിക്കപ്പെടുന്നത്. ന്യൂസ് വാല്യു പ്രൊഡക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡും ആര്.പി.എസ്.ജി. സരിഗമ ഇന്ത്യ ലിമിറ്റഡും ചേര്‍ന്നാണ് ഈ ആന്തോളജി നിര്‍മ്മിക്കുന്നത്. എം.ടിയുടെ മകള്‍ അശ്വതി വി. നായര്‍ ക്രിയേറ്റീവ് പ്രൊഡ്യൂസറും എം.ടി.യുടെ ശിഷ്യനും സംവിധായകനുമായ സുധീര്‍ അമ്പലപ്പാട് ലൈന്‍ പ്രൊഡ്യൂസറുമാണ്. നെറ്റ്ഫ്ളിക്സാണ് സ്ട്രീമിംഗ് പാര്‍ട്ട്ണര്‍. ഇതിനോടകം ഏഴ് സിനിമകള്‍ പൂര്‍ത്തിയായി. എട്ടാമത്തെ ചിത്രമാണ് ഓളവും തീരവും. ഇനി അവശേഷിക്കുന്നത് ലിജോ പെല്ലിശ്ശേരി-മമ്മൂട്ടി ചിത്രവും പൃഥ്വിരാജ് നായകനാകുന്ന ചിത്രവുമാണ്.
ഇന്ത്യന്‍ സിനിമയിലെതന്നെ ഇതിഹാസങ്ങളാണ് ഓളവും തീരത്തിന്റെ പുതിയ പതിപ്പിനുവേണ്ടി ഒരുമിക്കുന്നത്. എം.ടി. വാസുദേവന്‍നായരുടെ തിരക്കഥ. പ്രിയദര്‍ശന്റെ സംവിധാനം. കേന്ദ്രകഥാപാത്രമായി മോഹന്‍ലാല്‍. ഛായാഗ്രഹണം ഒരുക്കാന്‍ സന്തോഷ് ശിവന്. പ്രോജക്ട് ഡിസൈനറായി സാബു സിറിള്‍. തീര്‍ച്ചയായും ഓളവും തീരവും പുതിയ തലങ്ങള്‍ തേടുമെന്നുറപ്പ്.
ഹരീഷ് പേരടി, മാമ്മുക്കോയ, ദുര്‍ഗ്ഗ കൃഷ്ണ എന്നിവരാണ് ഇതിനോടകം കാസ്റ്റ് ചെയ്യപ്പെട്ട താരങ്ങള്‍. ഓളവും തീരത്തില്‍ ഉഷാനന്ദിനിയുടെ വേഷമാണ് (നബീസ) ദുര്‍ഗ്ഗാ കൃഷ്ണ ചെയ്യുന്നത്. ജോസ്പ്രകാശ് ചെയ്ത കുഞ്ഞാലിയെ ഹരീഷ് പേരടിയും ബാപ്പുട്ടിയുടെ സുഹൃത്ത് അബ്ദുവിന്റെ വേഷമണിഞ്ഞ നെല്ലിക്കോട് ഭാസ്കരനെ മാമ്മുക്കോയയും അവതരിപ്പിക്കുന്നു.
സ്റ്റുഡിയോ ഫ്ളോറില്‍ കിടന്ന് ശ്വാസംമുട്ടിയിരുന്ന മലയാള സിനിമയെ പുറംവാതില്‍ ചിത്രീകരണത്തിനായി എത്തിച്ച ആദ്യ സിനിമയെന്ന ഖ്യാതിയും പി.എന്‍. മേനോന് സംവിധാനം ചെയ്ത ഓളവും തീരത്തിനുമാണ്. കലാമൂല്യമുള്ള സിനിമയെന്നതിലുപരി അക്കാലത്ത് ബോക്സ് ഓഫീസ് ഹിറ്റായ ചിത്രംകൂടിയാണ് ഓളവും തീരവും. മികച്ച ഫീച്ചര്‍ ഫിലിമിനും ഛായാഗ്രാഹകനും തിരക്കഥാകൃത്തിനുമുള്ള സംസ്ഥാന പുരസ്കാരവും ഓളവും തീരവും സ്വന്തമാക്കിയിരുന്നു.
Recent Comments