രണ്ടായിരത്തിലേറെ പരസ്യചിത്രങ്ങള്‍ ചെയ്തിട്ടുണ്ട് തനു ബാലക്. ആ പരസ്യചിത്രങ്ങളുടെ സംവിധായകനും ക്യാമറാമാനും തനുബാലക് തന്നെയായിരുന്നു. അടിസ്ഥാനപരമായി അദ്ദേഹം ക്യാമറാമാനാണ്. ദീര്‍ഘകാലം സൂര്യ ടിവിയില്‍ ക്യാമറാമാനായി ജോലി ചെയ്തിട്ടുണ്ട്. ജയരാജിന്റെ ഓഫ് ദി പീപ്പിളിനുവേണ്ടി ഛായാഗ്രഹണം നിര്‍വ്വഹിച്ചിട്ടുണ്ട്. എന്നാല്‍ അടുത്തിടെ അദ്ദേഹമൊരു ചിത്രം സംവിധാനം ചെയ്തു- കോള്‍ഡ്കേസ്. പൃഥ്വിരാജാണ് നായകന്. തീയേറ്റര്‍ എക്സ്പീരിയന്സിനുവേണ്ടി ചെയ്ത സിനിമ തന്നെയായിരുന്നു. കോവിഡ് പ്രതിസന്ധി പരക്കുന്ന പശ്ചാത്തലത്തില്‍ കോള്‍ഡ്കേസ് ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ജൂണ്‍ 30 ന് ആമസോണ്‍ പ്രൈമില്‍ എത്തും. അതിനുള്ള കാര്യകാരണങ്ങള്‍ തുറന്നു പറയുകയാണ് തനുബാലക്.
‘ഈ കോവിഡ് കാലത്താണ് കോള്‍ഡ് കേസിന്റെ ഷൂട്ടിംഗും നടന്നത്. അതുകൊണ്ടുതന്നെ വളരെ നിയന്ത്രണങ്ങളോടെയാണ് ഷൂട്ടിംഗ് ചെയ്യേണ്ടിവന്നത്. ആദ്യം ഇന്‍ഡോര്‍ പോര്‍ഷനുകള്‍ എടുത്തുതീര്‍ത്തു. അതിനുശേഷമാണ് ഔട്ട്ഡോറിലേയ്ക്ക് നീങ്ങിയത്. ഭാഗ്യവശാല്‍ ഷൂട്ടിംഗ് തീരുന്നതുവരെ ആര്‍ക്കും കോവിഡ് പിടിപെട്ടില്ല. അതുകൊണ്ട് ഷൂട്ടിംഗ് മുടങ്ങിയില്ല. ഒറ്റഷെഡ്യൂളില്‍ പൂര്‍ത്തിയാക്കാനും കഴിഞ്ഞു.’
‘തീയേറ്റര്‍ റിലീസിനുതന്നെയാണ് ഞങ്ങള്‍ ശ്രമിച്ചുകൊണ്ടിരുന്നത്. പക്ഷേ ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിനുള്ള വിഘാതങ്ങള്‍ ഏറെയാണ്. നിര്‍മ്മാതാവിനോടൊപ്പം നില്‍ക്കേണ്ടത് എന്റെ കര്‍ത്തവ്യമാണെന്നും വിശ്വസിക്കുന്നു. അങ്ങനെയാണ് ഒടിടിയില്‍ റിലീസ് ചെയ്യാന്‍ തീരുമാനിക്കുന്നത്. ഒരു പാന്‍ ഇന്ത്യ റിലീസ് അതുകൊണ്ട് സാധ്യമാകും. എന്നാലും തീയേറ്റര്‍ എക്സ്പീരിയന് നഷ്ടമാകും എന്ന വേദനയുണ്ട്. പ്രത്യേകിച്ചും ഈ സിനിമയുടെ സൗണ്ടിംഗും സാങ്കേതിക മികവുകളുമൊക്കെ പരിഗണിക്കുമ്പോള്‍.’
? താരനിര്ണ്ണയസമയത്ത് കോള്‍ഡ് കേസിലെ പോലീസ് ഓഫീസറായി പൃഥ്വിരാജ് മാത്രമേ ഉണ്ടായിരുന്നുള്ളോ.
ശ്രീനാഥ് ആര്. നാഥാണ് കോള്ഡ്കേസിന്റെ തിരക്കഥാകൃത്ത്. അയാള്‍ എന്നോട് കഥ പറയുമ്പോള്‍ അസിസ്റ്റന്റ് കമ്മീഷണര്‍ സത്യജിത്തായി എന്റെ മനസ്സില്‍ ആദ്യമെത്തിയ രൂപം പൃഥ്വിരാജിന്റേതായിരുന്നു. ആദ്യം കഥ പറഞ്ഞതും പൃഥ്വിരാജിനോടാണ്. തിരക്കഥ വായിച്ചുകേട്ടപ്പോള്‍ അദ്ദേഹത്തിനിഷ്ടമായി. ഇനിയൊരുപക്ഷേ, അദ്ദേഹത്തിനത് ഇഷ്ടപ്പെട്ടില്ലായിരുന്നുവെങ്കില്മാത്രം മറ്റൊരു നടനെ തേടിപ്പോകുമായിരുന്നു.
നിരവധി പോലീസ് വേഷങ്ങള്‍ പൃഥ്വി ചെയ്തിട്ടുണ്ട്. അതില്‍നിന്ന് വ്യത്യസ്തമായി വസ്ത്രധാരണത്തിലൊക്കെ പുതുമ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്. ഒരു ക്രൈം ഇന്‍വെസ്റ്റിഗേഷനാണ് കോള്‍ഡ്കേസ്. സ്വാഭാവിക രീതിയിലുള്ള അന്വേഷണമാണ്. സൂപ്പര്‍ ഹീറോ അല്ല എന്റെ നായകന്. സ്റ്റാര്‍ഡത്തിനുവേണ്ടി പ്രത്യേകമായി ഒന്നും ചെയ്തിട്ടുമില്ല. അത് പ്രതീക്ഷിച്ചുകൊണ്ട് ആരും സിനിമ കാണുകയുമരുത്.
? താരതമ്യേന താരങ്ങള്‍ കുറവാണോ ഈ ചിത്രത്തില്‍.
സിനിമയ്ക്ക് ആവശ്യമായ താരങ്ങള്‍ ഉണ്ട്. പൃഥ്വരാജും അതിഥി ബാലനും ലക്ഷ്മിപ്രിയ ചന്ദ്രമൗലിയും സുചിത്ര പിള്ളയും അലന്‍സിയറും അനില്‍ നെടുമങ്ങാടും ആത്മീയയും പൂജാ മോഹന്‍ദാസുമെല്ലാം ഇതിലെ അഭിനേതാക്കളാണ്. അവര്‍ക്കൊപ്പം ഒരുപിടി പുതുമുഖ താരങ്ങളുമുണ്ടാകും. ഒരു നവാഗത സംവിധായകനെന്ന നിലയില്‍ എനിക്ക് ചെയ്യാന്‍ കഴിയുന്ന ഒരു കാര്യം കൂടിയാണത്. അതില്‍ പലരും മലയാളസിനിമയിലെ നാളത്തെ വാഗ്ദാനങ്ങളാകാന്‍ കഴിവുള്ളവരാണ്.
? അനില്‍ നെടുമങ്ങാടിന്റെ ആകസ്മിക വിയോഗം ഈ സിനിമിയുടെ ഷൂട്ടിംഗ് കഴിഞ്ഞുപോയതിന് പിന്നാലെയായിരുന്നില്ലേ.
അതെ. അതാണ് ചിത്രീകരണത്തിനിടെ ഞങ്ങള്‍ നേരിട്ട ഏറ്റവും വലിയ ദുഃഖവും. അതൊരു നോവായി ഇപ്പോഴും ഉള്ളിലുണ്ട്.
മാന്‍കൈന്‍ഡ് ഫാര്‍മയുടെ പരസ്യചിത്രീകരണത്തിനിടയില്‍ മോഹന്‍ലാലിനോടൊപ്പം തനു ബാലക്
? പുതിയ പ്രൊജക്ടുകള്‍.
നല്ല തിരക്കഥകള്‍ കിട്ടണം. അതില്ലാതെ ചാടി പുറപ്പെട്ടിട്ട് ഒരു കാര്യവുമില്ല. അതിനുവേണ്ടിയുള്ള കാത്തിരിപ്പിലാണ് ഞാനും.
Recent Comments