സംഗീത സംവിധായകന് കെ.ജെ. ജോയ് അന്തരിച്ചു. 77 വയസ്സായിരുന്നു. സംസ്കാരം ബുധനാഴ്ച ചെന്നൈയില്‍. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ചെന്നൈയിലെ വീട്ടില്‍വച്ചാണ് അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു.
മലയാള ചലച്ചിത്രഗാന ലോകത്തെ ആദ്യത്തെ ‘ടെക്നോ മ്യുസിഷ്യന്‍’ എന്നാണ് ജോയ് അറിയപ്പെട്ടിരുന്നത്. ചെറുപ്പത്തില്‍ത്തന്നെ ചെന്നൈയിലേക്ക് കുടുംബത്തോടൊപ്പം താമസം മാറ്റിയ ജോയ് തൃശ്ശൂര്‍ സ്വദേശിയാണ്. പതിനെട്ടാം വയസ്സില്‍ പ്രശസ്ത സംഗീതജ്ഞനായ എം.എസ്. വിശ്വനാഥന്റെ ഓര്‍ക്കസ്ട്രയില്‍ ചേര്‍ന്നു. 1969ല്‍ ദക്ഷിണേന്ത്യന്‍ സിനിമാസംഗീതത്തില്‍ കീബോര്‍ഡ് ആദ്യമായി അവതരിപ്പിച്ച് ജോയ് അക്കാലത്ത് വിവിധതരം ഭാഷകളില്‍ ദിവസത്തില്‍ 12ലധികം പാട്ടുകള്‍ക്ക് വേണ്ടി വായിച്ചിരുന്നു.
മലയാളത്തില്‍ ഇറങ്ങിയ ‘ലവ് ലെറ്റര്‍’ (1975) ആയിരുന്നു ആദ്യമായി സ്വതന്ത്രസംഗീത സംവിധാനം നിര്‍വ്വഹിച്ച ചിത്രം. ലിസ, സര്‍പ്പം, മുത്തുച്ചിപ്പി തുടങ്ങി ഏകദേശം 65 ഓളം മലയാള ചലച്ചിത്രങ്ങള്‍ക്ക് സംഗീതം പകര്‍ന്നു. പന്ത്രണ്ടോളം ഹിന്ദി ചലച്ചിത്രങ്ങള്‍ക്ക് പശ്ചാത്തല സംഗീതമൊരുക്കി. 1994-ല്‍ പി.ജി. വിശ്വംഭരന് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ‘ദാദ’യായിരുന്നു ഈണമിട്ട അവസാന ചിത്രം. സതേണ്‍ കമ്പയിന്‍സ് എന്നൊരു റെക്കോര്‍ഡിംഗ് സ്റ്റുഡിയോ നടത്തിയിരുന്നു.
Recent Comments