പ്രശസ്ത സംഗീത സംവിധായകന് സുശിന്‍ ശ്യാം വിവാഹിതനായി. ഉത്തര കൃഷ്ണന് ആണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കുകൊണ്ടത്. ഫഹദിനും നസ്രിയയ്ക്കും പുറമെ ജയറാം, ശ്യാം പുഷ്കര്‍ എന്നിവരും വിവാഹച്ചടങ്ങില്‍ എത്തിയിരുന്നു.
നടന് ജയറാമിന്റെ മകള്‍ മാളവികയുടെ വിവാഹച്ചടങ്ങില്‍വച്ചാണ് സുശിന്‍ തന്റെ ജീവിത പങ്കാളിയെ ആദ്യം പരിചയപ്പെടുത്തുന്നത്. ഏറെ നാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു. അതാണ് വിവാഹത്തില്‍ കലാശിച്ചത്.
നിലവില്‍ പ്രദര്‍ശനം തുടരുന്ന അമല്‍ നീരദ് ചിത്രം ബൊഗെയ്ന്‍വില്ലയ്ക്ക് വേണ്ടിയാണ് സുശിന്‍ ഏറ്റവും ഒടുവിലായി സംഗീതം പകര്‍ന്നത്. ബൊഗെയ്ന്‍വില്ലയ്ക്ക് ശേഷം ചെറിയ ഇടവേള എടുക്കുമെന്നും സുശിന്‍ പറഞ്ഞിരുന്നു. വിവാഹത്തിനുള്ള നല്ല സമയമായി എന്ന് സുശിന്‍ ആ ഇടവേളയെ കണ്ടെത്തുകയായിരുന്നു.
അനില്‍ രാധാകൃഷ്ണന് മേനോന് സംവിധാനം ചെയ്ത സപ്തമശ്രീ തസ്കര എന്ന ചിത്രത്തിന് പശ്ചാത്തല സംഗീതം നിര്‍വ്വഹിച്ചുകൊണ്ടാണ് സുശിന്‍ സിനിമാരംഗത്തേയ്ക്ക് കടക്കുന്നത്. തുടര്‍ന്ന് നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംഗീത സംവിധായകനായി. വരത്തന്, കുമ്പളങ്ങി നൈറ്റ്സ്, മിന്നല്‍ മുരളി, ഭീഷ്മപര്‍വ്വം, ആവേശം തുടങ്ങിയവ അവയില്‍ ചിലതുമാത്രം. 2019 ല്‍ മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന പുരസ്കാരം കുമ്പളങ്ങി നൈറ്റ്സിലൂടെ സുശിനെ തേടിയെത്തിയിരുന്നു.
Recent Comments