‘മനോരമ സംഘടിപ്പിച്ച വേഷങ്ങള്‍ എന്ന പരിപാടിയുടെ മുഖ്യാതിഥി നമ്പൂതിരി സാറായിരുന്നു. ആ പരിപാടിയിലേയ്ക്ക് എന്നെയും ക്ഷണിച്ചിരുന്നു.
ലാലേട്ടന്റെ അഭിനയജീവിതത്തിലെ മികച്ച കഥാപാത്രങ്ങളെക്കുറിച്ച് ഫിലിം മേക്കേഴ്സ് അനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന ഒരു പരിപാടിയായിരുന്നു അത്. ഹോട്ടല്‍ ക്രൗണ്‍ പ്ലാസയായിരുന്നു വേദി.
ആ വേദിയില്‍വച്ച് ലാലേട്ടന്റെ ഇനി വരാനിരിക്കുന്ന കഥാപാത്രങ്ങളെക്കുറിച്ചും ചര്‍ച്ചയുണ്ടായി. അതിലൊന്ന് രണ്ടാമൂഴത്തിലെ ഭീമനായിരുന്നു. രണ്ടാമൂഴത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞ് അതിന്റെ പ്രീപ്രൊഡക്ഷന് നടക്കുന്ന നാളുകളായിരുന്നു അത്.
എം.ടി. സാറിന്റെ രണ്ടാമൂഴം എന്ന നോവലിന് വേണ്ടി കാരിക്കേച്ചറുകള്‍ വരച്ചത് മുഴുവനും നമ്പൂതിരി സാറായിരുന്നല്ലോ. അതിലെ ഭീമന്റെ വരയ്ക്ക് ലാലേട്ടന്റെ ഛായായുണ്ടെന്ന് അഭിപ്രായമുണ്ടായി. അപ്പോള്‍തന്നെ ലൈവായി ലാലേട്ടന്റെ ഭീമന് വേഷം വരയ്ക്കാന്‍ ഒരാവശ്യവും ഉയര്‍ന്നു. പെട്ടെന്ന് സ്റ്റാന്റും പേപ്പറും ചാര്ക്കോളുമെത്തി. മൂന്ന് മിനിറ്റുകൊണ്ട് നമ്പൂതിരി സാര്‍ ലാലേട്ടന് അവതരിപ്പിക്കാന്‍ പോകുന്ന ഭീമനെ വരച്ചു. അവിടെവച്ച് അദ്ദേഹം അത് ലാലേട്ടന് സമ്മാനിക്കുകയും ചെയ്തു.
അന്ന് നമ്പൂതിരി സാറുമായി ഏറെ നേരം സംസാരിച്ചിരിക്കാന്‍ എനിക്ക് അവസരമുണ്ടായി. രണ്ടാമൂഴം ഷൂട്ട് ചെയ്യുന്നതിനുമുമ്പായി അദ്ദേഹത്തിന്റെ വരകളും റഫറന്‍സുമൊക്കെ എനിക്ക് തരാമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. നിര്‍ഭാഗ്യവശാല്‍ എനിക്ക് ആ ഭാഗ്യം ഉണ്ടായില്ല.
എന്നാല്‍ ഭാഗ്യം മറ്റൊരു രീതിയില്‍ എന്നെ തുണച്ചു. അന്ന് നമ്പൂതിരി സാര്‍ ലാലേട്ടന് സമ്മാനിച്ച ഭീമന്റെ കാരികേച്ചര്‍ ലാലേട്ടന് എനിക്ക് കൈമാറി. അതെന്റെ ഓഫീസില്‍ ഫ്രെയിം ചെയ്ത് ഞാന്‍ ഇന്നും സൂക്ഷിക്കുന്നു. ഇതിഹാസകാരനായ ആ ചിത്രകാരനെ ഓര്‍മ്മിക്കാന്‍ എനിക്ക് ആ ചിത്രംതന്നെ ധാരാളമാണ്.’ ശ്രീകുമാര്‍ മേനോന് കാന്‍ ചാനലിനോട് പറഞ്ഞു.
Recent Comments