കഴിഞ്ഞ ദിവസം നരേന് ഒരു വീഡിയോ അദ്ദേഹത്തിന്റെ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഡബ്ബിംഗ് സ്റ്റുഡിയോയിലെ ചില രസകരമായ മുഹൂര്‍ത്തങ്ങളാണ് അതിലുള്ളത്. അതിന്റെ വിശേഷങ്ങള്‍ അറിയാനായിട്ടാണ് നരേനെ വിളിച്ചത്. അദ്ദേഹം അപ്പോള്‍ ദുബായിലായിരുന്നു. വീഡിയോയുടെ പശ്ചാത്തലത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ നരേന് പറഞ്ഞുതുടങ്ങി.
‘ഓര്‍ഡിനറിയും മധുരനാരങ്ങയുമൊക്കെ സംവിധാനം ചെയ്ത നമ്മുടെ സുഗീതിന്റെ തമിഴ് ചിത്രമാണ് കുറള്‍. അതിന്റെ ഫുള്‍ ഷൂട്ടും ദുബായിലായിരുന്നു. ഇക്കഴിഞ്ഞ ജനുവരിയിലും ഫെബ്രുവരിയിലുമായിട്ടാണ് പൂര്‍ത്തിയായത്. അതിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ചെന്നൈയിലാണ് നടന്നത്. ഈ സിനിമയില്‍ ഒരു പ്രധാന വേഷം ചെയ്യുന്നത് ഫിലിപ്പൈന്‍സില്‍ നിന്നുള്ള ഒരു ആക്ട്രസ്സാണ്. ഷെറീസ് സീന്‍ എന്നാണ് അവരുടെ പേര്. അവരുള്‍പ്പെടുന്ന രംഗങ്ങളുടെ പോസ്റ്റ് പ്രൊഡക്ഷനുകള്‍ ദുബായില്‍ ചെയ്യേണ്ടിവന്നു. അതിനുവേണ്ടിയാണ് ഞാനും ദുബായിലെത്തിയത്. അതില്‍ ഞാനും ഷെറീനും അഭിനയിക്കുന്ന ഭാഗങ്ങള്‍ ഡബ്ബ് ചെയ്യുന്ന സീനുകളാണ് നിങ്ങള്‍ ആ വീഡിയോയില്‍ കണ്ടത്.’
‘കുറളിലെ ആദ്യത്തെ നാലഞ്ച് സീനുകളില്‍ അവര്‍ ഇംഗ്ലീഷിനോടൊപ്പം ഫിലിപ്പിനോസ് ഭാഷയും സംസാരിക്കുന്നുണ്ട്. ഡബ്ബിംഗിന് അവരെ സഹായിക്കുന്നതിന്റെ ഭാഗമായി എനിക്കും ആ ഭാഷ വക്രീകരിച്ച് സംസാരിക്കേണ്ടിവന്നു. ആ സിനിമയില്‍ ഓട്ടിസം ബാധിച്ച ഒരു കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിക്കുന്നത്. അയാള്‍ പുതുതായി താമസിക്കാന്‍ വരുന്ന വീട്ടില്‍നിന്ന് എപ്പോഴും ഒരു സ്ത്രീശബ്ദം കേള്‍ക്കാം. അത് ഇവരുടേതാണ്. ശബ്ദം മാത്രമേയുള്ളൂ. രൂപമില്ല. അത് പിന്നീട് കഥയിലേയ്ക്ക് നീളുന്ന മിസ്ട്രിയാണ് കുറള്‍.’
‘ഇവിടുത്തെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളും പൂര്‍ത്തിയായി. ഗോള്‍ഡന്‍ വിസയ്ക്കുവേണ്ടി അപേക്ഷിച്ചിരുന്നു. അതിന് കുറച്ചുദിവസംകൂടി കാത്തിരിക്കണമെന്നാണ് പറഞ്ഞത്. അത്രയും ദിവസം ഞാനിവിടെ ഉണ്ടാവില്ല. ഞാന്‍ ഉടനെ നാട്ടിലേയ്ക്ക് മടങ്ങും.’ നരേന് പറഞ്ഞു.
നജീബ് കാദിരി നിര്‍മ്മിക്കുന്ന കുറളിന്റെ ക്യാമറാമാന് വിവേക് മേനോനാണ്. നരേനെയും ഷെറീസ് സീനെയും കൂടാതെ ശ്രിന്ദ ശിവദാസ്, കനിഹ, ബാല ശരവണന്, കലി വെങ്കിട് എന്നിവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.
Recent Comments