പദ്മരാജന്റെ മകന് അനന്തപദ്മനാഭന് ചെറുപ്പം മുതലേ എം.ടി.യുടെ കടുത്ത ആരാധകനായിരുന്നു. അനന്തപദ്മനാഭന് അന്ന് പത്താംക്ലാസില്‍ പഠിക്കുന്ന കാലമാണ്. ഒരു ദിവസം പദ്മരാജന് രാവിലേതന്നെ കുളിച്ചൊരുങ്ങി പുറപ്പെടുന്നു. പരീക്ഷാക്കാലമാണ്. പഠിച്ചുകൊണ്ടിരുന്ന മകന്റെ അടുത്തുവന്ന് പദ്മരാജന് പറഞ്ഞു: ‘നിന്റെ ഹീറോ തിരുവനന്തപുരത്തെത്തിയിട്ടുണ്ട്, എം.ടി. വാസുദേവന്‍നായര്‍. എന്നെ വിളിച്ചിരുന്നു. ഞാനദ്ദേഹത്തെ കാണാന്‍ പോവുകയാണ്.’
നേരിട്ടൊന്നു കാണണമെന്ന് അതിയായ മോഹമുണ്ടായിരുന്നെങ്കിലും പപ്പന് അച്ഛന്റെ കൂടെ പോയില്ല. ഏതോ തിരക്കഥയെപ്പറ്റി ചര്‍ച്ചചെയ്യാനാണ്. കുട്ടികള്‍ക്കവിടെ കാര്യമില്ലല്ലോ. ഹോട്ടലില്‍വെച്ച് കണ്ട് സംസാരിച്ച് തിരിച്ചുപോരുന്നതിനു മുന്‍പ് പദ്മരാജന് എം.ടി.യോടു പറഞ്ഞു: ‘എന്റെ മകന് സാറിന്റെ വലിയ ഫാനാണ്. എഴുതുന്നതെന്തും അവന് തേടിപ്പിടിച്ച് വായിക്കും.’
‘എങ്കില്‍ എന്റെ സമ്മാനമായി ഇത് മകന് കൊടുക്കൂ’ എന്നുപറഞ്ഞ് പേരെഴുതി ഒപ്പിട്ട് തന്റെ ഒരു പുസ്തകം എം.ടി. പദ്മരാജനെ ഏല്‍പ്പിച്ചു. പുസ്തകം കിട്ടിയ അനന്തപദ്മനാഭന് സന്തോഷംകൊണ്ട് തുള്ളിച്ചാടി. എന്നിട്ട് പദ്മരാജനോട് ഒരു കുസൃതിച്ചോദ്യം ചോദിച്ചു: ‘എന്റെ പ്രായത്തില്‍ ഇതുപോലൊരു സമ്മാനം അന്നത്തെ ഏത് സാഹിത്യകാരനില്‍നിന്നു കിട്ടാനാണ് അച്ഛന് ആഗ്രഹിക്കുക?’
തകഴിയടക്കമുള്ള മഹാസാഹിത്യകാരന്മാരില് ആരുടെയെങ്കിലും പേരുപറയുമെന്ന് പ്രതീക്ഷിച്ച മകനോട് ഒരു നീണ്ട ആലോചനയ്ക്കുശേഷം പദ്മരാജന് പറഞ്ഞുവത്രെ: ‘നിന്റെ പ്രായത്തില്‍ ഞാനും എം.ടി.യില്നിന്ന് കിട്ടാന്തന്നെയാകും ആഗ്രഹിക്കുക.’
അനന്തപദ്മനാഭന് ഒരു ലേഖനത്തില്‍ എഴുതിയ അനുഭവമാണ് ഇത്. തലമുറകളുടെ സ്നേഹവും വാത്സല്യവും അംഗീകാരവും ആരംഭകാലത്തെന്നോണം നിലനിര്‍ത്തുന്നവര്‍ അത്യപൂര്‍വമാണ്. എം ടി വാസുദേവന്‍ നായര്‍ എന്ന ആ അപൂര്‍വ പ്രതിഭാസം ഇതിന് നേര് സാക്ഷ്യമാണ്. നോവല്‍, ചെറുകഥ, തിരക്കഥ, നാടകം, ബാലസാഹിത്യം, യാത്രാവിവരണം, ലേഖനം എന്നിങ്ങനെ എഴുത്തിന്റെ സമസ്തരൂപങ്ങളിലും വിരല്‍മുദ്ര പതിപ്പിച്ച എംടി, പത്രാധിപര്‍ എന്ന നിലയിലും അതുല്യനാണ്. വേണമെങ്കില്‍ മരണത്തെ വരെ തോല്പിച്ച മനുഷ്യന് എന്നും പറയാം.
‘1977 ല്‍ മരണം വളരെ സമീപമെത്തി പിന്മാറിയ എന്റെ ജീവിതഘട്ടത്തില്‍ അവശേഷിച്ച കാലം കൊണ്ട് ഇതെങ്കിലും തീര്‍ക്കണമെന്ന വെമ്പലോടെ മനസില്‍ എഴുതാനും വായിച്ചു വിഭവങ്ങള്‍ നേടാനും ഒരുക്കം തുടങ്ങി. പക്ഷേ, എഴുതി തീരാന്‍ 1983 ആകേണ്ടി വന്നു. സമയമനുവദിച്ച് തന്ന കാലത്തിന് നന്ദി.’ രണ്ടാമുഴമവസാനിച്ചപ്പോള് എം.ടി എഴുതി. ഇതിലും നന്നായി എങ്ങനെ മരണത്തോട് പ്രതികാരം ചെയ്യാന്‍ കഴിയും.
നാല് പതിറ്റാണ്ട് മുന്‍പ് ദൈവത്തിന്റെ വരദാനം പോലെ എം.ടി വാസുദേവന്‍ നായരുടെ മഹത്തായ ഇതിഹാസം കലാകൗമുദി വാരികയില്‍ ‘രണ്ടാമൂഴം’ നോവല്‍ തുടങ്ങി. വ്യാസന്റെ മഹാഭാരതത്തിലെ, അര്‍ത്ഥഗര്‍ഭമായ നിശബ്ദതകളും മാനുഷിക പ്രതിസന്ധികളും പ്രമേയമാക്കി, ഭീമനെ നായകനാക്കി എംടി എഴുതിയ രണ്ടാമൂഴം എന്ന നോവല്‍ കലാകൗമുദി വാരികയില്‍ ഖണ്ഡശ പ്രസിദ്ധീകരണമാരംഭിച്ചു.
ചെറുപ്പം മുതലേ എ.ടി.യുടെ ആഗ്രഹമായിരുന്നു മഹാഭാരതം പ്രമേയമാക്കി ഒരു കൃതിയെഴുതുക. എഴുത്തച്ഛന്റെ ഭാരതം വായിച്ചു, കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ തര്‍ജ്ജമ വായിച്ചു. 1,24,000 ശ്ലോകങ്ങളുള്ള ലോകത്തിലെ ഏറ്റവും വലിയ ഗ്രന്ഥം. 873 ദിവസങ്ങള്‍ കൊണ്ട് ഒറ്റയ്ക്ക് തമ്പുരാന് പരിഭാഷപ്പെടുത്തിയ മഹാഗ്രന്ഥം. പിന്നെ രാജാജിയുടെ മഹാഭാരതം. ഓരോ വായനയിലും പുതിയ മാനങ്ങള്‍ അകക്കണ്ണില്‍ തെളിഞ്ഞു. കിട്ടാവുന്ന മഹാഭാരത വിവര്‍ത്തനങ്ങള്‍ മുഴുവന്‍ വായിച്ചു. ഒരുപാടു ഗവേഷണം നടത്തി. 1977 ആയപ്പോഴേക്കും എം.ടിയുടെ മനസ്സിലുണ്ടായിരുന്ന മഹാഭാരത കഥയുടെ ഘടന രൂപാന്തരപ്പെട്ടു.
സമകാലീന പ്രമേയങ്ങള്‍ ഉപേക്ഷിച്ച് ഇതിഹാസത്തിലെ ദേവഗണങ്ങളെ മനുഷ്യരായി ഒരു രചന എഴുതാന്‍ സമയമായെന്ന് തോന്നി. അര്‍ഹിക്കുന്നത് കിട്ടാതെ പോയവര്‍ എം. ടിയുടെ കഥകളിലും നോവലുകളിലും ധാരാളമുണ്ട്. അത് തന്നെയാണ് ഭീമന് എം.ടിയെ ആകര്‍ഷിച്ചത്.
‘യുദ്ധം ജയിച്ച നീയാണ് രാജ്യം ഭരിക്കേണ്ടതെന്ന് മൂത്ത സഹോദരന് പറയുന്നു. അയാള്‍ രാജ്യം ഭരിച്ചില്ല. അപ്പോള്‍ ഇയാളില്‍ എന്തോ ഉണ്ട് എന്ന് എനിക്ക് തോന്നി. അതാണ് എന്റെ മനസ്സില്‍ രണ്ടാമൂഴത്തിലെ നായകനായി വളര്‍ന്ന് വികസിച്ചത് ‘എംടി ഒരിക്കല്‍ പറഞ്ഞു. രണ്ടാമൂഴത്തിലെ സ്വാതന്ത്ര്യമെടുത്ത ഭാഗങ്ങള്ക്കാധാരം വ്യാസന്റെ നിശബ്ദതകളാണ്. മഹാഭാരതമെന്ന കഥയില്‍ മറ്റൊരു മാറ്റവും നോവലിന്റെ ചട്ടക്കൂടില്‍ എം.ടി. വരുത്തിയിട്ടില്ല. പുതിയ കഥാപാത്രങ്ങളും കൂട്ടി ചേര്‍ത്തിട്ടില്ല.നാല് പതിറ്റാണ്ട് പിന്നിട്ടിട്ടും ഇന്ത്യന്‍ സാഹിത്യ ലോകത്ത് ചൈതന്യ സ്തംഭമായി നിത്യവിസ്മയമായി ഇന്നും നിലനില്ക്കുന്നു രണ്ടാമൂഴം. ഇതിഹാസത്തിലെ, മനുഷ്യരുടെ കഥ പറഞ്ഞ് തന്ന, മലയാളത്തിന്റെ സുകൃതമായ എം.ടിക്കും രണ്ടാമൂഴത്തിന്റെ വായനയിലൂടെ മലയാള സാഹിത്യലോകം ആദരവോടെ പറയുന്നുണ്ട്, നന്ദി.
‘ശത്രുവിനോട് ദയ കാട്ടരുത്. ദയയില്‍ നിന്നും കൂടുതല്‍ കരുത്തു നേടിയ ശത്രു വീണ്ടും നേരിടുമ്പോള്‍ അജയ്യനാവും. അതാണ് ഞങ്ങളുടെ നിയമം. മൃഗത്തെ വിട്ടു കളയാം. മനുഷ്യന് രണ്ടാമൊതൊരവസരം കൊടുക്കരുത്.’
Recent Comments