തെന്നിന്ത്യന്‍ ചലച്ചിത്ര സംഗീതലോകത്ത് നിന്നും ഓസ്കാര്‍ പുരസ്കാരനേട്ടം വഴി തന്റെ പ്രശസ്തി ആഗോളതലത്തില്‍ എത്തിച്ച സംഗീത പ്രതിഭയാണ് എംഎം കീരവാണി. രാജാമണിയുടെ ശിഷ്യനായിരുന്ന കീരവാണി തുടക്ക കാലത്ത് മലയാളത്തിലും ഏതാനും ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നിട്ടുണ്ട്. മലയാളത്തില്‍ മരഗതമണി എന്ന പേരിലായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്.
സൂര്യമാനസം എന്ന ചിത്രത്തില്‍ കീരവാണി സംഗീതം നല്കിയ ‘തരളിത രാവില്‍ മയങ്ങിയോ’ എന്ന ഗാനം വളരെയധികം ശ്രദ്ധ നേടിയിരുന്നു. 1992-ല്‍ ഇറങ്ങിയ ചിത്രം വിജി തമ്പിയായിരുന്നു സംവിധാനം ചെയ്തത്. മമ്മൂട്ടി പുട്ടുറുമീസ് എന്ന കഥാപാത്രമായി വ്യത്യസ്ത ഗെറ്റപ്പിലാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയാണ് വരികള്‍ എഴുതിയത്. ഇപ്പോള്‍ ആ ഗാനത്തിന്റെ പിറവിയെകുറിച്ച് കാന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ വാചാലനാവുകയാണ് സംവിധായകന് വിജിതമ്പി.
‘ഐ.വി. ശശി സാറിന്റെ നീലഗിരിയാണ് കീരവാണി സംഗീത സംവിധാനം ചെയ്ത ആദ്യ മലയാള ചിത്രം. പിന്നീട് തമിഴ് ചിത്രമായ അഴകനിലെ പാട്ടുകള്‍ കൂടി കേട്ടപ്പോള്‍ അദ്ദേഹം തന്നെ ഈ ചിത്രത്തിന്റെ സംഗീത സംവിധായകനായാല്‍ മതിയെന്ന് തീരുമാനിക്കുകയായിരുന്നു.’
‘മദ്രാസിലെ എവിഎം സ്റ്റുഡിയോയിലാണ് കീരവാണിയെ കാണാന്‍ പോയത്. കഥയും മൂന്ന് പാട്ടുകളുടെ സിറ്റുവേഷനും വിശദീകരിച്ചു. ഒരാഴ്ച സമയം വേണമെന്ന് കീരവാണി പറഞ്ഞു. സാധാരണ അങ്ങനെ പതിവില്ല. നാളെ ഇരിക്കാം എന്നാണ് മിക്ക മ്യൂസിക് ഡയറക്ടര്‍മാരും പറയാറുള്ളത്. ഞങ്ങള്‍ ഒരാഴ്ച കഴിഞ്ഞ് കീരവാണിയുടെ അടുക്കല്‍ എത്തി. പ്രധാന ഗാനത്തിന്റെ സിറ്റുവേഷന് വേണ്ടി 23 ട്യൂണുകളുമായാണ് കീരവാണി ഞങ്ങളെ സ്വീകരിച്ചത്. ഓരോ ട്യൂണും ഞങ്ങളെ ഹാര്‍മോണിയത്തില്‍ വായിച്ച് കേള്‍പ്പിച്ചു. എല്ലാം ഒന്നിനൊന്ന് മെച്ചം. ഇതെല്ലാം കേട്ട് ഞങ്ങള്‍ക്ക് തീരുമാനം എടുക്കാന്‍ കഴിയാതെയായി.’ വിജി തമ്പി തുടര്‍ന്നു.
‘അവസാനം ഇഷ്ടപ്പെട്ട 5 ട്യൂണ്‍ തിരഞ്ഞെടുക്കാന്‍ കീരവാണിയോട് തന്നെ പറഞ്ഞു. ആ അഞ്ചില്‍ നിന്ന് ഞങ്ങള്‍ തിരഞ്ഞെടുത്തതാണ് ഇന്ന് കേള്‍ക്കുന്ന തരളിതരാവിന്റെ ട്യൂണ്‍. കൈതപ്രം ട്യൂണിന് പല്ലവി എഴുതി കൊണ്ട് വന്നു. തരളിതരാവില്‍ മയങ്ങിയോ സൂര്യമാനസം വഴിയറിയാതെ വിതുമ്പിയോ മേഘനൊമ്പരം. അതുവരെ പേരിട്ടിട്ടില്ലായിരുന്ന പടത്തിന് അപ്പോള്‍ തന്നെ പേരുമിട്ടു. സൂര്യമാനസം.’ അഭിമുഖത്തില്‍ വിജി തമ്പി പറഞ്ഞു.
അഭിമുഖത്തിന്റെ പൂര്‍ണ്ണ രൂപം കാണാം:
Recent Comments