മൂന്നാര്‍ ഭൂമി കൈയേറ്റം സംബന്ധിച്ച കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി ഹൈക്കോടതി. ഈ കേസ് സിബിഐയ്ക്ക് വിടാന്‍ സാധ്യത. സിബിഐയ്ക്ക് വിട്ടാല്‍ ഇടുക്കി ജില്ലയിലെ രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ ഉന്നതരായ പലരും കുടുങ്ങുമെന്നാണ് സൂചന.
മൂന്നാറിലെ വ്യാജ പട്ടയക്കേസില്‍ എം.ഐ. രവീന്ദ്രനെതിരെ എന്ത് നടപടി സ്വീകരിച്ചെന്ന് കോടതി ആരാഞ്ഞു. രവീന്ദ്രന് പട്ടയം ഒരുകാലത്ത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു.
രവീന്ദ്രന് മാത്രമായി വ്യാജ പട്ടയം ഉണ്ടാക്കാനാകില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. 500 വ്യാജപട്ടയം ഉണ്ടാക്കിയാല്‍ 500 കേസുകള്‍ വേണ്ടേ എന്ന് കോടതി ചോദിച്ചു. വ്യാജപട്ടയ കേസില്‍ ഗൂഢാലോചന കുറ്റം മാത്രം ചുമത്തിയത് തൃപ്തികമല്ല. നടന്നത് വന്‍ അഴിമതിയാണെന്നും കോടതി നിരീക്ഷിച്ചു. 42 ഭൂമി കേസുകളില്‍ സര്‍ക്കാര്‍ കോടതിയില്‍ തോറ്റു. എന്നിട്ടും എന്ത് കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ ഫയല്‍ ചെയ്തില്ലെന്നും കോടതി ചോദിച്ചു.
വ്യാജ പട്ടയങ്ങള്‍ക്ക് പിന്നില്‍ ഉദ്യോഗസ്ഥ-മാഫിയ സംഘമുണ്ടെന്നും വലിയ അഴിമതി നടന്നിട്ടുണ്ടെങ്കിലും കേസുകളില്‍ ഒന്നിലും അഴിമതി നിരോധന പ്രകാരമുള്ള കുറ്റം ചുമത്തിയില്ലെന്നും ഡിവിഷന് ബഞ്ച് വിമര്‍ശിച്ചു. കേസില്‍ സിബിഐയെ സ്വമേധയാ കക്ഷി ചേര്‍ക്കും. എന്നാല്‍ കേസ് സിബിഐയ്ക്ക് വിടുന്നതിന് മുമ്പ് അഡ്വക്കേറ്റ് ജനറലിനെ കേള്‍ക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
Recent Comments