അമര്‍ അക്ബര്‍ അന്തോണി പ്രദര്‍ശനത്തിനെത്തിയതിന്റെ അഞ്ചാംവര്‍ഷം മറ്റൊരു ചിത്രത്തിന്റെ അനൗണ്‍സ്മെന്റ് നടത്തിയിരിക്കുകയാണ് നാദിര്‍ഷ.
നായകന് അമര്‍ അക്ബര്‍ അന്തോണിയിലെ അക്ബറാണ്. സാക്ഷാല്‍ ജയസൂര്യ. നായികയാവട്ടെ ജെസ്സി അഥവാ നമിതാപ്രമോദ്.
നാദിര്‍ഷയും ജയസൂര്യയും നമിതയും വീണ്ടും ഒന്നിക്കുന്ന ചിത്രം.
അമര്‍ അക്ബര്‍ അന്തോണിക്കുവേണ്ടി ക്യാമറ ചലിപ്പിച്ച സുജിത്ത് വാസുദേവാണ് ഇതിന്റെയും ക്യാമറാമാന്.
ഇത്തവണ പക്ഷേ നാദിര്‍ഷയ്ക്കുവേണ്ടി കഥയെഴുതുന്നത് സുനീഷ് വരനാടാണ്. മോഹന്‍ലാല്‍ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്താണ് സുനീഷ്. സുനീഷ്, നാദിര്‍ഷ ക്യാമ്പിലെ സ്ഥിരാംഗമാണ്. മുമ്പ് അമര്‍ അക്ബര്‍ അന്തോണിയുടെയും കട്ടപ്പനയിലെ ഋതിക് റോഷന്റെയും തിരക്കഥാചര്‍ച്ചകളില്‍ സജീവമായി സുനീഷുമുണ്ടായിരുന്നു. ഈ രണ്ട് ചിത്രങ്ങളില്‍ ചെറിയ വേഷവും സുനീഷ് ചെയ്തിട്ടുണ്ട്.
ഇക്കഴിഞ്ഞ ഓണത്തിന് സൂര്യ ടിവിക്കുവേണ്ടി ചെയ്ത മധുരപതിനെട്ടില്‍ കൊച്ചി എന്ന പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ എത്തുമ്പോഴാണ് നാദിര്‍ഷ സുനീഷിനോട് വളരെ കാഷ്വലായി ആ ചോദ്യമെറിഞ്ഞത്.
‘നിന്റെ കയ്യില്‍ ചെറിയ കഥ വല്ലതുമുണ്ടോടാ? ഈ ലോക്ഡൗണ്‍ കാലത്ത് നമുക്കും എന്തെങ്കിലുമൊക്കെ ചെയ്യണ്ടേ.’
ആ സമയം തന്റെ മനസ്സിലുണ്ടായിരുന്ന ഒരു കഥ സുനീഷ് നാദിര്‍ഷയോട് പറഞ്ഞു. ‘ഇത് കൊള്ളാമല്ലോ, നീ എഴുതിക്കോ.’ നാദിര്‍ഷ അനുവാദവും കൊടുത്തു. അങ്ങനെ തിരക്കഥയുമെഴുതി. ജയസൂര്യയോട് കഥ പറയാന്‍ നാദിര്‍ഷ തന്നെയാണ് സുനീഷിനെ അയച്ചത്. ജയനും കഥ ഇഷ്ടമായി. അതോടെ അതൊരു പ്രോജക്ടായി മാറാന്‍ അധികം സമയമൊന്നും വേണ്ടിവന്നില്ല.
സിനിമയുടെ ടൈറ്റില്‍ അനൗണ്‍സ് ചെയ്തിട്ടില്ല. രണ്ടോളം പേരുകള്‍ നിലവിലുണ്ട്. ഒഫീഷ്യല്‍ അനൗണ്‍സ്മെന്റ് വൈകാതെ ഉണ്ടാവും. നവംബറില്‍ ഷൂട്ടിംഗ് തുടങ്ങും.
‘ഒരു നാദിര്‍ഷ ചിത്രത്തിനുവേണ്ട എല്ലാ ചേരുവകളും ഈ സിനിമയിലും ഉണ്ടാകും. പറയാനധികമൊന്നുമില്ലാത്ത ഒരു കൊച്ചു സിനിമയാണിത്.’ കൂടുതലൊന്നും വെളിപ്പെടുത്താനാവില്ലെന്ന സൂചനയോടെ സുനീഷ് പറഞ്ഞു. സൗബിന് ഷാഹിറിനെ നായകനാക്കി ചെയ്യുന്ന ഒരു സിനിമയുടെ തിരക്കഥാരചനയിലാണ് സുനീഷിപ്പോള്.
അരുണ്‍ നാരായണ്‍ ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ബാദുഷയാണ് പ്രൊഡക്ഷന്‍ കണ്ട്രോളര്. സലീംകുമാറും ശ്രദ്ധേയമായൊരു വേഷം ചെയ്യുന്നു.
Recent Comments