നടനും തിരക്കഥാകൃത്തുമായ മുരളി ഗോപിയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തു. മുരളിയുടെ പിതാവ് ഭരത് ഗോപിയുടെ ചിത്രം പ്രൊഫൈല്‍ ആക്കി മാറ്റുകയും, വിചിത്രമായ ഏതാനും പോസ്റ്റുകള്‍ ഇടുകയും ചെയ്തിട്ടുണ്ട്. തന്റെ അക്കൗണ്ട് ഹാക്ക് ചെയ്ത വിവരം മുരളി ഗോപി തന്നെയാണ് ഇന്‍സ്റ്റഗ്രാം പേജിലൂടെ അറിയിച്ചത്. സന്ദേശം വായിച്ചവര്‍ ഹാക്കറുടെ പോസ്റ്റുകള്‍ക്ക് താഴെ കമന്റുകളുമായി എത്തിയിട്ടുണ്ട്.
അടുത്തിടെ നടനും സംവിധായകനുമായ അനൂപ് മേനോന്റെ പേജും ഹാക്കര്‍മാര്‍ ഇത്തരത്തില്‍ കവര്‍ന്നിരുന്നു. 15 ലക്ഷം ഫോളോവേഴ്സ് ഉണ്ടായിരുന്ന പേജില്‍ നിന്നും നാല് ലക്ഷത്തോളം ഫോളോവര്‍മാരെയും നഷ്ടപ്പെട്ടിരുന്നു.
ആറ് മാസങ്ങള്‍ മുന്‍പ് വരെയുള്ള പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്ത പേജിലേക്ക് ഫിലിപൈന്‍സില്‍ നിന്നുമാണ് ആക്രമണം എന്നാണറിയുന്നത്.
2004 ല്‍ ലാല്‍ ജോസിന്റെ സംവിധാനത്തില്‍ ദിലീപ് നായകനായി എത്തിയ ‘രസികനി’ല്‍ തിരക്കഥാകൃത്തായാണ് മുരളി ഗോപിയുടെ സിനിമാപ്രവേശം. മാത്രമല്ല ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെയും അവതരിപ്പിച്ച് അഭിനയത്തിലും അരങ്ങേറ്റം കുറിച്ചിരുന്നു.
മുരളി ഗോപിയെ പിന്നീട് കാണുന്നത് ‘ഭ്രമരം’ സിനിമയിലെ ഡോ. അലക്സ് വര്‍ഗീസ് എന്ന കഥാപാത്രമായാണ്. പിന്നാലെ തന്നെ മികച്ച സപ്പോര്‍ട്ടിങ് നടനുള്ള സത്യന് സ്മാരക പുരസ്കാരം അദ്ധേഹത്തെ തേടിയെത്തിയിരുന്നു.
പിന്നീട് പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ വന്‍ വിജയമായതോടെ, വാണിജ്യ സിനിമയുടെ തിരക്കഥാകൃത്തെന്ന നിലയില്‍ മുരളി ഗോപി മറ്റൊരു തലത്തിലേക്ക് എത്തിച്ചേരുകയായിരുന്നു. ഈ ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ തിരക്കഥയും മുരളി ഗോപിയുടേതാണ്.
ഷെരുണ് തോമസ്
Recent Comments