ഒരു യമണ്ടന്‍ പ്രേകഥയ്ക്കുശേഷം ബി.സി. നൗഫല്‍ സംവിധാനം ചെയ്ത മൈ നെയിം ഈസ് അഴകന് മുഷിപ്പില്ലാതെ കാണാവുന്ന ചലച്ചിത്രമാണ്. ബിനു തൃക്കാക്കരയുടെ തിരക്കഥയില്‍ അദ്ദേഹംതന്നെ പ്രധാന കഥാപാത്രമാകുന്ന ചിത്രം കൂടിയാണിത്. അപകര്‍ഷതാബോധമുള്ള കഥാപാത്രങ്ങളെയും പരുക്കനായ അച്ഛന് വേഷങ്ങളെയും അനവധി കണ്ടിട്ടുണ്ടെങ്കിലും ബിനു തൃക്കാക്കരയുടെ മകന്വേഷവും ജാഫര്‍ ഇടുക്കിയുടെ അച്ഛന്‍വേഷവും അതില്‍നിന്നൊക്കെ വിഭിന്നമാകുന്നത് അവരുടെ മികച്ച പ്രകടനംകൊണ്ട് തന്നെയാണ്. അമ്മയായി വേഷമിട്ട ജോളി ചിറയത്തും, നായികയായി വേഷമിട്ട ശരണ്യ ആര്. നായരും ഓര്‍മ്മയില്‍ കുടിയേറുന്ന കഥാപാത്രങ്ങളാണ്. ബൈജു എഴുപുന്നയുടെ കോമഡിട്രാക്കായ സോഡാനാരങ്ങാസര്ബത്ത് പ്രേക്ഷകരെ അത്യധികം ആകര്‍ഷിക്കുന്നുണ്ട്.
സ്വന്തം രൂപത്തിലും പേരിലും അപകര്‍ഷതാബോധമുള്ള ഒരാള്‍ ഒടുവില്‍ വിജയസോപനത്തില് എത്തുന്നിടത്താണ് ചിത്രം അവസാനിക്കുന്നത്. നല്ലൊരു സന്ദേശവും ചിത്രം സമ്മാനിക്കുന്നുണ്ട്. കോമഡി ട്രാക്കിലൂടെ മാത്രമല്ല അഴകന് സഞ്ചരിക്കുന്നത്, കുടുംബബന്ധങ്ങളുടെ വികാരങ്ങളും വിചാരങ്ങളും സരസമായി പറഞ്ഞുപോകുന്നുമുണ്ട്. ചിത്രത്തിലെ അവസാന രംഗങ്ങള്‍ ഈറനണിയിക്കും. ഓരോ ചിത്രങ്ങള്‍ പിന്നിടുമ്പോഴും ജാഫര്‍ ഇടുക്കി എന്ന നടന് സ്വയം രാകി മിനുസപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.
കുറെ പുതുമുഖങ്ങളെയും ഉള്‍പ്പെടുത്തി ചെറിയ ബജറ്റില്‍ മുഷിപ്പില്ലാതെ കണ്ടുരസിക്കാവുന്ന സിനിമതന്നെയാണ് മൈ നെയിം ഈസ് അഴകന്. സ്കൂള്‍കുട്ടികളുടെ വികൃതികളും ചെറിയ തമാശകളും മാത്രമല്ല, വികാരഭരിതമായ രംഗങ്ങളും നന്നായി ചിത്രീകരിച്ചിരിക്കുകയാണ് സംവിധായകന് ബി.സി. നൗഫല്‍. പാട്ടുരംഗങ്ങളും യുവഹൃദയങ്ങളെ ആകര്‍ഷിക്കുമെന്നുറപ്പ്. സിനിമ ഒരു എന്റര്ടെയിനറാണല്ലോ, ആ നിലയില്‍ അഴകനെയും പ്രേക്ഷകര്‍ ഏറ്റെടുക്കും.
Recent Comments