മദ്യപിക്കുന്നവർക്ക് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിന് തടസ്സമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. പാര്‍ട്ടി അംഗത്വത്തില്‍ നില്ക്കുന്നവര് മദ്യപിക്കരുതെന്നാണ് താൻ പറഞ്ഞത്. പാര്‍ട്ടി അനുഭാവികളായവര്‍ക്കും ബന്ധുക്കളായവര്‍ക്കും മദ്യപിക്കുന്നതിന് തടസ്സമില്ലെന്നും എംവി ഗോവിന്ദന് കൊല്ലത്ത് മാധ്യമങ്ങളോട് പറഞ്ഞു.
‘അനുഭാവികളായവര്‍ക്കും പാര്‍ട്ടി ബന്ധുക്കളായവര്‍ക്കും മദ്യപിക്കുന്നത് തുടരാം. മദ്യപന്മാര്ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് പറഞ്ഞിട്ടില്ല. പറഞ്ഞത് സംഘടനാ രംഗത്തുനില്‍ക്കുന്ന പാര്‍ട്ടി സഖാക്കള്‍, മെമ്പര്‍മാര്‍ മദ്യപിക്കരുതെന്നാണ്. അത് രാഷ്ട്രീയമായ നിലപാടാണ്. തെറ്റുതിരുത്തല്‍ പ്രക്രിയയയുടെ ഭാഗമായി കൊല്‍ക്കത്തയില്‍ ചേര്‍ന്ന പ്ലീനം രാജ്യത്തെ പാര്ട്ടിമെമ്പര്മാര് കാത്തുസൂക്ഷിക്കേണ്ട മൂല്യം എങ്ങനെയായിരിക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്’- എംവി ഗോവിന്ദന് പറഞ്ഞു.
‘പാര്‍ട്ടി അംഗങ്ങള്‍ മദ്യപിക്കരുതെന്ന് ഒരു സുപ്രഭാതത്തില്‍ വെളിപാട് ഉണ്ടായിട്ട് പറഞ്ഞതല്ല. കൃത്യമായ രാഷ്ടീയത്തിന്റെ അടിസ്ഥാനത്തില്‍ വിശദീകരിച്ചതാണ്. അതിലേക്കാണ് നാം എത്തേണ്ടത്. ഒരുദിവസം കൊണ്ടോ, രണ്ടുദിവസം കൊണ്ടോ അത് പൂര്‍ത്തിയാകുമെന്ന് പറഞ്ഞിട്ടില്ല. ലഹരി ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ പാര്‍ട്ടി സഖാക്കള്‍ നല്ല ധാരണയോടെ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന അവബോധം ഉണ്ടാക്കുകയാണ് പാര്‍ട്ടി ഉദ്ദേശിക്കുന്നത്’ ഗോവിന്ദന് പറഞ്ഞു,
Recent Comments